സോവറിന്‍ ഗോള്‍ഡ് ബോണ്ട്: മികച്ച ഒരു നിക്ഷേപ പദ്ധതി

0
1322
Sovereign Gold Bond

മലയാളികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിനേട് വളരെ താല്പര്യമാണ.് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ അവരുടെ വിവാഹം മുന്നില്‍ക്കണ്ട് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത് സര്‍വ്വസാധാരണമാണ്. സ്വര്‍ണ്ണവില ഓരോ ദിവസവും ഉയര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ ഒരു നിക്ഷേപമായും വിവാഹം പോലുള്ള ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള കരുതലായും സ്വര്‍ണ്ണം വാങ്ങിക്കുന്നവരാണ് ഏറെയും. പലപ്പോഴും ആഭരണങ്ങള്‍ ആയോ സ്വര്‍ണ്ണ ബാറുകള്‍ ആയോ നാണയങ്ങള്‍ ആയോ ആണ് സ്വര്‍ണം വാങ്ങി സൂക്ഷിക്കുക. ഇവ സൂക്ഷിക്കുന്നതിന് വേണ്ടി ലോക്കറുകളെ ആശ്രയിക്കേണ്ടതായിട്ട് വരും. ഇതിനു വീണ്ടും പണം മുടക്കേണ്ട സ്ഥിതിയാണ് ഉള്ളത്. കൂടാതെ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഉണ്ടാകാനിടയുള്ള പണിക്കൂലിയും മറ്റും വേറെ.

ഈ ചിലവുകളും ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ സ്വര്‍ണ്ണ നിക്ഷേപം നടത്താന്‍ സാധിക്കുന്ന ഒരു നിക്ഷേപമാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഭൂരിഭാഗം ആളുകള്‍ക്കും സ്വര്‍ണ്ണ നിക്ഷേപത്തോട് താല്‍പ്പര്യമുണ്ടെങ്കിലും സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നവര്‍ വിരളമാണ്. ആഭരണമായോ നാണയങ്ങളായോ സ്വര്‍ണ്ണ നിക്ഷേപം നടത്തുന്നതുപോലെ തന്നെ നിക്ഷേപമാര്‍ഗമായി ഇത്തരം ബോണ്ടുകള്‍ വാങ്ങിക്കാവുന്നതാണ്. വിപണിയിലെ വിലയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇത്തരം ബോണ്ടുകളുടെ യൂണിറ്റുകളുടെ വില നിശ്ചയിക്കുന്നത.് അതായത് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് (ഐബിജെഎ) പ്രസിദ്ധീകരിക്കുന്ന 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്‍റെ ബോണ്ടുകള്‍ വില്‍പ്പന ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പുള്ള അവസാനത്തെ മൂന്നു ദിവസത്തിന്‍റെ ശരാശരി തുകയായിരിക്കും ഒരു യൂണിറ്റ് അല്ലെങ്കില്‍ ഒരു ഗ്രാമിന്‍റെ വിലയായി നിശ്ചയിക്കുന്നത്. 5041, 5091, 5409, 5611 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാല് തവണകളിലെ ഒരു ഗ്രാമിന്‍റെ വില.
ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ഗവണ്‍മെന്‍റ് ആണ് ഇത്തരം ബോണ്ടുകള്‍ ഇറക്കുന്നത്. ഒരു വര്‍ഷത്തില്‍ സാധാരണ നാല് തവണകളായാണ് ബോണ്ട് ഇറക്കുന്നത്. ഓരോ തവണയിലും 5 ദിവസം മാത്രമായിരിക്കും ബോണ്ട് വാങ്ങിക്കാന്‍ സാധിക്കുന്ന സമയം. ഈ പരിധിക്കുള്ളില്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്‍റെ വില്‍പ്പന തീയതി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യതവണ 2023 ജൂണ്‍ 19 മുതല്‍ 23 വരെയും രണ്ടാം തവണ 2023 സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയും ആയിരിക്കും. മറ്റുതവണകളുടെ തീയതികള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതില്‍ ഇന്നുമുതല്‍ തുടങ്ങുന്ന ബോണ്ടിന്‍റെ വില 5926 രൂപയാണ്. ഓണ്‍ലൈനായി വാങ്ങിക്കുന്നവര്‍ക്കായി ആര്‍ബിഐ 50 രൂപ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. അതായത് ഇത്തരം നിക്ഷേപങ്ങള്‍ക്ക് 5876 രൂപ ഒരു ഗ്രാമിന് നല്‍കിയാല്‍ മതി.

നിക്ഷേപിക്കുന്നതിന് മുമ്പ് ഈ നിക്ഷേപ പദ്ധതി നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ക്കും നിക്ഷേപ താല്‍പര്യങ്ങള്‍ക്കും അനുയോജ്യമാണോ എന്ന് പരിശോധിച്ചു വേണം നിക്ഷേപിക്കാന്‍. എട്ടുവര്‍ഷം നിക്ഷേപ കാലാവധിയുള്ള ഈ നിക്ഷേപത്തില്‍ പരമാവധി നാല് കിലോ സ്വര്‍ണം വരെ നിക്ഷേപിക്കാന്‍ ആകും. നിക്ഷേപത്തിന്‍റെ മൂല്യത്തില്‍ ഉണ്ടാകാനിടയുള്ള വര്‍ദ്ധനവ് കൂടാതെ 2.5 ശതമാനം പലിശ കൂടി നിക്ഷേപത്തിന് ലഭിക്കും എന്നുള്ളതാണ് ഈ നിക്ഷേപത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത.് എട്ടു വര്‍ഷമാണ് ഈ ബോണ്ടിന്‍റെ നിക്ഷേപ കാലാവധി എങ്കിലും അഞ്ചുവര്‍ഷം തൊട്ട് ആവശ്യമെങ്കില്‍ പിന്‍വലിക്കാവുന്നതാണ്. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നികുതി വിധേയമാണെങ്കിലും ഇതില്‍ നിന്ന് ഉണ്ടാകാന്‍ ഇടയുള്ള വളര്‍ച്ചയ്ക്ക് നികുതി ഇളവ് ലഭിക്കുന്നുണ്ട.് അതുകൊണ്ടുതന്നെ നികുതി ലാഭിക്കാന്‍ സാധിക്കുന്ന ഒരു നിക്ഷേപമായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്.
ആകെ നിക്ഷേപത്തില്‍ സ്വര്‍ണ്ണ നിക്ഷേപം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷ, നികുതിയിളവ് എന്നിവ പരിഗണിക്കുമ്പോള്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് മികച്ച നിക്ഷേപ പദ്ധതിയാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here