EMI അടച്ചു കഴിയുമ്പോഴേക്കും ശമ്പളം തീരുന്നുവോ? സൂക്ഷിക്കുക

0
1455

മഹാമാരിക്കാലത്ത് ലോക്ക്ഡൗണ്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, തൊഴില്‍ നഷ്ടം എന്നിവ ഉണ്ടായിട്ടു പോലും വരുമാനത്തില്‍ നിന്നും അല്പം ഭാവിയിലേക്ക് കരുതിവെയ്ക്കണമെന്ന ചിന്ത യുവാക്കളില്‍ ഉണ്ടാവാത്തത് ആശ്ചര്യപ്പെടുത്തുന്നു. ഇരുപതു വയസ്സിന്‍റെ തുടക്കത്തിലും അവസാനത്തിലും ഉള്ള ചെറുപ്പക്കാര്‍ അവരുടെ ബാധ്യതകളുമായി മല്ലിടുന്ന നിരവധി കേസുകള്‍ ഞങ്ങള്‍ മിക്കവാറും എല്ലാ ദിവസവും കാണുന്നു. ഒരു യുവ ഐടി പ്രൊഫഷണല്‍ തന്‍റെ വരുമാനത്തിന്‍റെ 98 ശതമാനവും ഇഎംഐ അല്ലെങ്കില്‍ / കടം തിരിച്ചടയ്ക്കുന്ന ഞെട്ടിക്കുന്ന ഒരു സംഭവവുമുണ്ട്. അതില്‍ പകുതിയും ഭവനവായ്പയും വ്യക്തിഗത വായ്പയും ബാക്കി സുഹൃത്തുക്കളില്‍ നിന്നുള്ള വായ്പയുമാണ്. സമാന കേസുകള്‍ ഞങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, കുറച്ച് സാധാരണ പെരുമാറ്റരീതികള്‍ നിരീക്ഷിക്കപ്പെട്ടു.

സൈദ്ധാന്തികമായി, ഒരാളുടെ വരുമാനത്തിന്‍റെ 40 ശതമാനത്തില്‍ കൂടുതല്‍ EMI ആയി നല്‍കരുത്, മാത്രവുമല്ല വരുമാനത്തിന്‍റെ 20 ശതമാനം എങ്കിലും നിക്ഷേപിക്കുകയും വേണം. ബാക്കി 40% ജീവിതച്ചെലവിനായി നീക്കിവെയ്ക്കണം. ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍, ഇഎംഐകള്‍ അതേപടി തുടരും, അപ്പോള്‍ ദൈനംദിന ജീവിതച്ചെലവ് കഠിനമായി തോന്നും. ജീവിത നിലവാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള തീവ്രമായ ആഗ്രഹമോ അല്ലെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ നിന്ന് പടിയിറങ്ങാനുമുള്ള വിഷമമോ ആയിരിക്കാം ഉയര്‍ന്ന വായ്പ എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ജോലി ചെയ്യാനുള്ള കഴിവ്, ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷ, ജോലി മാറുന്നതിനുള്ള സാധ്യതകള്‍, വീട്ടില്‍ വരുമാനമുള്ള മറ്റൊരു അംഗം എന്നിവയെല്ലാം വായ്പയെടുക്കാനുള്ള ആത്മവിശ്വാസം ബലപ്പെടുത്തുന്നു. ജീവിതനിലവാരം നിലനിര്‍ത്തുന്നതിനുള്ള സാമൂഹിക സമ്മര്‍ദ്ദം, ബ്രാന്‍ഡ് അവബോധം എന്നിവയെല്ലാം മറ്റു പ്രേരകഘടകങ്ങളാണ്.

കഷ്ടപ്പെട്ട് സമ്പാദിച്ചതൊക്കെ ഭാവിയില്‍ നഷ്ടപ്പെടുമോ എന്ന ഭയവും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകുമോ എന്ന ആശങ്കയും ആളുകളില്‍ വ്യാപകമാണ്. നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷയില്‍ ഇന്നത്തെ നല്ല നിമിഷങ്ങള്‍ അവര്‍ ത്യജിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, അവര്‍ വളരെക്കാലം സന്തോഷവും മനസമാധാനവും ഇല്ലാതാക്കുകയാണ്. സ്വന്തമായി ഒരു വീടുണ്ടാകുക എന്നത് ഭൂരിപക്ഷം ആളുകളുടെയും വലിയ സ്വപ്നമാണ്. നഗരവല്‍ക്കരണവും ഇടയ്ക്കിടെയുള്ള തൊഴില്‍ മാറ്റങ്ങളും കുടിയേറ്റങ്ങളും കാരണം വീടെന്ന ആഗ്രഹം പലപ്പോഴും മാറ്റിവെയ്ക്കപ്പെടുകയാണ്. ദീര്‍ഘകാലം ഒരേ സ്ഥലത്തു താമസിക്കുന്നതിന്‍റെ മടുപ്പകറ്റാന്‍ പലപ്പോഴും ആളുകള്‍ താമസസ്ഥലം വാടകയ്ക്കെടുത്ത് മാറാന്‍ ഇഷ്ടപ്പെടുന്നു. അപാര്‍ട്മെന്‍റ് വാങ്ങുബോള്‍ ഉയര്‍ന്ന തൂക കൊടുക്കേണ്ടി വരുന്നു. എന്നാല്‍ അത് വില്‍ക്കുമ്പോള്‍, മൂല്യച്യുതി കാരണം നിക്ഷേപിച്ചതിനേക്കാള്‍ ഉയര്‍ന്ന വില കിട്ടിക്കോളണമെന്നില്ല. അപാര്‍ട്മെന്‍റിന്‍റെ മൂല്യം കാലാനുസൃതമായി കുറയാനും, പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തോതില്‍ മാത്രം കൂടാനും സാധ്യതയുണ്ട്.

ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് വ്യക്തികള്‍ വ്യക്തിഗത വായ്പയെടുക്കുന്ന കേസുകള്‍ ധാരാളമുണ്ട്. ഇതിനിടയില്‍ കുതിച്ചുയരുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ശ്രദ്ധിക്കപ്പെടാതെപോയേക്കാം. ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ക്രെഡിറ്റ് പ്രൊഫൈല്‍ അനുസരിച്ച 12% മുതല്‍ 25% വരെയാണെന്നത് മറക്കരുത്. അവസാനമായി, ശമ്പളം വെട്ടിക്കുറവുകള്‍ക്കും ജോലിമാറ്റങ്ങള്‍ക്കുമിടയില്‍ 20 വര്‍ഷത്തേക്കുള്ള വായ്പ, മാനസിക അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ജീവിതത്തിലെ മറ്റ് ലക്ഷ്യങ്ങള്‍ നന്നായി പരിപാലിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഏറ്റവും ദു:ഖകരമായ കാര്യം, വായ്പ തിരിച്ചടക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധ യുവാക്കള്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കാണിക്കുന്നില്ല എന്നതാണ്. ജീവിതത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആഗ്രഹങ്ങളും പരിമിതമായ വരുമാനവും തമ്മില്‍ ചേരാതെ വരുമ്പോള്‍ കടങ്ങള്‍ പെരുകുകയും തെറ്റുകള്‍ പരിഹരിക്കുക എന്നത് തികച്ചും അസാധ്യമാകുന്നു.

ഓര്‍ക്കുക, ഒരു വീട്ടില്‍ ജീവിതച്ചിലവിനും, വീട്ടുപകരണങ്ങള്‍ വാങ്ങാനും, കുട്ടികളുടെ ഫീസടയ്ക്കാനും, ആഘോഷങ്ങള്‍ക്കും, ഉപരിപഠനത്തിനും, വിവാഹത്തിനും, റിട്ടയര്‍മെന്‍റിനും് കുടുംബത്തിലെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും ഒക്കെയായി കുറെ പണം ആവശ്യമുണ്ട്. വലിയ ഒരു വീട് വാങ്ങി അതിന്‍റെ പലിശ അടയ്ക്കുക മാത്രമല്ല ഒരു കുടുംബനാഥന്‍റെ ഉത്തരവാദിത്തം. ആശുപത്രിച്ചിലവിനും ഒരു ചെറിയ വണ്ടി വാങ്ങാനും, ഒരു ചെറിയ യാത്ര പോകാനുമൊക്കെ ഓരോ തവണയും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാന്‍ ഇടവരുന്നത് വേദനാജനകമായ കാര്യമാണ്.

പ്രതിവിധി

ഒരാള്‍ ആദ്യമായി ജോലി ചെയ്ത് തുടങ്ങുമ്പോള്‍ മുതലേ വരുമാനത്തിന്‍റെ 20 ശതമാനമെങ്കിലും ഏതെങ്കിലുമൊരു നിക്ഷേപത്തിലേക്ക് വിന്യസിച്ചാല്‍ ജീവിതത്തിലെ പല ആവശ്യങ്ങളും ഒരു തടസ്സവും കൂടാതെ നടന്നുപോകും. വിവാഹപ്രായം എത്തുമ്പോഴേക്കും ഒരാളുടെ കയ്യില്‍ കുട്ടിയുടെ ഹൈസ്കൂള്‍ വരെയുള്ള ഫീസിനായുള്ള പണം സമ്പാദിച്ചു കഴിഞ്ഞിരിക്കണം. അത് വല്ലാത്ത മനസ്സമാധാനം നല്‍കും. വീട്ടില്‍ ഭര്‍ത്താവും ഭാര്യയും വരുമാനക്കാരാണെങ്കില്‍ കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധയോടെ ചിലവുകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here