എസ് ഐ പിയില്‍ നിക്ഷേപിക്കുമ്പോള്‍

0
980

ഓഹരിയാധിഷ്ഠിത നിക്ഷേപങ്ങളെ ജനകീയവത്കരിച്ച നിക്ഷേപരീതിയാണ് എസ് ഐ പി. ഏതൊരു സാധാരണക്കാരനും പ്രതിമാസം 500 രൂപ മുതല്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നതാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍. ഓഹരിയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗവും എസ് ഐ പി തന്നെ. എന്നിരിക്കെ, ഇതില്‍ നിക്ഷേപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. എസ് ഐ പി കൂടാതെ രണ്ടു വേറെ രീതികള്‍ കൂടി ഉണ്ട്. അതും ഈ ലേഖനത്തിലൂടെ നമുക്ക് പരിചയപ്പെടാം.

നിര്‍ബന്ധിത നിക്ഷേപം

എസ് ഐ പി ഇന്‍ഷുറന്‍സ് പദ്ധതികളെപ്പോലെ നിര്‍ബന്ധിത നിക്ഷേപമല്ല. ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ ലാപ്സ് ആയി പോകുന്ന പ്രശ്നമൊന്നും എസ് ഐ പിക്കില്ല. ഒരാള്‍ക്ക് എത്ര കാലത്തേക്ക് വേണമെങ്കിലും (കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ചെയ്യുക) ചെയ്യാവുന്ന നിക്ഷേപമാണിത്. ഇടയ്ക്ക് വെച്ച് നിര്‍ത്താനും വീണ്ടും തുടരാനുമുള്ള സംവിധാനം എസ് ഐ പിയില്‍ ഉണ്ട്. അങ്ങിനെ ഉള്ളപ്പോള്‍ ഇടയ്ക്ക് പിന്‍വലിക്കാനും നിര്‍ത്താനും ഒക്കെ നിക്ഷേപകന് തോന്നും. ദീര്‍ഘകാലം നിക്ഷേപം തുടര്‍ന്നാല്‍ ഏറ്റവും അധികം വളര്‍ച്ചാ സാധ്യതയുള്ള നിക്ഷേപമാണ് എസ് ഐ പി. വളര്‍ച്ച കുറവുള്ള സ്കീമുകളില്‍ തിരിച്ചെടുക്കാന്‍ സംവിധാനം ഇല്ലാത്തതുകൊണ്ട് എങ്ങിനെയും മുഴുവന്‍ കാലവും നിക്ഷേപിക്കുന്നതുപോലെ മനസ്സിനെ പാകപ്പെടുത്തി എസ് ഐ പിയിലും ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ നിങ്ങള്‍ വിചാരിക്കുന്നതിലേറെ വരുമാനം നേടാന്‍ ഈ നിക്ഷേപത്തിലൂടെ സാധിക്കും. പക്ഷെ പൊതുവെ കണ്ടുവരുന്ന പ്രവണത, വിപണിയില്‍ ഇടിവു സംഭവിക്കുമ്പോള്‍ നിക്ഷേപം നിര്‍ത്തിവെയ്ക്കുകയും പിന്നീട് വിലകള്‍ ഉയര്‍ന്നു കഴിയുമ്പോള്‍ വീണ്ടും നിക്ഷേപിച്ചു തുടങ്ങുകയുമാണ്. ഇത് എസ് ഐ പി എന്ന നിക്ഷേപരീതിക്ക് വിരുദ്ധമായ ഫലമായിരിക്കും വരുത്തുക. വിലകള്‍ കുറഞ്ഞു നില്‍ക്കുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരത്തെ ഇല്ലാതാക്കി വളര്‍ച്ചയ്ക്ക് ഇടങ്കോലുവയ്ക്കുകയാണ് നിക്ഷേപം നിര്‍ത്തുന്നതിലൂടെ നാം ചെയ്യുന്നത്. എസ് ഐ പിയെ ഒരു നിര്‍ബന്ധിത നിക്ഷേപമായിക്കണ്ട് ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കാണൂ. ചിലര്‍ പരീക്ഷണാര്‍ത്ഥം ഒരു വര്‍ഷം ചെയ്തു നോക്കാറുണ്ട്. അതുകൊണ്ട് ഒരു ഗുണവുമില്ല.

സ്കീമിന്‍റെ സ്വഭാവമനുസരിച്ച് നിക്ഷേപം

മനുഷ്യരുടെ ഇടയില്‍ പല സ്വഭാവക്കാരുണ്ട്. നാം ഒരാളോട് പെരുമാറുന്നതുപോലെയല്ല മറ്റൊരാളോട് പെരുമാറുന്നത്. അതുപോലെ തന്നെ മ്യൂച്ചല്‍ ഫണ്ടുകളും. ഏകദേശം 38 തരത്തിലുള്ള സ്കീകുമകളാണുള്ളത്. ഇവയോരോന്നിനും ഓരോ സ്വഭാവവും, വരുമാനസാധ്യതയും റിസ്കുമാണുള്ളത്. നിക്ഷേപകന്‍റെ പല തരത്തിലുള്ള നിക്ഷേപ ആവശ്യങ്ങളിലേയ്ക്ക് ഈ സ്കീമുകളില്‍ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുത്ത നിക്ഷേപിക്കുകയാണ് പതിവ്. ഹ്രസ്വകാല ആവശ്യങ്ങള്‍, വരുമാനത്തിന്‍റെ നിരക്കനുസരിച്ചുള്ള തരംതിരിവുകള്‍, നികുതിയനുസരിച്ചുള്ള തരംതിരിവുകള്‍, ദീര്‍ഘകാല നിക്ഷേപവശ്യം, നിക്ഷേപത്തില്‍ നിന്നും പ്രതിമാസ വരുമാനം നേടാന്‍, കുറഞ്ഞ പലിശയിലും മൂലധനത്തിന് കോട്ടം തട്ടാതെ സൂക്ഷിക്കാന്‍, നികുതിയിളവ് ലഭിക്കാന്‍, എന്നിങ്ങനെ ഒരു നിക്ഷേപകന്‍റെ ഏതാവശ്യത്തിനും യോജിച്ച സ്കീമുകള്‍ മ്യൂച്ചല്‍ ഫണ്ടില്‍ ഉണ്ട്. ഈ സ്കീമുകളിലേക്ക് പ്രതിമാസമോ മൂന്നുമാസം കൂടുമ്പോഴോ ചെയ്യുന്ന നിക്ഷേപത്തെയാണ് എസ് ഐ പി എന്ന് പറയുന്നത്. നമ്മുടെ ഓരോ ആവശ്യത്തിനനുസരിച്ച് സ്കീമും നിക്ഷേപ ദൈര്‍ഘ്യവും വ്യത്യാസപ്പെട്ടിരിക്കും. അനുയോജ്യമായ നിക്ഷേപം തിരഞ്ഞെടുക്കാന്‍ ഉള്ള ഒരു പ്രധാന ഘടകം സ്കീമിന്‍റെ റിസ്കാണ്. അതറിയാന്‍ റിസ്ക്കോമീറ്റര്‍ സഹായിക്കും. റിസ്ക് കൂടുന്നതിനനുസരിച്ച് നിക്ഷേപത്തിന്‍റെ ദൈര്‍ഘ്യവും കൂട്ടേണ്ടതുണ്ട്. നഷ്ടസാധ്യത കുറയ്ക്കാന്‍ ഇതൊരു നല്ല ആശയമായിരിക്കും. ഏതെങ്കിലും ഒരു സെക്റ്റര്‍, ചെറുകിട കമ്പനികള്‍ എന്നിവയിലൊക്കെ നിക്ഷേപിക്കുന്ന സ്കീമുകളാണ് പൊതുവെ ഏറ്റവും റിസ്ക് കൂടിയവ. അങ്ങനത്തെ സ്കീമുകളില്‍ നിക്ഷേപിക്കുമ്പോള്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും നിക്ഷേപ ദൈര്‍ഘ്യം ഉറപ്പു വരുത്തണം. ഏറ്റവും റിസ്ക് കുറഞ്ഞവയില്‍ 7 ദിവസം മുതല്‍ക്ക് എത്ര നാള്‍ വേണമെങ്കിലും നിക്ഷേപിക്കാം. വരുമാന സാധ്യതയും റിസ്കും കൂടുംതോറും നിക്ഷേപ ദൈര്‍ഘ്യവും കൂടുന്നതാണ് നല്ലത്. ഇതുതന്നെയാണ് ജീവിതത്തിലെ പല ആവശ്യങ്ങളിലേക്കായി സ്കീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ഓഹരിയാധിഷ്ഠിത സ്കീമുകളും, മൂന്നുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള ആവശ്യങ്ങള്‍ക്കായി സങ്കരയിനം സ്കീമുകളും, മൂന്ന് വര്ഷത്തിനുള്ളിലുള്ള ആവശ്യങ്ങള്‍ക്കായി കടപത്രാധിഷ്ഠിത സ്കീമുകളും തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.

ഓരോ വര്‍ഷവും പുനരവലോകനം

സ്ഥിരനിക്ഷേപങ്ങളെപ്പോലെ നിക്ഷേപിച്ചശേഷം അതിനെക്കുറിച്ചു മറന്നു കളയുന്ന രീതി എസ് ഐ പി യില്‍ പറ്റില്ല. എന്നുകരുതി ഓരോ ദിവസവും വിപണിയുടെ ഗതിമാറുന്നതിനനുസരിച്ച് നിക്ഷേപത്തില്‍ മാറ്റം വരുത്തുന്നത് നല്ല പ്രവണതയല്ല. ആറുമാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ ഒരു അവലോകനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്കീം നിക്ഷേപിക്കുന്ന മേഖലയുടെ അവസ്ഥ, സ്കീമിന്‍റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും മാറ്റങ്ങള്‍, നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളുടെ സ്ഥിതി, നിക്ഷേപം എത്തി നില്‍ക്കുന്ന നിലവാരം എന്നിവ നോക്കി അത്രയ്ക്ക് ആവശ്യമെന്നു തോന്നിയാല്‍ നിക്ഷേപത്തില്‍ മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ ചെയ്യാവുന്നതാണ്. ഹ്രസ്വകാല വീഴ്ച കണക്കാക്കി സ്കീം മാറ്റേണ്ട കാര്യമില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ദീര്‍ഘകാല നിക്ഷേപത്തിനുള്ള സ്കീമുകളില്‍ കൂടെക്കൂടെ മാറ്റം വരുത്തേണ്ട കാര്യമില്ല. ഹ്രസ്വകാല സ്കീമുകളില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് നടത്തുന്ന വിശകലനം മാത്രം മതിയാവും. നികുതിയിളവിനായി നടത്തുന്ന ഇ എല്‍ എസ് എസ് നിക്ഷേപത്തില്‍ തിരിച്ചെടുക്കാനുള്ള സംവിധാനം മൂന്നു വര്‍ഷത്തേക്ക് ഇല്ലാത്തതിനാല്‍ സ്കീം തിരഞ്ഞെടുക്കുന്നത് അതിനനുസരിച്ചായിരിക്കണം. ഒരു പ്രത്യേക ആവശ്യത്തിലേക്കായി ചെയ്യുന്ന നിക്ഷേപം, ഉദ്ദേശിച്ച പണം സ്വരൂപിച്ചു കഴിഞ്ഞാല്‍ എത്ര നേരത്തേയായാലും ആ തുക സുരക്ഷിത നിക്ഷേപങ്ങളിലേക്കു മാറ്റുന്നത് നല്ലതായിരിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here