ഫോളോഓണ്‍ പബ്ലിക് ഓഫര്‍

0
1080

ചോ: ഐ പി ഒ പോലെ സര്‍വസാധാരണമായല്ലെങ്കിലും വിപണിയില്‍ ഇടയ്ക്കൊക്കെ കേട്ടുവരാറുള്ള ഒരു പദമാണ് എഫ് പി ഒ അഥവാ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍. എന്താണ് എഫ് പി ഒ?

ഉ: സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും ഓഹരികള്‍ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് എഫ് പി ഒ എന്ന പേരിലറിയപ്പെടുന്നത്. എഫ് പി ഒ വഴി സമാഹരിക്കപ്പെടുന്ന അധിക മൂലധനം ബിസിനസ്സ് വിപുലീകരണത്തിനോ കടങ്ങള്‍ തീര്‍ക്കുവാനോ പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്കായി ചിലവിടാനോ മറ്റുമൊക്കെ ഉപയോഗിക്കപ്പെടുന്നു. റൈറ്റ്സ് ഇഷ്യു അഥവാ അവകാശ ഓഹരികള്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് മാത്രമായാണ് അനുവദിക്കുന്നതെങ്കില്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫറിനായി പൊതുജനങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. സാധാരണ ഗതിയില്‍ എഫ് പി ഒക്കായി നിശ്ചയിക്കുന്ന വില ഓഹരിയുടെ വിപണി വിലയേക്കാള്‍ അല്‍പം താഴ്ന്ന നിരക്കിലാകാറുള്ളതിനാല്‍ എഫ് പി ഒ വഴി ഓഹരികള്‍ കരസ്ഥമാക്കി വൈകാതെ തന്നെ വിപണിയില്‍ വിറ്റുമാറി റിസ്കില്ലാതെ ചെറിയ തോതില്‍ ലാഭമെടുക്കാനുള്ള ചാന്‍സും നിക്ഷേപകര്‍ക്ക് വന്നു ചേരാറുണ്ട്.
പ്രധാനമായും രണ്ടു രീതിയിലാണ് എഫ് പി ഒകള്‍ പുറത്തിറങ്ങാറുള്ളത്. കമ്പനി പുത്തന്‍ ഓഹരികള്‍ പുറത്തിറക്കുന്ന ഡയല്യൂട്ടഡ് എഫ് പി ഒയും നിലവിലെ ഓഹരി ഉടമകളായ സ്ഥാപകര്‍, പ്രൊമോട്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍ മുതലായവര്‍ തങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ പബ്ലിക്കിന് വിറ്റുമാറുന്ന നോണ്‍ ഡയല്യൂട്ടഡ് എഫ് പി ഒയും. ആദ്യത്തേതില്‍ കമ്പനിയുടെ ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മൂലധന ഘടനയില്‍ വ്യത്യാസം വരുന്നു. കൂടാതെ കമ്പനിയുടെ ഇ പി എസില്‍ കുറവും സംഭവിക്കുന്നു. എന്നാല്‍ നോണ്‍ ഡയല്യൂട്ടഡ് എഫ് പി ഒയില്‍ നിലവിലുള്ള ഓഹരികളുടെ കൈമാറ്റം മാത്രമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഓഹരികളുടെ ആകെ എണ്ണത്തില്‍ വര്‍ധനവ് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, ഇ പി എസിലും മറ്റും കുറവും സംഭവിക്കുന്നില്ല. വിവിധ വിഭാഗങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഓഹരിഘടനയില്‍ മാത്രമാണ് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നത്.

ചോ: ഐ പി ഒയും എഫ് പി ഒയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ വിശദീകരിക്കാമോ?
ഉ:ഐ പി ഒ കമ്പനികള്‍ ആദ്യമായി ഓഹരികള്‍ പുറത്തിറക്കുന്നത് ഐ പി ഒ വഴിയാണ്
ഐ പി ഒ ഇറക്കുന്ന കമ്പനിയുടെ വാല്യുവേഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് വിലയുടെ ബാന്‍ഡ് നിശ്ചയിക്കുന്നത്.
പുത്തന്‍ ഓഹരികളാണ് നിക്ഷേപകര്‍ക്ക് ഐ പി ഒ മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുന്നത്.
കമ്പനിയുടെ ഓഹരി മൂലധനം ഐ പി ഒ വഴി വര്‍ധിക്കുന്നു.
കമ്പനിയുടെ യഥാര്‍ഥ വാല്യൂവേഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇഷ്യു വില ചിലപ്പോള്‍ ഉയര്‍ന്നതായരിക്കാം.
കമ്പനിയുടെ മുന്‍കാല പ്രകടനത്തെക്കുറിച്ച് അറിവില്ലാത്തതിനാലും ബന്ധപ്പെട്ട ഡാറ്റ പലപ്പോഴും ലഭ്യമല്ലാത്തതിനാലും ഐ പി ഒ നിക്ഷേപത്തിന് തനതായ റിസ്കുണ്ടെന്ന് വിലയിരുത്താം.

എഫ് പി ഒ

ഐ പി ഒ നടന്നതിന് ശേഷമാണ് കമ്പനികള്‍ എഫ് പി ഒ പ്രഖ്യാപിക്കാറുള്ളത്.
ഓഹരിയുടെ നിലവിലെ വിപണി വില അടിസ്ഥാനമാക്കിയാണ് ഇഷ്യുവില നിര്‍ണയിക്കുന്നത്.
പുത്തന്‍ ഓഹരികളോ നിലവിലെ ഓഹരി ഉടമകള്‍ കൈവശം വെച്ചിരിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഓഹരികളോ ആയിരിക്കും നിക്ഷേപകര്‍ക്ക് ലഭ്യമാകുന്നത്.
ഓഹരി മൂലധനം വര്‍ധിക്കണമെന്നില്ല. (ഡയല്യൂട്ടഡ് എഫ് പി ഒ സമയത്ത് മാത്രം വര്‍ധിച്ചേക്കാം)
സാധാരണ നിലയില്‍ നിലവിലെ വിപണി വിലയേക്കാള്‍ കുറവായിരിക്കും ഇഷ്യു വില.
നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനി ആയതിനാല്‍ സംഖ്യാപരവും ഗുണപരവുമായ വിശകലനം സാധ്യമാണ്. ആയതിനാല്‍ എഫ് പി ഒ നിക്ഷേപത്തിന് താരതമ്യേന റിസ്ക് കുറവാണെന്ന് പറയാം.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here