നികുതിയിളവിനായി തിരഞ്ഞെടുക്കാം ഇഎല്‍എസ്എസ് പദ്ധതികള്‍

0
2193
tax regimes

നികുതിയിളവ് ലഭിക്കുന്നതിനുവേണ്ടി എവിടെ നിക്ഷേപിക്കണം എന്ന ചിന്തയിലാവും മിക്കവരും. ഇന്‍കം ടാക്സ് ആക്ട് 1961 പ്രകാരം സെക്ഷന്‍ 80സിയില്‍ നിക്ഷേപിച്ചാല്‍ 150000 രൂപ നികുതിയിളവുണ്ട് എന്ന കാര്യം പലര്‍ക്കും അറിയാമെങ്കിലും ഇതില്‍ ഏതാണ് മികച്ചത് എന്ന് തെരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പമാണ്. ഇന്ന് പലരെയും പ്രത്യേകിച്ച് പുതുതലമുറയെ ആകര്‍ഷിക്കുന്ന നിക്ഷേപ പദ്ധതിയാണ് ഇക്വിറ്റി ലിംക്ഡ് സേവിങസ് സ്കീം അഥവാ ഇഎല്‍എസ്എസ്. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന്‍റെ പ്രത്യേകതകള്‍ മനസ്സിലാക്കാതെയാണ് മറ്റു പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്.

ഓഹരി വിപണിയില്‍ ഈ അടുത്തകാലത്ത് ഉണ്ടായ കുതിപ്പ് കണ്ട് ആവേശഭരിതരായി ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ധാരാളം പേര്‍ ആകര്‍ഷിക്കപ്പെടുന്ന സമയമാണ്. ഇതില്‍ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്ന പദ്ധതിയാണ് മ്യൂച്ചല്‍ ഫണ്ട്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതി ആയിട്ടാണ് ഇതിനെ പൊതുവേ കണക്കാക്കുന്നത്. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ നികുതിയിളവിനു കൂടി പരിഗണിക്കുന്ന വിഭാഗമാണ് ഇഎല്‍എസ്എസ് ഫണ്ടുകള്‍. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ സെക്ഷന്‍ 80സി പ്രകാരം 150000 രൂപ വരെ നികുതിയിളവ് നേടിയെടുക്കാനാകും. നികുതി ഇളവിന് നല്‍കുന്ന മറ്റു പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നതാണ
ഇതിന്‍റെ പ്രത്യേകത.

നികുതിയിളവ് നല്‍കുന്ന മറ്റു നിക്ഷേപങ്ങളായ ബാങ്ക് സ്ഥിരനിക്ഷേപം, പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികള്‍ ഒരു നിശ്ചിത ശതമാനം വളര്‍ച്ചാ നിരക്ക് നല്‍കുമ്പോള്‍ നിരക്ക് പ്രവചനാതീതമാണ് എന്നത് ഈ പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേകത ഒരു നേട്ടമായി കാണുന്നതോടൊപ്പം ഇതുമൂലം ഉള്ള ദോഷവശങ്ങള്‍ കൂടി ഈ നിക്ഷേപം തെരഞ്ഞെടുപ്പ് മുമ്പ് അറിഞ്ഞിരിക്കേണ്ടതാണ്. മറ്റു നിക്ഷേപ പദ്ധതികള്‍ ഒരു നിശ്ചിത ശതമാനം വളര്‍ച്ച ഉറപ്പു നല്‍കുമ്പോള്‍ ഇഎല്‍എസ്എസ് പദ്ധതി ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് നീങ്ങുന്നതുകൊണ്ട് വളര്‍ച്ച നിരക്കില്‍ ഉറപ്പു നല്‍കാന്‍ സാധിക്കില്ല.

ഓഹരി വിപണി നഷ്ടം നേരിടുന്ന സമയത്ത് ഈ പദ്ധതിയിലുള്ള നിക്ഷേപത്തിനും കോട്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ദീര്‍ഘകാലയളവിലേക്കുള്ള നിക്ഷേപം ആയതു കൊണ്ട് വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് മികച്ച വളര്‍ച്ച കിട്ടുന്നതായിട്ടാണ് മുന്‍കാല വളര്‍ച്ച പരിശോധിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. വിപണിയില്‍ സമീപകാലത്തുണ്ടായ കുതിപ്പ് മൂലം കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി വളര്‍ച്ച 15 ശതമാനമാണ് എങ്കില്‍ അഞ്ചുവര്‍ഷത്തെ വളര്‍ച്ച ഒന്‍പത് ശതമാനമാണ്. പത്തുവര്‍ഷത്തെ ശരാശരി വളര്‍ച്ച 13.75 ശതമാനവും ആണ്. ഈ കണക്കുകള്‍ നോക്കിയാല്‍ മറ്റു നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി മികച്ച വളര്‍ച്ച ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ നല്‍കുന്നു എന്നാണ് മനസ്സിലാകുന്നത്.

മറ്റു നികുതിയിളവുകള്‍ നല്‍കുന്ന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക്കിന്‍ പിരീഡ് കുറവാണ് എന്നതാണ് ഇഎല്‍എസ്എസ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മറ്റു പദ്ധതികളിലെ നിക്ഷേപങ്ങള്‍ അഞ്ചുവര്‍ഷത്തിന് മുകളിലാണ് പിന്‍വലിക്കാന്‍ പറ്റുന്ന കാലയളവ് എങ്കില്‍ ഇഎല്‍എസ്എസ് പദ്ധതിക്ക് മൂന്ന് വര്‍ഷം വരെ മാത്രം കാത്തിരുന്നാല്‍ മതി. മൂന്നുവര്‍ഷം കഴിയുമ്പോള്‍ തുക പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍ നിക്ഷേപകന് താല്‍പര്യമുള്ള കാലത്തോളം ഈ നിക്ഷേപം തുടരാമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് ഒരു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ലാഭത്തിന് 10% ആയിരിക്കും നികുതി. റിസ്ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് നാണ്യപ്പെരുപ്പത്തെ മറികടക്കുന്ന മികച്ച വളര്‍ച്ച ലഭിക്കാന്‍ സാധ്യതയുള്ള ഇഎല്‍എസ്എസ് നിക്ഷേപം നികുതിയിളവിനു വേണ്ടി പ്രയോജനപ്പെടുത്താവുന്നതാണ്.

First published in Mangalam