ഇന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയൊരു ഭാഗം കുട്ടികളുടെ കാര്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും വിനിയോഗിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി തുക മാറ്റിവയ്ക്കാന്‍ പാടുപെടുമ്പോള്‍ പോലും ശരിയായ നിക്ഷേപപദ്ധതികളില്‍ ആണോ നിക്ഷേപിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം അവരുടെ ദൈനംദിന കാര്യങ്ങളില്‍ വരുന്ന മറ്റു ചിലവുകള്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്കായി വലിയൊരു തുക തന്നെ ആവശ്യമുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ചിലവുകള്‍ പ്രതിമാസ ചിലവുകളുടെ ഭാഗമായി പോകുന്നതുകൊണ്ട് തന്നെ അത്ര പ്രശ്നമാകാറില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക മുന്‍കൂട്ടി സ്വരൂപിച്ചില്ല എങ്കില്‍ ചിലപ്പോള്‍ കുട്ടികള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കാതെ വന്നേക്കാം. ഇന്നത്തെ സാഹചര്യത്തില്‍ ധാരാളം കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ചിലവും അതനുസരിച്ച് ഉയര്‍ന്നതാണ്. ഇനി ഇന്ത്യയിലാണ് എങ്കിലും, പല പ്രൊഫഷണല്‍ കോഴ്സുകളുടെയും ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും കൂടുതലാണ്. അതുകൊണ്ട്തന്നെ ശരിയായി പ്ലാന്‍ ചെയ്ത് നിക്ഷേപ തുക മാറ്റിയെങ്കില്‍ മാത്രമേ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ ആകൂ.
ഈ സാഹചര്യത്തിലാണ് എങ്ങനെയുള്ള നിക്ഷേപം നടത്തണം എന്ന കാര്യത്തിന് പ്രാധാന്യം വരുന്നത്. പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപം എന്ന നിലയില്‍ കുട്ടികള്‍ക്കായുള്ള ഏതെങ്കിലും പദ്ധതിയില്‍ ചേരുകയാണ് ചെയ്യാറ്. ഈ പദ്ധതികള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആയതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള വളര്‍ച്ച ലഭിക്കുന്നുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അതുപോലെ തന്നെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സമയത്തുള്ള ചിലവിന് തികയുമോ എന്നും നോക്കേണ്ടതുണ്ട്. ഇതിനായി ആവശ്യമെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്‍റെ സഹായം തേടുന്നത് നല്ലതാണ്.
കുട്ടി ജനിച്ചു കഴിയുമ്പോള്‍ അല്ലെങ്കില്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപം തുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ദീര്‍ഘമായ ഒരു കാലയളവ് നിക്ഷേപത്തിനായി ലഭിക്കും. അതുകൊണ്ടുതന്നെ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ ആയിരിക്കും ലക്ഷ്യത്തിന് അനുയോജ്യം. കുറഞ്ഞത് 12% വളര്‍ച്ചയെങ്കിലും നിക്ഷേപ കാലയളവില്‍ ലഭിക്കാന്‍ സാധ്യതയുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം. എന്നാല്‍ മാത്രമേ ചെറിയ നിക്ഷേപ തുകകൊണ്ട് ആവശ്യമായ തുക സമാഹരിക്കാന്‍ ആകൂ എന്ന കാര്യം ഓര്‍ക്കുക.