ഡിവിഡണ്ട് ആശ്വാസ ധനമാകുമ്പോള്‍

0
1419
Investment growth
818794926

കമ്പനി ഓഹരികളില്‍ പണം നിക്ഷേപിക്കുന്നവര്‍ പ്രധാനമായും രണ്ടു തരം നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. ഓഹരിയുടെ വിലവര്‍ധനവ് വഴിയുണ്ടാകുന്ന മൂലധന ലാഭവും കമ്പനി നല്‍കുന്ന ലാഭവിഹിതം അഥവാ ഡിവിഡണ്ടുമാണ് പ്രസ്തുത നേട്ടങ്ങള്‍. ബോണസ് ഓഹരികളും അവകാശ ഓഹരികളും നിക്ഷേപകരെ സംബന്ധിച്ചടത്തോളം മികച്ച നേട്ടങ്ങളാണെങ്കിലും അവ രണ്ടും എല്ലാ നിക്ഷേപകര്‍ക്കും സാധാരണയായി ലഭിക്കണമെന്നില്ല. കമ്പനികള്‍ അവയുടെ പ്രവര്‍ത്തനം വഴി ഉണ്ടാക്കിയെടുക്കുന്ന ലാഭം പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കായാണ് ഉപയോഗിച്ചു വരാറുള്ളത്. റിസര്‍വിന്‍റെ രൂപത്തില്‍ ബിസിനസ്സിന്‍റെ തുടര്‍ന്നുള്ള വിപുലീകരണത്തിനും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതത്തിന്‍റെ രൂപത്തില്‍ വീതിച്ചു നല്‍കുവാനും. വിപണി കയറ്റത്തിന്‍റെ പാതയിലാണെങ്കില്‍ മൂലധന വളര്‍ച്ച വഴി മാത്രം മികച്ച ലാഭമെടുക്കാന്‍ സാധിക്കും. അതേസമയം ഏതെങ്കിലും കാരണത്താല്‍ വിപണി താഴോട്ടുവരുന്ന സാഹചര്യമാണെങ്കില്‍ മൂലധന വര്‍ധനവിനുള്ള സാധ്യത തല്‍ക്കാലത്തേക്കെങ്കിലും മങ്ങുകയും ചെയ്യും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിലനില്‍ക്കുന്ന സാഹചര്യം ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. ഡിവിഡണ്ടിന്‍റെ പ്രാധാന്യം കടന്നുവരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ ഡിവിഡണ്ട് നല്‍കുമ്പോള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം മൂലധന വര്‍ധനവ് ഉണ്ടായാലും ഇല്ലെങ്കിലും ഡിവിഡണ്ട് വഴി സ്ഥിരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തുക കൂടുതലായി ലഭിക്കുന്നു എന്നര്‍ഥം.

ഡിവിഡണ്ട് യീല്‍ഡ്

ഓഹരി ഉടമകള്‍ക്ക് കമ്പനിയില്‍ നിന്ന് ഡിവിഡണ്ടിന്‍റെ രൂപത്തില്‍ ലഭ്യമായ റിട്ടേണ്‍ എത്ര എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഡിവിഡണ്ട് യീല്‍ഡ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. നിക്ഷേപകന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിവിഡണ്ടും ഓഹരിയുടെ മാര്‍ക്കറ്റ് വിലയും തമ്മിലുള്ള താരതമ്യം എപ്രകാരമാണെന്ന് ഡിവഡണ്ട് യീല്‍ഡ് വഴി മനസ്സിലാക്കാം. സ്ഥിരതയാര്‍ന്ന ഡിവിഡണ്ട് യീല്‍ഡ് ഉള്ള കമ്പനികളുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും മറ്റു പല കാരണങ്ങളാല്‍ വിപണിയില്‍ പ്രതികൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ പോലും നിക്ഷേപകര്‍ക്ക് ആശ്വാസമായി അത്തരം കമ്പനികള്‍ ലാഭവിഹിതം എത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇവിടെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സ്ഥിരനിക്ഷേപങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന റിട്ടേണ്‍ കമ്പനികള്‍ നല്‍കുന്ന ഡിവിഡണ്ടുമായി താരതമ്യം ചെയ്യാതിരിക്കുക എന്നുള്ളതാണ്. ഉയര്‍ന്ന റിസ്ക് എടുത്ത് ഓഹരി നിക്ഷേപം വഴി ലഭിക്കുന്ന ഡിവിഡണ്ട് യീല്‍ഡ് താരതമ്യേന റിസ്ക് രഹിതമായ സ്ഥിരനിക്ഷേപങ്ങള്‍ നല്‍കി വരുന്ന റിട്ടേണിനേക്കാള്‍ കുറവായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൂലധന വര്‍ധനവ് വഴി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന നേട്ടമാണല്ലോ ഓഹരി നിക്ഷേപത്തിന്‍റെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം കമ്പനി മികച്ചതെങ്കില്‍ അവ നല്‍കി വരുന്ന ഡിവിഡണ്ടിനെ അധിക നേട്ടമായി പരിഗണിക്കാം, പ്രത്യേകിച്ച് ഓഹരി വിപണി താഴോട്ടുവരുന്ന കാലഘട്ടത്തില്‍.

ഉയര്‍ന്ന ഡിവിഡണ്ട് യീല്‍ഡുള്ള കമ്പനികള്‍ സാമ്പത്തികമായി ശക്തമാണെന്നും ബിസിനസ്സില്‍ ഉണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങളെ മറികടക്കുവാന്‍ അവയ്ക്ക് കഴിയുമെന്നുമാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. മാത്രമല്ല നിക്ഷേപകര്‍ക്ക് ഡിവിഡന്‍റിന്‍റെ രൂപത്തില്‍ ലഭിക്കുന്ന തുക വേറെയും നല്ല ഓഹരികളില്‍ നിക്ഷേപിച്ച് തങ്ങളുടെ പോര്‍ട്ട്ഫോളിയോ കൂടുതല്‍ ശക്തമാക്കുകയും ചെയ്യാം.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ഡിവിഡണ്ട് അടിസ്ഥാനമാക്കി ഡിവിഡണ്ട് യീല്‍ഡിന്‍റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏതാനും കമ്പനികളുടെ വിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. ഇവയില്‍ മിക്കവാറും എല്ലാ കമ്പനികളും മുന്‍ വര്‍ഷങ്ങളിലും നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട ഡിവിഡണ്ട് നല്‍കിയവയാണ്. അതേസമയം ഇവയുടെ ഓഹരിവിലകളില്‍ വര്‍ധനവുണ്ടായോ ഇല്ലയോ എന്നതുള്‍പ്പെടെ മറ്റ് സംഖ്യാ വിശകലനങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്.

First published in Malayalamanorama