60ാം വയസ്സില്‍ നിങ്ങള്‍ക്ക് വിരമിക്കാനാകുമോ ?

0
1606

40 വയസ്സുള്ള ഒരാളോട്, നിങ്ങള്‍ക്ക് എത്രാമത്തെ വയസ്സിലാണ് വിരമിക്കാന്‍ ആഗ്രഹം എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം 50 അല്ലെങ്കില്‍ 55 എന്നാണ്. അത് തന്നെ കുറച്ചു കൂടി ചെറുപ്പക്കാരോട് ചോദിച്ചാല്‍ 45-50 വയസ്സാണെന്ന് ഒട്ടും തന്നെ ആലോചിക്കാതെ പറയും. ഇന്നത്തെ കാലത്ത് ജോലി എന്നത് തികച്ചും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായതുകൊണ്ട് ആര്‍ക്കും അധികകാലം പണിയെടുക്കാന്‍ താല്‍പ്പര്യമില്ല. ഉള്ള കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് കഴിയുന്നത്ര പണമുണ്ടാക്കി ശിഷ്ടം വിശ്രമജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഈ ഒരു ചിന്തക്ക് പിന്നില്‍ ചില അടിസ്ഥാനസത്യങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ ഒരു സാധാരണ ഉദ്യോഗസ്ഥന്‍ വിരമിക്കുന്നത് 56 നും 60 നും ഇടയിലാണ്. ഈ ഒരു സംഖ്യ എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒന്നാണ്. വീട്ടിലെ മുതിര്‍ന്നവര്‍ അവരുടെ ജോലിയില്‍ നിന്ന് വിരമിച്ച് പെന്‍ഷനോട് കൂടി,മാനസിക പിരിമുറുക്കമൊന്നും ഇല്ലാതെ കഴിഞ്ഞു പോകുന്ന കാഴ്ച മിക്കവരും കാണുന്ന ഒന്നാണ്. ആ ഒരു കണക്ക് കൂട്ടല്‍ വെച്ചാണ് വിരമിക്കാനുള്ള പ്രായവും അത് കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റിയും എല്ലാവരും സ്വപ്നം കാണുന്നത്.നേരത്തെ വിരമിക്കാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ട്. ഒരു വലിയ തുക ലോട്ടറി അടിച്ചാല്‍ ഇപ്പോള്‍ ചെയ്യുന്ന പണിയൊക്കെ നിര്‍ത്തി സുഖമായി ജീവിക്കുമെന്ന് പറയാത്ത ആരും തന്നെ ഉണ്ടാകില്ല. ആ ലോട്ടറി അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും അടിക്കില്ലെന്ന് മാത്രം.

ഇപ്പോള്‍ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവരില്‍ നല്ലൊരു ഭാഗം ആളുകളും കിട്ടുന്ന തുക ഒന്നിനും തികയാത്തവര്‍ ആണ്. ആവശ്യത്തില്‍ അധികം പെന്‍ഷന്‍ കിട്ടി അക്കൗണ്ടില്‍ വെറുതെ വയ്ക്കുന്നവരും ഉണ്ടെങ്കിലും ശതമാനം കുറവാണെന്ന് മാത്രം. അമിതമായ ആഗ്രഹങ്ങളും അനിശ്ചിതമായ ജീവിത ശൈലിയും മൂലം ഭാവിയിലെ ജീവിതച്ചിലവുകള്‍ എത്രയെന്ന് ഒരു ശരാശരി കണക്ക് പോലും പ്രവചിക്കാനാവാത്ത അവസ്ഥ ഇന്നുണ്ട്. പണ്ടുള്ളവരുടെ ആഗ്രഹങ്ങള്‍ പരിമിതമായിരുന്നു. കിട്ടുന്ന അല്ലെങ്കില്‍ കിട്ടാവുന്ന പെന്‍ഷന്‍ ഉപയോഗിച്ച് (അതെത്ര കുറവാണെങ്കില്‍ പോലും ) അതിനനുസരിച്ച് ജീവിക്കാനുള്ള മനസ്സ് അവര്‍ക്കുണ്ടായിരുന്നു. ചിലവാക്കാനുള്ള അവസരങ്ങളും കുറവ്. ഇന്നങ്ങനെയല്ല, വെറുതെ വീട്ടിലിരുന്നാല്‍ തന്നെ ഏഴു കടലിനക്കരെയുള്ള തുണിക്കടയില്‍ നിന്നും ഷര്‍ട്ട് വാങ്ങാന്‍ സാധിക്കും. അത് നമ്മുടെ ചിലവിനെ സാരമായി ബാധിക്കുന്നുമുണ്ട്. കുറച്ചു നാളൊക്കെ പിശുക്കിയും സംയമനം പാലിച്ചും ജീവിക്കാമെങ്കിലും ഒരു ദിവസം പിടി വിട്ടു പോകും. സാമൂഹ്യമായും വല്ലാതെ അകന്ന് ജീവിക്കാനും ബുദ്ധിമുട്ടാണ്. ഇതെല്ലാം വന്നു നില്‍ക്കുന്നത് അപര്യാപ്തമായ നമ്മുടെ വരുമാനത്തിലാണ്.

എന്താണ് ഈ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’ ?

നാമെന്നും കേള്‍ക്കുന്ന വാക്കാണ് ഈ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’. എന്നാല്‍ എന്താണ് സത്യത്തില്‍ ഈ ‘ഫിനാന്‍ഷ്യല്‍ ഫ്രീഡം’ ? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു ജോലിയും ചെയ്യാതെ മരണം വരെ സുഖമായി ജീവിക്കാനുള്ള സാഹചര്യമാണ് ഫിനാന്‍ഷ്യല്‍ ഫ്രീഡം അഥവാ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതച്ചിലവുകള്‍ , ആരോഗ്യ സംരക്ഷണത്തിനുള്ള ചിലവ് , യാത്രാച്ചിലവുകള്‍ എന്നിങ്ങനെ ആഡംബരങ്ങള്‍ ഒന്നും ഉള്‍പ്പെടാതെ തന്നെ നല്ല രീതിയില്‍ ജീവിക്കാന്‍ വേണ്ടുന്ന പണം ഒരാള്‍ക്ക് കൈവശപ്പെടുത്താനായാല്‍ അയാള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടി എന്ന് പറയാം. ഇന്നത്തെ കാലത്ത് എല്ലാവരുടെയും ആഗ്രഹം അന്‍പത് വയസ്സാകുമ്പോള്‍ വിരമിക്കണം എന്നാണെങ്കിലും എഴുപത് വയസ്സായാല്‍ പോലും വിരമിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അതിന് പ്രധാന കാരണം,ഒരാളുടെ ഇന്നത്തെ ജീവിതശൈലി അടിസ്ഥാനമാക്കി ഇതേ രീതിയില്‍ ജീവിച്ചാല്‍ വിരമിച്ചതിന് ശേഷമുള്ള കാലം ജീവിക്കാനായി വേണ്ടി വരുന്ന തുക കിറുകൃത്യമായി കണക്കാക്കാന്‍ സാധിക്കുമെങ്കിലും ആ തുക വിശ്രമജീവിതകാലം കഴിച്ചു കൂട്ടാന്‍ തികയുമെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതാണ്. ഇതിനു പ്രധാന കാരണം ജീവിതച്ചിലവുകളില്‍ വരുന്ന മാറ്റമാണ്. ഇനി അഥവാ ജീവിതച്ചിലവുകള്‍ കുറഞ്ഞാല്‍ തന്നെ ജീവിത ശൈലി നിശ്ചയിക്കുന്ന ചിലവുകളില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണം ,നാം ആശയ വിനിമയം നടത്താന്‍ ചിലവാക്കിയിരുന്ന തുക പണ്ട് വളരെ കൂടുതലായിരുന്നു.

ഇന്ന് ഏത് രാജ്യത്തിരിക്കുന്ന ആളോടും വളരെ കുറഞ്ഞ ചിലവില്‍ നമുക്ക് കാണാനും സംസാരിക്കാനുമാകും. പക്ഷെ അതിനുപയോഗിക്കുന്ന ഫോണിന്‍റെ വില എത്രയോ കൂടുതലാണ്. ഇതാണ് ജീവിതച്ചിലവും ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചിലവും തമ്മിലുള്ള വ്യത്യാസം. ഉദാഹരണത്തിന് 40 വയസ്സുള്ള ഒരാള്‍ക്ക് ഇന്ന് ജീവിക്കാന്‍ ഒരു മാസം 25,000 രൂപ വേണമെങ്കില്‍ നാലര ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 55-ാംവയസ്സില്‍ അയാള്‍ക്ക് 48,000 രൂപ വേണ്ടി വരും. ഇത് തന്നെ 75 വയസ്സ് വരെ ജീവിക്കാന്‍ 55-ാം വയസ്സില്‍ അയാളുടെ കൈവശം കുറഞ്ഞത് 1.1 കോടി രൂപ വേണ്ടി വരും. ഇത്രയും തുക അന്നത്തെ ജീവിത സാഹചര്യത്തില്‍ മതിയാകില്ല എന്ന് മാത്രമല്ല ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഇന്ന് മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ 1.11 കോടി രൂപ സ്വരൂപിക്കാന്‍ 7 ശതമാനം പലിശ കണക്കാക്കിയാല്‍ തന്നെ പ്രതിമാസം 34,750 രൂപ നിക്ഷേപിക്കണം. അതായത് അയാളുടെ ശമ്പളം കുറഞ്ഞത് 59,750 രൂപയെങ്കിലും ആയിരിക്കണം. ഒരു വായ്പ്പയോ മറ്റ് കടങ്ങളോ ഇല്ലാതെ തന്നെ.

ഈ ഉദാഹരണത്തിലൂടെ തന്നെ ഒരു കാര്യം നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. 55-ാം വയസ്സില്‍ വിശ്രമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മേല്‍പ്പറഞ്ഞ ഉദാഹരണത്തിലെ വ്യക്തി പ്രതിമാസം ചിലവാക്കുന്നതിനേക്കാള്‍ വളരെ വലിയ ഒരു തുകയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. നമ്മളില്‍ എത്ര പേര്‍ വരുമാനത്തില്‍ നിന്നും ചിലവിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നുണ്ട്?. നിക്ഷേപിച്ചാല്‍ തന്നെ അതിനു വിരമിക്കല്‍ കൂടാതെ വേറെയും പല ആവശ്യമില്ലേ?.കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം,വീട് എന്നിങ്ങനെ. അപ്പോള്‍ എന്തായാലും കാര്യങ്ങള്‍ വിചാരിച്ചത് പോലെ എളുപ്പമാവില്ല. ജീവിതത്തെ യുക്തിയുക്തമായും യാഥാസ്ഥികമായും കാണാനായിട്ടാണ് ഇത്രയും പറഞ്ഞത്.

വേണ്ടത് ഇത്ര മാത്രം. മരണം വരെയും എന്തെങ്കിലും രീതിയില്‍ ഏതെങ്കിലും ജോലിയിലോ ഇഷ്ട്ടപ്പെട്ട കാര്യങ്ങളിലോ വ്യാപൃതനായിരിക്കുക. എന്നും അദ്ധ്വാനിക്കാനും പുതിയത് പഠിക്കാനും വെല്ലുവിളികളെ നേരിടാനും സജ്ജരായിരിക്കുക. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വേണ്ടെന്നു വയ്ക്കാതെ തന്നെ ചിലവുകള്‍ കുറച്ച് കഴിയുന്നത്ര തുക നാളേക്കായി മാറ്റി വക്കുക. എല്ലാവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം ആശംസിക്കുന്നതിനോടൊപ്പം തന്നെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.


First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here