സാമ്പത്തിക ഭാവിയുടെ വെല്ലുവിളികള്‍

0
1449
Investment
Human hand stacking generic coins over a black background with hexagonal golden shapes. Concept of investment management and portfolio diversification. Composite image between a hand photography and a 3D background.


ഇന്നലത്തെപ്പോലെയല്ല ഇന്ന്. ഇന്നത്തെപോലെയായിരിക്കില്ല നാളെ. ഈ അറിവാണ് നാളേക്കായി മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും പല ആവശ്യങ്ങള്‍ക്കായി കാലേകൂട്ടി കരുതാനും നമ്മെ പ്രേരിപ്പിക്കുന്നത്. നാം പ്രത്യക്ഷ്യത്തില്‍ കാണുന്നതും അഭിമുഖീകരിക്കുന്നതുമായ കുറച്ചു വെല്ലുവിളികള്‍ ഉണ്ട്. വിലക്കയറ്റം, വിഭവ ദാരിദ്ര്യം, തൊഴിലുറപ്പില്ലായ്മ എന്നിവയൊക്കെ നമ്മെ അലട്ടുന്ന പല കാര്യങ്ങളാണ്. കൂടാതെ നമ്മുടെ പ്രവചനത്തിനതീതമായ സംഭവങ്ങള്‍ നമ്മെ അലട്ടിയേക്കാം. അതിനുദാഹരണമാണ് കോവിഡും യുദ്ധവും മറ്റും. ഇതിനെല്ലാമുപരി നമ്മുടെ സാമൂഹിക, സാമ്പത്തിക ഭാവിയെ സ്വാധീനിക്കാന്‍ കഴിവുള്ള കുറെ കാര്യങ്ങളുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ഒട്ടും ചിന്തിക്കാത്തതും, എന്നാല്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കു വിപരീതമായി നമ്മെ സാമ്പത്തികമായി തകര്‍ക്കാന്‍ സാധ്യതയുള്ള ചില കാര്യങ്ങളെപ്പറ്റി ഒന്ന് ചര്‍ച്ച ചെയ്യാം

ജോലി
ഇന്ന് വളരെയധികം ഡിമാന്‍റുള്ള ഒരു ജോലി ചിലപ്പോള്‍ നാളെ നാമാവശേഷമായേക്കാം. ഒരു പ്രത്യേക
സ്കില്‍ അഥവാ കഴിവ് ഉള്ള ഒരാള്‍ക്ക് പണ്ടുകാലത്ത് ആ കഴിവ് ഉപയോഗിച്ച് വര്‍ഷങ്ങളോളം ജോലിയെടുക്കാനും പണം സമ്പാദിക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ എത്ര കഴിവുള്ള ആള്‍ക്കുപോലും അയാളുടെ കഴിവ് അധിക കാലം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ ഇന്നുണ്ട്. നാളെയുടെ വരുമാനത്തെപ്പറ്റി നാം കണക്കു കൂട്ടുമ്പോള്‍ ഒരു കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ കഴിവുകളെ പോഷിപ്പിച്ച് ഏത് വെല്ലുവിളിയെയും നേരിടാനുള്ള സന്നദ്ധത ഉറപ്പുവരുത്തുക. ഡ്രൈവര്‍, പാചകക്കാരന്‍, കൃഷിക്കാരന്‍ എന്നുവേണ്ട ഏതു തൊഴിലിനും വെല്ലുവിളിയുണ്ട്. വിരമിച്ചതിനു ശേഷം ട്യൂഷന്‍ എടുത്തു ജീവിക്കാം എന്ന് കരുതിയിരുന്ന അധ്യാപകര്‍ ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. ഓരോ ദിവസവും പുതിയ കണ്ടെത്തലുകള്‍ നടന്നു കൊണ്ടിരിക്കുന്ന ലോകത്ത് സ്വന്തം വരുമാനത്തിനുള്ള സംവിധാനവും, കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനുള്ള ഒരുക്കങ്ങളും അമാന്തമില്ലാതെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കണം.
വരുമാനവും വളര്‍ച്ചയും
പ്രതിവര്‍ഷം സാധാരണ 5 മുതല്‍ 10 ശതമാനം വരെയാണ് ഒരാളുടെ ശമ്പളത്തിന്‍റെ വര്‍ദ്ധന. ചില സന്ദര്‍ഭങ്ങളില്‍ വരുമാനം വളരാതെയും വരാം. ഇടയ്ക്ക് ജോലിചെയ്യാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാം. വരുമാനത്തില്‍ വളര്‍ച്ച ഇല്ലാതിരിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്യുന്ന അവസരത്തില്‍ അത് സാമ്പത്തിക നിക്ഷേപങ്ങളെയും മറ്റു നീക്കിയിരുപ്പുകളെയും ബാധിക്കും. വരുമാനം കൂടുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാതിരിക്കുന്നതും നിക്ഷേപ വളര്‍ച്ചയെ ബാധിക്കും. ഓരോ വര്‍ഷവും വരുമാനം കൂടുന്നതിനനുസരിച്ച നിക്ഷേപത്തുകയും കൂടുമെന്ന അനുമാനത്തിലാണ് ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ നാം മെനയുന്നത്. ഇതില്‍ പിഴവ് സംഭവിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഇതിന് ഒരു പോംവഴി, ഇന്ന് തന്നെ കഴിയുന്നത്ര തുക നീക്കിയിരുപ്പിലേക്ക് കരുതിയാല്‍ ഭാവിയിലെ ഷോക്ക് ഒഴിവാക്കാം.

പലിശനിരക്കുകള്‍
ഇന്ന് ഭവന വായ്പ എടുക്കുന്നയാള്‍ക്ക് കുറഞ്ഞ പലിശയില്‍ കുറഞ്ഞ മാസതവണ കൊണ്ട് ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ പലിശനിരക്ക് കൂടുമ്പോള്‍ മാസതവണയും അതിനനുസരിച്ച് കൂടും. റിട്ടയര്‍മെന്‍റിനു പുറമേക്ക് മാസതവണ നീട്ടിയാല്‍ മാത്രമേ തവണസംഖ്യ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ വരുമാനം കൊണ്ട് കാര്യങ്ങള്‍ നടന്നു പോകുമെങ്കിലും. നാളെ അതൊരു ബാധ്യതയായി മാറിയേക്കാം. വായ്പതീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇതെല്ലാം കണക്കിലെടുത്തുവേണം മുന്നോട്ടു നീങ്ങാന്‍.
നിക്ഷേപ പലിശയുടെ കാര്യവും ഇതുതന്നെയാണ്. ഇന്ന് ലഭിക്കുന്ന പലിശ നാളെ കിട്ടിയേക്കാമെന്നില്ല. അങ്ങനെ വരുമ്പോള്‍ സമാഹരിക്കപ്പെടുന്ന സ്വത്ത് കുറഞ്ഞു പോയേക്കാം. അതുകൊണ്ടാണ് ഒരു മുഴം മുന്നോട്ട് ചിന്തിച്ച് ആവശ്യത്തിലും ഒരുപിടി കൂടുതല്‍ കരുതാന്‍ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല, സ്ഥിരനിക്ഷേപങ്ങളെ അധികം ആശ്രയിക്കാതെ ഓഹരിയധിഷ്ഠിതവും മറ്റുമായി വിവിധ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം.

വിശ്വാസ്യത
ഒരാള്‍ക്ക് ഒരു രൂപ കടമായി കൊടുക്കുമ്പോള്‍ അത് തിരിച്ചു കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടത് കൊടുക്കുന്ന ആളുടെ കടമയാണ്. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുമ്പോഴും ഓഹരികളില്‍ നിക്ഷേപിക്കുമ്പോഴും ബാങ്കില്‍ സ്ഥിര നിക്ഷേപമായാല്‍പോലും നിക്ഷേപിക്കപ്പെടുന്ന സംരംഭത്തിന്‍റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരൊറ്റ നിക്ഷേപത്തിലേക്ക് നിങ്ങളുടെ മൊത്ത ആസ്തിയുടെ 10 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്തതുമാണ്.
മേല്‍പ്പപറഞ്ഞവ കൂടാതെ മറ്റനേകം കാര്യങ്ങളുണ്ട്. കാലാവസ്ഥാവ്യതിയാനം, മലിനീകരണം, ജല ലഭ്യത, വൈദ്യുതി, ഇന്ധനം, ഭക്ഷണ ദൗര്‍ലഭ്യത, റിയല്‍ എസ്റ്റേറ്റ് വിലകള്‍, പാര്‍പ്പിട ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ പലതും. ഈ ഓരോന്നിനും നമ്മുടെ ഭാവി സാമ്പത്തികത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. മികച്ച നിക്ഷേപ തീരുമാനങ്ങളും ജീവിത നിഷ്ഠയും കൊണ്ട് ഒരാള്‍ക്ക് പ്രതിബന്ധങ്ങളെ തരണം ചെയ്ത് നല്ല ഭാവി മെനഞ്ഞെടുക്കാവുന്നതാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here