ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ ആദായ നികുതി ഘടനാ മാറ്റം

0
665
Debt fund taxation

ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തുന്ന ബില്‍ ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ആഴ്ച ലോകസഭയില്‍ അവതരിപ്പിച്ചു. ഇനി രാജ്യസഭ കൂടി ഈ ബില്‍ പാസ്സാക്കുന്നതോടുകൂടി ദീര്‍ഘകാലമായി ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ലഭിച്ചുവരുന്ന നികുതിയുടെ ആനുകൂല്യം ഇല്ലാതായി മാറും.

പുതിയ ബില്‍ പ്രകാരം ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് അതായത് 36 മാസത്തിന് മുകളില്‍ ഉള്ള നിക്ഷേപങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന ഇന്‍ഡക്സേഷന്‍ ആനുകൂല്യം പൂര്‍ണമായും ഇല്ലാതാകും. 35 ശതമാനത്തില്‍ താഴെ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപം വരുന്ന മ്യൂച്ചല്‍ ഫണ്ട് സ്കീമുകളെയാണ് ഈ മാറ്റം ബാധിക്കുക. സെബിയുടെ നിയമമനുസരിച്ച് 65 ശതമാനത്തിനു മുകളില്‍ നിക്ഷേപം ബോണ്ട്, മറ്റ് മണി മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ഗവണ്‍മെന്‍റ് സെക്യൂരിറ്റീസ് പോലുള്ള ഡെബ്റ്റ് സെക്യൂരിറ്റീസില്‍ ആണെങ്കില്‍ ഇത്തരം ഫണ്ടുകളെ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളായി ആണ് പരിഗണിക്കുന്നത്. പുതിയ ബില്‍ 35 ശതമാനത്തില്‍ താഴെ ഓഹരി നിക്ഷേപം ഉള്ള എല്ലാ മ്യൂച്ചല്‍ ഫണ്ട് സ്കീമുകള്‍ക്കും ബാധകമായതുകൊണ്ട് എല്ലാ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളും പുതിയ ബില്ലിന്‍റെ ഭാഗമായി വരും. ഈ പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇപ്പോഴുള്ള നികുതി ഘടന പോലെയാകും ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും. അതായത് ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന ലാഭം നികുതി ദായകന്‍റെ ആകെ വരുമാനത്തോടു ചേര്‍ത്ത് നികുതി കണക്കാക്കും.

അതായത് നിലവിലെ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി കണക്കാക്കുന്നത് നിക്ഷേപ കാലാവധിയുടെ അടിസ്ഥാനത്തിലായിരുന്നു. നിക്ഷേപം 36 മാസത്തില്‍ താഴെ ആണെങ്കില്‍ ഹ്രസ്വകാലനിക്ഷേപമായും അല്ലാത്തവയെ ദീര്‍ഘകാല നിക്ഷേപമായുമാണ് കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് ഹ്രസ്വകാലയളവില്‍ അതായത് 36 മാസത്തിനുള്ളില്‍ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട് വില്‍ക്കുകയാണെങ്കില്‍ കിട്ടുന്ന ലാഭം ആകെ വരുമാനത്തിന്‍റെ കൂടെ ചേര്‍ത്ത് നികുതി കണക്കാക്കും. 36 മാസത്തിനു മുകളിലുള്ള നിക്ഷേപം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭം കണക്കാക്കുന്നതിന് ഇന്‍ഡക്സേഷന്‍ ആനുകൂല്യം എടുത്ത ശേഷം കണക്കാക്കുന്ന ലാഭത്തിന് 20% നികുതി അടയ്ക്കുകയാണ് ചെയ്തു വന്നിരുന്നത്. ഇന്‍ഡക്സേഷന്‍ എന്നത് നിക്ഷേപ തുകയുടെ മൂല്യം ഇന്നത്തെ രൂപയുടെ മൂല്യത്തിനനുസരിച്ച് കണക്കാക്കുന്ന രീതിയാണ്. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍ ലാഭം സ്വാഭാവികമായും കുറയും. ഇത് നികുതി കണക്കാക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് നേട്ടമാണ്. എന്നാല്‍ ഈ ആനുകൂല്യം എടുത്തു കളയുകയും ലഭിക്കുന്ന ലാഭം ആകെ വരുമാനത്തോടെ ചേര്‍ത്ത് നികുതി കണക്കാക്കുകയും ചെയ്യുന്നതോടെ ഹ്രസ്വകാല നിക്ഷേപങ്ങളുടെതു പോലുള്ള നികുതിഘടനയിലേക്ക് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ മാറും.

ഈ നിയമം നിലവില്‍ വരുന്നതോടുകൂടി സ്ഥിരനിക്ഷേപത്തിന് മുകളില്‍ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ഉണ്ടായിരുന്ന മുന്‍തൂക്കം കുറയും. ഈ മാറ്റങ്ങള്‍ 2023 ബഡ്ജറ്റിന്‍റെ ഭാഗമായതുകൊണ്ട് മാര്‍ച്ച് 31 വരെയുള്ള നിക്ഷേപങ്ങളെ ബാധിക്കുകയില്ല. നിലവിലെ ആനുകൂല്യത്തില്‍ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ എടുക്കേണ്ടവര്‍ക്ക് ഏതാനും ദിവസങ്ങള്‍ കൂടി നിക്ഷേപിക്കാന്‍ സമയമുണ്ട്. പുതുതായി വരുന്ന ബില്‍ ഗോള്‍ഡ് ഇടിഎഫ്, ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റീസ് എന്നിവയെയും ബാധിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here