വിപണി 2022

0
2388
creative idea.Concept of idea and innovation.New Concept 2022, merry Christmas and happy new year 2022concept.

എല്ലാവര്‍ക്കും എന്‍റേയും ജിയോജിത്തിന്‍റെയും പുതുവത്സരാശംസകള്‍! ഈ വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ വെളിച്ചവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
പുതിയ വര്‍ഷം വിപണിയെ സംബന്ധിച്ചിടത്തോളം കുറെ സാധ്യതകളും അതു പോലെ തന്നെ വെല്ലുവിളികളും നിറഞ്ഞതായിരിക്കും. ഇന്ത്യ എന്ന രാജ്യത്തിന്‍റെ ത്വരിത വികസന സാധ്യതയാണ് അതില്‍ ഏറ്റവും പ്രധാനം. ഇത് മറ്റ് വികസ്വര രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോളാണ്. ഐ.ടി അടക്കമുള്ള പല മേഖലയിലും ഇന്ത്യയുടെ ആധിപത്യം വരും വര്‍ഷങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കും. രൂപയുടെ മൂല്യത്തില്‍ പ്രതീക്ഷിക്കുന്ന ഇടിവും, ആഗോള തലത്തില്‍ രാഷ്ട്രീയ സാമൂഹിക വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് എല്ലായ്പ്പോഴും ആശ്വാസമേകാന്‍ ഏതെങ്കിലും ആസ്തിവര്‍ഗ്ഗം ഉണ്ടാകും. നമുക്കൊന്ന് പരിശോധിക്കാം.
പ്രതീക്ഷകള്‍
പണപ്പെരുപ്പം കൂടിത്തന്നെ തുടരാന്‍ സാധ്യത ഉള്ളതിനാല്‍ പണപ്പെരുപ്പത്തിന് മുകളില്‍ സഞ്ചരിക്കാന്‍ കെല്‍പ്പുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരും. കഴിഞ്ഞ കുറേ മാസങ്ങളായി സ്വര്‍ണ്ണം നിറം മങ്ങിയ നിലയില്‍ ആണെങ്കിലും വിപണിയിലെ വെല്ലുവിളികള്‍ ഭാവിയില്‍ സ്വര്‍ണ്ണത്തിന് കരുത്ത് പകര്‍ന്നേക്കാം. മാത്രമല്ല ഗവണ്മെന്‍റ് ബോണ്ടുകളും അടുത്ത വര്‍ഷം പണപ്പെരുപ്പത്തേക്കാള്‍ വരുമാനം നേടിത്തരാന്‍ സാധ്യതയുണ്ട്. ഓഹരി വിപണി അഭൂതപൂര്‍വമായ പ്രകടനം കാഴ്ചവെച്ച 2021 നെ താരതമ്യം ചെയ്യുമ്പോള്‍ 2022 അത്ര മികച്ച വര്‍ഷമായിരിക്കില്ല. എന്നിരുന്നാലും മികച്ച രീതിയില്‍ നിക്ഷേപം നിയന്ത്രിക്കുന്നവര്‍ക്ക് 10 ശതമാനത്തിന് മുകളില്‍ വരുമാനം നേടാന്‍ അവസരം ഉണ്ടാകും. കടപ്പത്രവിപണിക്ക് ഈ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ബാങ്കുകളുടെ കിട്ടാക്കടം കൂടി വരുന്ന സാഹചര്യത്തില്‍ അത് മറ്റ് കോര്‍പ്പറേറ്റ് ബോണ്ടുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചേക്കാം. ഇന്ത്യന്‍ വിപണി ആയാലും ആഗോള വിപണി ആയാലും തിരഞ്ഞെടുത്ത മേഖലകളിലും നിക്ഷേപങ്ങളിലും മാത്രമായി വരുമാനം ഒതുങ്ങും. തികച്ചും ഗവേഷണ വിശകലന അടിസ്ഥാനത്തിലുള്ള ഒരു നിക്ഷേപത്തിന് മാത്രമേ 2022ല്‍ നല്ല വളര്‍ച്ചക്ക് സാധ്യതയുള്ളൂ.

വെല്ലുവിളികള്‍
വെല്ലുവിളികളില്‍ പ്രധാനം രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളാണ്. റഷ്യയും ഉക്രൈനും തമ്മിലുളള പ്രശ്നങ്ങള്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ, തീവ്രവാദം, താലിബാന്‍റെ പുതിയ നീക്കങ്ങള്‍, ഇസ്രായേല്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ ആഗോളതലത്തില്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നു. ഊര്‍ജ്ജ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഗോള താപനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കൂടുതല്‍ പ്രാധാന്യം വിളിച്ചോതുന്ന വര്‍ഷമായിരിക്കും 2022. ഡല്‍ഹിയില്‍ നാം കണ്ടിട്ടുള്ളതുപോലെ മലിനീകരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ മുന്‍പുണ്ടായിട്ടില്ലാത്ത രീതിയിലുള്ള പരിഷ്കാരങ്ങള്‍ ഈ വര്‍ഷം കണ്ടേക്കാം. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ മാറ്റത്തിന്‍റെ വര്‍ഷങ്ങള്‍ പല സമ്പദ്വ്യവസ്ഥകള്‍ക്കും വെല്ലുവിളി നിറഞ്ഞതായിരിക്കും. കല്‍ക്കരി കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ത്യ, പെട്രോളിയം കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന ഗള്‍ഫ് നാടുകള്‍ എന്നിങ്ങനെ ചില രാജ്യങ്ങള്‍ക്ക് മാറ്റത്തിന്‍റെ ദിനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും.
അമേരിക്ക നേരിടുന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ നിലവിലുള്ള ഒരു പ്രശ്നം. ഇത് മൂലം 2022ല്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കമെടുത്താല്‍ അത് വികസ്വര രാജ്യങ്ങളെ ഒന്നടങ്കം ബാധിക്കും. 2023 വരെ നിരക്കില്‍ മാറ്റമില്ലാതെ നില നിര്‍ത്തും എന്ന് വാഗ്ദാനമുണ്ടെങ്കിലും ക്രമാതീതമായി ഉയരുന്ന പണപ്പെരുപ്പം മാറ്റിചിന്തിക്കാനും മുന്‍കരുതല്‍ എടുക്കാനും അമേരിക്കയെ പ്രേരിപ്പിച്ചേക്കാം. അങ്ങിനെ ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാല്‍ ഉണ്ടായേക്കാം. ഇന്ന് കാണുന്ന ഉയര്‍ന്ന വിലകളില്‍ നിന്നും യഥാര്‍ത്ഥ മൂല്യത്തിലേക്ക് തിരികെ വരാന്‍ വിപണി കാര്യങ്ങള്‍ തേടുമ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം. മധ്യവര്‍ഗ്ഗ ചെറുകിട ഓഹരികളാണ് ഏറ്റവും റിസ്ക് നേരിടുന്ന വിഭാഗം. ഭൂരിപക്ഷം ഓഹരികളും അവയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ പലമടങ്ങ് കൂടിയ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഇവയില്‍ത്തന്നെ ചെറിയൊരു ശതമാനം ഓഹരികള്‍മാത്രമാണ് നല്ല വിലനിലവാരത്തിലുള്ളത്.
പെട്രോളിന്‍റെയും ഡീസലിന്‍റെയും ഉയര്‍ന്ന വിലകള്‍ പണപ്പെരുപ്പത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ് 2022 ലെ പ്രധാനപ്പെട്ട മറ്റൊരു വെല്ലുവിളി. ഇന്ന് 4.93 ശതമാനത്തില്‍ നില്‍ക്കുന്ന നിരക്ക് ബേസ് എഫക്ടിന്‍റെ സഹായത്തോടെ കുറഞ്ഞാല്‍ പോലും വിലകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതമായാല്‍ സ്ഥിതി വഷളാകും.
സ്ട്രാറ്റജി 2022
നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ വിന്യസിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട തന്ത്രം. ഇതില്‍ത്തന്നെ യുഎസ് വിപണിയെ മാത്രം നോട്ടമിടാതെ ലോകത്തുടനീളം മികച്ച വിപണികള്‍ കണ്ടെത്തി നിക്ഷേപിക്കണം. ഇതിനായി മ്യൂച്വല്‍ ഫണ്ടുകള്‍ നമ്മെ സഹായിക്കും. ഇന്ത്യന്‍ വിപണിയില്‍ പ്രതിമാസ നിക്ഷേപം നടത്തുക എന്നതാണ് അടുത്തത്. സെന്‍സെക്സ് 62000 എന്ന നിലയില്‍നിന്നും താഴേക്ക് പതിച്ച് ചാഞ്ചാട്ടം തുടരുകയാണ്. സമ്പദ്വ്യസ്ഥയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങള്‍, കാലാവസ്ഥ, രാഷ്ട്രീയം എന്നിങ്ങനെ പല ഘടകങ്ങളെ ഉറ്റുനോക്കുന്ന ഒരു അവസ്ഥ ഉള്ളതുകൊണ്ട് ഇതില്‍ നടക്കുന്ന ഓരോ കാര്യവും വിപണിയെ സ്വാധീനിക്കും. ഇതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ പ്രതിമാസ നിക്ഷേപം സഹായിക്കും.
സ്വര്‍ണത്തില്‍ ചെറിയൊരു നീക്കിയിരുപ്പ് നല്ലതാണ്. നിക്ഷേപത്തിന്‍റെ 10-15 ശതമാനം സ്വര്‍ണ്ണ ഇടിഎഫിന്‍റെ രൂപത്തില്‍ നിക്ഷേപിച്ചാല്‍ മതിയാകും. ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഗവണ്മെന്‍റ് ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഇപ്പോള്‍ ഏഴു ശതമാനത്തിനു മുകളില്‍ പലിശയുള്ള വേറൊരു നിക്ഷേപമില്ല.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here