48,000 കടന്ന് സ്വര്‍ണം: കുറയാന്‍ സാധ്യതയുണ്ടോ? വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

0
2940
Gold price

ആഗോള, ആഭ്യന്തര വിപണികളില്‍ 2024 ന്‍റെ ആദ്യ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞു. ശക്തമായ യുഎസ് ഡോളര്‍, കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കു കുറയ്ക്കുന്നതില്‍ ഉണ്ടായ കാല താമസം, ആഗോള ഓഹരി വിപണിയിലെ കുതിപ്പ് എന്നീ ഘടകങ്ങളാണ് സ്വര്‍ണ്ണത്തെ ബാധിച്ചത്. ജനുവരിയുടെ തുടക്കത്തില്‍ യുഎസ് ഡോളര്‍ 3 ശതമാനത്തോളം നേട്ടമുണ്ടാക്കി. യുഎസിന്‍റെ ശക്തമായ സാമ്പത്തിക കണക്കുകളും പലിശ നിരക്കു കുറയ്ക്കുന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും യുഎസ് കറന്‍സിയിലേക്ക് നിക്ഷേപക ശ്രദ്ധ കൊണ്ടു വന്നു.

ഫെഡ് പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷ സ്വര്‍ണ്ണത്തിന്‍റെ പ്രകടനത്തെ ബാധിച്ചേക്കും. യുഎസ് പലിശ നിരക്കും സ്വര്‍ണ്ണ വിലയും തമ്മില്‍ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും , നിരക്കു മാറ്റം സ്വര്‍ണ്ണ വിലയുമായി വിപരീത ബന്ധമുള്ള യുഎസ് ഡോളറിനെ ബാധിക്കും. മാര്‍ച്ചോടെ ഫെഡ് പലിശ നിരക്കു കുറയ്ക്കുമെന്നാണ് നേരത്തേ കരുതപ്പെട്ടതെങ്കിലും ഏറ്റവും പതിയ പണപ്പെരുപ്പ കണക്കുകളും ഫെഡ് അധികാരികളില്‍ നിന്നു പുറത്തു വന്ന ജാഗ്രതയോടെയുള്ള അഭിപ്രായ പ്രകടനങ്ങളും നിരക്കു കുറയ്ക്കല്‍ ജൂണിലേക്കു നീളുമെന്നാണ് സൂചന നല്‍കുന്നത്.

പലിശ നിരക്കു കുറയുമ്പോള്‍ ഡോളറുമായി ബന്ധപ്പെട്ട ആസ്തികളായ കടപ്പത്രങ്ങളിലും സേവിംഗ്സ് അക്കൗണ്ടുകളിലും ലാഭം കുറയുന്നു. ഈ പ്രക്രിയ ഇതര കറന്‍സികളുമായി യുഎസ് ഡോളറിന്‍റെ മൂല്യം കുറയാനിടയാക്കുന്നു. ആഗോള തലത്തില്‍ സ്വര്‍ണ്ണ വില കണക്കാക്കുന്നത് ഡോളറിലാകയാല്‍ ,മറ്റു കറന്‍സികളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് സ്വര്‍ണ്ണ വില കുറവായാണ് അനുഭവപ്പെടുക. ഇത് സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റും വിലയും വര്‍ധിക്കാനിടയാക്കുന്നു.

സ്വര്‍ണ്ണം പലിശയോ ലാഭ വിഹിതമോ നല്‍കുന്നില്ല . പലിശ നിരക്കു കൂടിയിരിക്കുമ്പോള്‍ കൈവശം വെക്കുന്നതിനുള്ള ചിലവും കൂടുതലാണ്. പലിശ നിരക്കു കുറയുമ്പോള്‍ സൂക്ഷിക്കാനുള്ള ചിലവും കുറയുന്നു. ഇത് സ്വര്‍ണത്തിന് പലിശയുള്ള മറ്റ് ആസ്തികളേക്കാള്‍ കൂടുതല്‍ ആകര്‍ഷണീയത ലഭിക്കാനും ഡിമാന്‍റു വര്‍ധിക്കാനും ഇടയാക്കുന്നു.

പശ്ചിമേഷ്യയില്‍ വര്‍ധിക്കുന്ന സംഘര്‍ഷങ്ങളും ,റഷ്യയും യുക്രെയിനും തമ്മില്‍ നടക്കുന്ന യുദ്ധവും ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ആശങ്ക സൃഷ്ടിക്കുന്നത് സ്വര്‍ണ്ണം പോലുള്ള ആസ്തികള്‍ക്ക് ഗുണകരമാണ്. ലോക ബാങ്കിന്‍റെ നിഗമനമനുസരിച്ച് കഴിഞ്ഞ 30

വര്‍ഷത്തെ ഏറ്റവും ദുര്‍ബ്ബലമായ അര്‍ധ വാര്‍ഷിക പ്രകടനത്തിനാണ് ആഗോള സമ്പദ് വ്യവസ്ഥ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 2024ല്‍ ആഗോള വ്യാപാര വളര്‍ച്ച മഹാമാരിക്കു മുമ്പുള്ള പതിറ്റാണ്ടിലെ ശരാശരിയുടെ പകുതി മാത്രമായിരിക്കും എന്നും ലോക ബാങ്ക് നിരീക്ഷിക്കുന്നു. ലോക വ്യാപകമായ സാമ്പത്തിക അനിശ്ചിതത്വം നാണയപ്പെരുപ്പം പ്രതിരോധിക്കാന്‍ ശേഷിയുള്ള ആസ്തി എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കുന്നുണ്ട്.

വരും നാളുകളില്‍ സ്വര്‍ണ്ണം അന്തരാഷ്ട്ര വിപണിയില്‍ സമ്മര്‍ദ്ദം നേരിടാനാണിട. ഹ്രസ്വകാലയളവില്‍ കാര്യമായ കുതിപ്പോ ഇടിവോ ഉണ്ടാകാനിടയില്ല. വിലയിലെ മാറ്റങ്ങള്‍ക്കായി യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്‍റെ നിര്‍ണായക തീരുമാനങ്ങളും ആഗോള സാമ്പത്തിക വളര്‍ച്ചാ കണക്കുകളും കാത്തിരിക്കയാണ് നിക്ഷേപകര്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പെരുപ്പവും , ഓഹരി വിപണികളുടെ പ്രകടനവും, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളുമാണ് സ്വര്ണ്ണ വിലയില്‍ ഹ്രസ്വകാലയളവില്‍ മാറ്റങ്ങളുണ്ടാക്കാവുന്ന മറ്റു ഘടകങ്ങള്‍.

ഇന്ത്യയില്‍ സ്വര്‍ണ്ണ വില റിക്കാര്‍ഡുയരത്തിലായതിനാല്‍ 2024ന്‍റെ ആദ്യ പകുതിയില്‍ തിരുത്തലിനു സാധ്യതയുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയും ശക്തമായ ഡിമാന്‍റും കാരണം ഇന്ത്യയില്‍ സ്വര്‍ണ്ണ വില വര്‍ഷത്തിലുടനീളം ഇതേ നിലവാരത്തില്‍ തുടരാനാണിട. നിക്ഷേപകര്‍ക്ക് സുരക്ഷിതത്വവും മാന്യമായ ലാഭവും നല്‍കുന്ന സ്വര്‍ണ്ണം ഏറ്റവും മികച്ച ദീര്‍ഘ കാല ആസ്തികളിലൊന്നാണ്. ആഭ്യന്തര സ്വര്‍ണ്ണ വില കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. 2003 മുതല്‍ സ്വര്‍ണ്ണ വിലയിലെ കുതിപ്പ് 980 ശതമാനത്തിലധികമാണ്. അതിനാല്‍ വിലയിലെ ഓരോ തിരുത്തും നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട് ഫോളിയോയയില്‍ ദീര്‍ഘ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ്ണം കൂടി ചേര്‍ക്കാനുള്ള അവസരമാണ് നല്‍കുന്നത്.

ഹരീഷ് വി (ഹെഡ് ഓഫ് കമ്മോഡിറ്റി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here