വലിയ തുക ഓഹരികളില്‍ എങ്ങനെ നിക്ഷേപിക്കാം?

0
1350
Euro coins. Euro money. Euro currency.Coins stacked on each other in different positions. Money concept.

സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞു നില്‍ക്കുന്ന സമയമാണിത് ഈ അടുത്തകാലത്ത് പലിശ നിരക്ക് ഉയര്‍ന്നുവെങ്കിലും സമീപഭാവിയില്‍ വീണ്ടും പലിശ നിരക്ക് കുറയാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു വലിയ തുക ഏതെങ്കിലും രീതിയില്‍ ലഭിച്ചാല്‍ എവിടെ നിക്ഷേപിക്കും എന്നത് ഓരോരുത്തരെയും ആശങ്കപ്പെടുത്തിയേക്കാം. പലപ്പോഴും വലിയ പലിശ നിരക്കുകളില്‍ ആകര്‍ഷകരായി പല നിക്ഷേപങ്ങളുടെ പുറകെ പോകുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ നിക്ഷേപിച്ച തുക പോലും നഷ്ടമാകുന്ന സാഹചര്യത്തില്‍ എത്തിച്ചേരാന്‍ ഇടയാകാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ എത്രതന്നെ കേട്ടാലും സ്വന്തം അനുഭവത്തില്‍ വരാതെ ചിലര്‍ പഠിക്കുകയില്ല.

ഒരു തുക കയ്യില്‍ കിട്ടിക്കഴിയുമ്പോള്‍ ഇന്ന് ഭൂരിപക്ഷം ആളുകളും ആദ്യം തിരഞ്ഞെടുക്കുന്ന ഒരു നിക്ഷേപമാണ് ഓഹരി അധിഷ്ഠിത നിക്ഷേപം. നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയും മ്യൂച്ചല്‍ ഫണ്ട് വഴി ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ നടത്തുന്ന രീതിയുമാണ് സാധാരണ നിക്ഷേപകര്‍ തിരഞ്ഞെടുക്കാറുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ പലപ്പോഴും സ്വന്തം നിലയില്‍ ചെയ്യാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെങ്കിലും നഷ്ടം സംഭവിക്കുന്നവരുടെ എണ്ണവും കുറവല്ല. വിജയിക്കുന്നവര്‍ ഇത്തരം നിക്ഷേപങ്ങളില്‍ മുന്‍കാല പരിചയമോ അല്ലെങ്കില്‍ നിക്ഷേപങ്ങളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടും അറിവും ഉള്ളവരോ ആണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തവര്‍ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ മാത്രം നിക്ഷേപിക്കുകയാണ് ഉത്തമം.

ഓഹരി അധിഷ്ഠിത നിക്ഷേപത്തിന്‍റെ വളര്‍ച്ച ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടാവില്ല. അതായത് ഇന്ന് ഒരാള്‍ക്ക് ലഭിച്ച വളര്‍ച്ച മറ്റൊരു ദിവസം നിക്ഷേപിച്ച നിക്ഷേപത്തിന് ലഭിക്കുമെന്നത് ഉറപ്പില്ല എന്ന് സാരം. ഓഹരി വിപണിയുടെ പോക്ക് ഏത് ദിശയില്‍ ആയിരിക്കും എന്നത് ഇന്നത്തെ സാഹചര്യത്തില്‍ പ്രവചിക്കുക സാധ്യമല്ല എന്നിരുന്നാലും ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം ഉയര്‍ച്ച താഴ്ചകളില്‍ നിന്ന് നേട്ടം ഉണ്ടാകുന്നതിനുള്ള മികച്ച മാര്‍ഗ്ഗം ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുക എന്നുള്ളത് മാത്രമാണ്. ഓഹരികളുടെ വിവിധ ദിവസങ്ങളിലെയോ മാസങ്ങളിലെയോ വിലകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണമായി ഒരു ഓഹരിയുടെ ഒരു മാസത്തെ വില തന്നെ പരിശോധിക്കുക. ഓരോ ദിവസവും വിലകള്‍ തമ്മില്‍ എത്രമാത്രം വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് മനസ്സിലാക്കാം. ഇതിനോടൊപ്പം ഓഹരി വിപണിയില്‍ കാര്യമായ നഷ്ടം ഉണ്ടായാല്‍ അതിന്‍റെ ആഘാതം ഓഹരിക്ക് എത്രമാത്രം ഉണ്ടായി എന്നും പരിശോധിക്കാന്‍ ഒറ്റത്തവണ നിക്ഷേപവും പലപ്പോഴായി നിക്ഷേപിക്കുന്നതും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനാകും.

ഓഹരി വിപണി ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപങ്ങള്‍ പലപ്പോഴായി നടത്തുന്നത് മികച്ച വളര്‍ച്ച ലഭിക്കാന്‍ സഹായകമാകും. മുഴുവന്‍ തുകയും ഒന്നിച്ചു നിക്ഷേപിച്ചാല്‍ വിപണിയില്‍ ഒരു ഇടിവ് ഉണ്ടായാല്‍ നിക്ഷേപത്തെ ആവറേജ് ചെയ്യാന്‍ സാധിക്കാതെ വരും. ഉദാഹരണമായി ഒരാള്‍ 10 ലക്ഷം രൂപ 500 രൂപ വിലയുള്ള ഒരു ഓഹരിയില്‍ നിക്ഷേപിച്ചു എന്ന് കരുതുക, അയാള്‍ക്ക് 2000 ഓഹരി ആയിരിക്കും ലഭിക്കുക. അതേസമയം 5 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ 1000 ഓഹരികള്‍ വാങ്ങുകയും, പിന്നീട് ഓഹരിയില്‍ ഇടിവ് ഉണ്ടായപ്പോള്‍ ആ ഓഹരിയുടെ വില 400 രൂപയായി എന്ന് കരുതുക, അപ്പോള്‍ ആ വ്യക്തി വീണ്ടും ബാക്കി 5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന തുക ലഭിക്കുന്ന ഓഹരികളുടെ എണ്ണം 1250 ആയിരിക്കും. ഒറ്റത്തവണ നിക്ഷേപത്തില്‍ 2000 ഓഹരികള്‍ ലഭിച്ച സ്ഥാനത്ത് 2250 ഓഹരികള്‍ ആ വ്യക്തിയുടെ കൈവശം ഇപ്പോള്‍ ഉണ്ടാകും. അതായത് ഓഹരികളുടെ ശരാശരി വില 444 രൂപ ആയിരിക്കും. പിന്നീട് ഓഹരി വിപണി ഉയരുന്ന സമയത്ത് ഈ ശരാശരി വിലയ്ക്ക് മുകളില്‍ വന്നാല്‍ തന്നെ ഈ
നിക്ഷേപം ലാഭകരമാകും. അതുകൊണ്ട് വലിയ നിക്ഷേപങ്ങള്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ഘട്ടം ഘട്ടമായി നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളാണ് എങ്കില്‍ എസ്ഐപി ആയോ എസ്റ്റിപി ആയോ നിക്ഷേപിക്കാവുന്നതാണ.്

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here