നിങ്ങളുടെ ജീവിതം ആരുടെ തീരുമാനം

0
1412

എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് അടുത്തത് എന്ത് ചെയ്യണമെന്ന് പ്രത്യേകിച്ചു ഒരു ധാരണയും ഇല്ലാതിരിക്കുന്ന സമയം. രാവിലെ ഉറക്കമെഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയാല്‍ വഴിയില്‍ കാണുന്ന സുഹൃത്തുക്കളോടും നാട്ടുകാരോടും സംസാരിച്ച് സമയം കഴിക്കും. അതിനിടയ്ക്ക് ആരെങ്കിലും എങ്ങോട്ടെങ്കിലും പോകാനായി വിളിച്ചാല്‍ അവരുടെ കൂടെ പോകും. വിനോദയാത്രകള്‍, പച്ചക്കറി വണ്ടിയില്‍ കയറി പൊള്ളാച്ചി മാര്‍ക്കറ്റില്‍ പോക്ക്, കല്യാണവീട്ടില്‍ പലവക പണി എന്നിങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കികൊണ്ടിരുന്നു. അവന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അവനല്ല. അടുത്ത നിമിഷത്തെ അവന്‍റെ ജീവിതം തീരുമാനിച്ചിരുന്നത് സാമൂഹിക ശക്തികളാണ്. ചിലപ്പോള്‍ കൂട്ടുകാര്‍, നാട്ടുകാര്‍, ബന്ധുക്കള്‍, സാഹചര്യങ്ങള്‍, ചുരുക്കം ചിലപ്പോള്‍ മാത്രം മാതാപിതാക്കള്‍. അച്ഛനും അമ്മയ്ക്കും സര്‍ക്കാര്‍ ഉദ്യോഗമായിരുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ ശാന്ത സമുദ്രം പോലെ മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നു.
ഇനി മറ്റൊരു വ്യക്തിയെ പരിചയപ്പെടാം. ഡിഗ്രിക്ക് നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും മൂത്ത മകന് തുടര്‍ വിദ്യാഭ്യാസം കിട്ടാനായി വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പഠിത്തം നിര്‍ത്തി. അടുത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ചെറിയ ജോലിക്ക് കയറി. ശേഷം ഒഴിവുദിവസങ്ങളില്‍ പഠിക്കാന്‍ പോയി പി.ജി. പൂര്‍ത്തിയാക്കി. പിന്നീട് കഠിന പ്രയത്നത്തിലൂടെ ഒരു സര്‍ക്കാര്‍ ഉദ്യോഗവും കരസ്ഥാമാക്കി. ഏട്ടനെക്കാളും നല്ല നിലയിലാണ് ഇന്ന് അനുജന്‍റെ ജീവിതം.

തീരുമാനം നിങ്ങളുടേത്
നമ്മുടെ നാളെയുടെ ശില്‍പികള്‍ നാം തന്നെയാണ്. സമൂഹത്തില്‍ നമ്മെ സമീപിക്കുന്ന ഭൂരിഭാഗം ആളുകളും അവരുടെ കാര്യങ്ങള്‍ നടത്താനായിട്ടായിരിക്കും ഉദ്ദേശിക്കുന്നത്. നമ്മെ ഉപയോഗിച്ച് അവര്‍ക്ക് എങ്ങനെ പണമുണ്ടാക്കാം, അധ്വാനം കുറയ്ക്കാം, പഴി ചാരിവെയ്ക്കാം എന്നൊക്കെ ചിന്തിക്കുന്നവരാണ് ഏറെയും. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിക്കാന്‍, അത് നമ്മുടെ പ്രയോജനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ വ്യക്തമായ പ്ലാനിങ് ആവശ്യമാണ്.
നാമെല്ലാവരും ആരുടെയെങ്കിലും ബിസിനസ്സ് പ്ലാനിന്‍റെ ഭാഗമാണ്. നാം വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും, സിനിമ കാണുമ്പോഴും, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോഴും ജോലികള്‍ ചെയ്യുമ്പോഴും, ഉറങ്ങുമ്പോഴും വരെ ആരുടെയൊക്കെയോ ബിസിനസ് പ്ലാനിന്‍റെ ഭാഗമാകുന്നുണ്ട്. എണ്ണമറ്റ അവസരങ്ങളില്‍ നാം ഉപഭോക്താവായി മാറുന്നുണ്ട്. നമ്മുടെ ജീവിതം പ്ലാന്‍ ചെയ്യുമ്പോഴും ഇതേ രീതിയിലുള്ള കണക്കുകൂട്ടലുകള്‍ നമുക്കുണ്ടാകണം. സ്വയം ചൂഷണം ചെയ്യപ്പെടുന്ന അവസരങ്ങള്‍ മനസ്സിലാക്കി അവയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതുപോലെ പ്രധാനപ്പെട്ടതാണ് ചതിക്കുഴികള്‍ തിരിച്ചറിയുക എന്നത്. നാം എടുക്കുന്ന തീരുമാനം നമുക്ക് ഗുണകരമാകുമോ അതോ, അത് മറ്റാരുടെയോ ഗുണത്തിനായിട്ടുള്ളതാണോ എന്ന് തിരിച്ചറിയണം.

അനുയോജ്യമായത് തിരഞ്ഞെടുക്കാം, നേടാന്‍ ശ്രമിക്കാം
നാം നമ്മുടെ ജീവിതം നല്ല രീതിയില്‍ മുന്‍പോട്ടു കൊണ്ടുപോകാനും, പുരോഗതി പ്രാപിക്കാനും എന്ത് തീരുമാനങ്ങള്‍ എടുക്കണമെന്നത് അത്യന്തം പ്രധാനമാണ്. അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് അടിസ്ഥാനപരമായി നാം ചെയ്യേണ്ട കാര്യം. ചുറ്റുമുള്ള പ്രലോഭനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് നാം നടപ്പാക്കാനാഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തണം. ജോലിക്കായുള്ള കൂടിക്കാഴ്ചയ്ക്ക് ഇറങ്ങി പിന്നീട് സുഹൃത്തുക്കളുടെ കൂടെ അവരുടെ ആവശ്യത്തിനായി കൂടെപ്പോകരുത്. ഏതൊരാവശ്യത്തിനായി സമയം ചിലവഴിക്കുമ്പോഴും അതുകൊണ്ട് ജീവിതത്തില്‍ പ്രതികൂലമായ അനുഭവങ്ങള്‍ ഉണ്ടാകുമോ എന്ന് വിശകലനം ചെയ്യണം. വിനോദങ്ങള്‍ മാറ്റിവെയ്ക്കുക എന്നല്ല മേല്‍പ്പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്‍റെ അനന്തരഫലങ്ങളും ഗുണങ്ങളും അറിഞ്ഞിരിക്കണം.

നിക്ഷേപങ്ങളിലും ധനപരമായ തീരുമാനങ്ങളിലും ഈയൊരു കാര്യത്തിന് വളരെയേറെ
പ്രസക്തിയുണ്ട്. നിങ്ങളെ സമീപിക്കുന്ന നിക്ഷേപകാര്യ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെയ്ക്കുന്ന സ്കീമുകള്‍ക്ക് നിങ്ങളുടെ ജീവിതത്തെ ഏതു ദിശയിലേക്കും നയിക്കാനുള്ള കഴിവുണ്ട്. പ്രലോഭനങ്ങളില്‍ വീണു തെറ്റായ തീരുമാനങ്ങള്‍ എടുക്കാതെ സമയമെടുത്തു ചിന്തിച്ചു വിശകലനം ചെയ്തിട്ട് മാത്രം ഏതൊരു തീരുമാനവും എടുക്കുന്നതാണ് നല്ലത്.
പ്ലാന്‍ ആരുടേത്?
നിങ്ങളുടെ ജീവിതത്തിന്‍റെ ഗതി നിയന്ത്രിക്കുന്നത് ആരായിരിക്കണം? അത് നിങ്ങള്‍ തന്നെ ആയിരിക്കണം. നാം നന്നായിക്കാണുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എത്രപേര്‍ ഉണ്ടാകും? നമുക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടണമെന്നും വ്യക്തമായ ധാരണയും പ്ലാനും നമുക്കുണ്ടാകണം. നമ്മുടെ ജീവിതം മറ്റൊരാളുടെ പ്ലാനാകരുത്. ഓരോ വ്യക്തിക്കും തന്‍റെ ജീവിതം തനിക്കിഷ്ടമുള്ള രീതിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. അതില്‍ വ്യക്തിപ്രഭാവം അനുവദിച്ചുകൂടാ. വ്യക്തിപ്രഭാവത്തിന്‍റെ ഭീകരമുഖം നാം കാണുന്നത് വിദ്യാഭ്യാസം, വിവാഹം, നിക്ഷേപം, എന്നീ കാര്യങ്ങളിലാണ്. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോഴ്സുകള്‍, തെറ്റായ വിവരം വിളമ്പിക്കൊണ്ടുള്ള വിവാഹ ആലോചനകള്‍, പ്രധാനപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള നിക്ഷേപ പ്രലോഭനങ്ങള്‍ എന്നിങ്ങനെ ലിസ്റ്റ് നീളും. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങളാവണം. അതിന്‍റെ നിയന്ത്രണം മറ്റൊരാള്‍ക്ക് കൊടുക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here