വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ പതിവാകുമ്പോള്‍ കരുതലോടെ നിക്ഷേപിക്കുക

0
2242
stock market

ബോംബെ ഓഹരിസൂചികയായ സെന്‍സെക്സ് എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ശേഷം പതിനായിരത്തി എഴുനൂറ്റന്‍പത് പോയിന്‍റിലധികം താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഓഹരിവിപണിയിലുള്ള ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ എന്ത് ചെയ്യണം എന്ന തീരുമാനം എടുക്കാന്‍ കഴിയാതെ നിക്ഷേപകര്‍ ധര്‍മ്മ സങ്കടത്തിലാവുകയും അവസാനം നഷ്ടത്തില്‍ കയ്യിലുള്ള ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വില്‍ക്കുന്ന സാഹചര്യമാണ് കണ്ടു വരുന്നത്. ഇപ്പോഴത്തെ സാഹചര്യം തന്നെ നോക്കിയാല്‍ വലിയ ലാഭം കാണിച്ചിരുന്ന ഓഹരി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ലാഭം കുറയുകയോ നഷ്ടത്തിലാവുകയോ ചെയ്തിട്ടുണ്ടാവും. കോവിഡ് എന്ന മഹാമാരി തുടങ്ങിയ സമയത്ത് ഓഹരിവിപണി വളരെയേറെ താഴ്ന്നുവെങ്കിലും പിന്നീട് ഈ അടുത്ത കാലം വരെ ഉയര്‍ച്ചയുടെ വാര്‍ത്ത മാത്രമാണ് കേട്ടുകൊണ്ടിരുന്നത്. ആ വന്‍ വീഴ്ചയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിച്ചവരുടെ പോര്‍ട്ട്ഫോളിയോ ചില സമയങ്ങളില്‍ 50 ശതമാനവും അതില്‍ കൂടുതലും വളര്‍ച്ച തന്നിട്ടുണ്ടാവും എന്നാലും ശരാശരി 25-35 ശതമാനത്തിനിടയില്‍ വളര്‍ച്ച ഭൂരിഭാഗം പോര്‍ട്ട്ഫോളിയോയിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആ അനിശ്ചിതാവസ്ഥയിലും ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തിരഞ്ഞെടുത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വളര്‍ച്ച ലഭിച്ചത്. എന്നാല്‍ എപ്പോഴും ഓഹരി വിപണിയിലെ വന്‍ വീഴ്ചയ്ക്ക് ശേഷം ഇതുപോലെ വളര്‍ച്ച ലഭിച്ചുവെന്ന് വരില്ല. ചിലപ്പോള്‍ വീണ്ടും താഴേക്കും പോകുകയോ വിപണി പൂര്‍വ്വ സ്ഥിതിയിലേക്ക് എത്താന്‍ സമയമെടുക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയുള്ള നിക്ഷേപം നടത്തണം എന്നുള്ളത് അറിഞ്ഞിരിക്കണം.

നിക്ഷേപത്തുക നിശ്ചയിക്കുക
ഓഹരിയധിഷ്ഠിത നിക്ഷേപത്തില്‍ എത്തരത്തിലുള്ള തുകയാണ് നിക്ഷേപിക്കേണ്ടത് എന്നത് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്. ഓഹരിവിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് അതിന്‍റെ പ്രകടനം പ്രവചനാതീതമാണ്. അതുകൊണ്ട് പെട്ടെന്ന് ആവശ്യം വരികയില്ലാത്തതും മറ്റു ജീവിത ലക്ഷ്യങ്ങളെ ബാധിക്കാത്തതുമായ തുക കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് പ്രധാനം. ചില സന്ദര്‍ഭങ്ങളില്‍ നിക്ഷേപത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സമയമെടുത്തേക്കാം. ഇത്തരം സാഹചര്യത്തിലും നിക്ഷേപം തുടര്‍ന്നുകൊണ്ട് പോകാന്‍ സാധിക്കണം. അല്ലാത്ത പക്ഷം പ്രതീക്ഷിക്കുന്ന നേട്ടത്തേക്കാള്‍ കോട്ടമായിരിക്കും ഉണ്ടാവുക.

നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുക
നിക്ഷേപ കാലാവധിയാണ് അടുത്ത പ്രധാന ഘടകം. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളുടെ വളര്‍ച്ച നിരക്കും കാലാവധിയും മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കാത്തതുകൊണ്ട് ദീര്‍ഘകാലം കുറഞ്ഞത് 5 വര്‍ഷമെങ്കിലും കണ്ടുവേണം നിക്ഷേപം നടത്താന്‍. ഹ്രസ്വകാല വളര്‍ച്ച മുന്നില്‍കണ്ട് ഒരിക്കലും ഓഹരിനിക്ഷേപം നടത്തരുത് എന്നതിന് ഉദാഹരണമാണ് ഈ അടുത്ത കാലത്ത് വന്ന എല്‍ഐസി ഐപിഒ. ഈ ഓഹരി ലിസ്റ്റ് ചെയ്യമ്പോള്‍ത്തന്നെ നേട്ടം ഉണ്ടാക്കാമെന്നുകരുതി പലരും നിക്ഷേപിക്കുകയും എന്നാല്‍ ഓഹരിവിപണിയില്‍ ഉണ്ടായ വീഴ്ച ഈ ഓഹരിയുടെ പ്രകടനത്തെ ബാധിച്ചതുകൊണ്ട് ലാഭമെടുത്ത് വില്‍ക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. ഭാവിയില്‍ ഈ ഓഹരി മികച്ച പ്രകടനം ചിലപ്പോള്‍ നടത്തിയേക്കും എന്നാല്‍ അതുവരെ ഈ നിക്ഷേപം തുടരാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടാകുക എന്നതാണ് പ്രധാനം.

നിക്ഷേപ രീതി
ഇപ്പോള്‍ വിപണിയില്‍ ചാഞ്ചാട്ടം കൂടുതലാണ്. ആയതുകൊണ്ട് ഒറ്റയടിക്കുള്ള നിക്ഷേപത്തേക്കാള്‍ ഘട്ടം ഘട്ടമായുള്ള അനിക്ഷേപമായിരിക്കും കൂടുതല്‍ അനുയോജ്യം. ഇപ്പോള്‍ ഓഹരികള്‍ താഴ്ന്ന നിലയില്‍ ആണെങ്കിലും ഇനിയും താഴാനുള്ള സാധ്യത ഉണ്ടോ എന്ന പ്രവചിക്കാനാവാത്തതുകൊണ്ട് ഒറ്റത്തവണ നിക്ഷേപത്തേക്കാള്‍ എസ്ഐ പി പോലുള്ള നിക്ഷേപമാണ് അനുയോജ്യം. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക പല ഘട്ടങ്ങളായി നിക്ഷേപിച്ചതിലൂടെ വിപണിയില്‍ താഴ്ച ഉണ്ടായാല്‍ ശരാശരി വില കണ്ടെത്താന്‍ ഇത് സഹായിക്കും.

വിദഗ്ധരുടെ നിര്‍ദ്ദേശം
ഓഹരിവിപണിയിലെ നഷ്ടസാധ്യത മനസിലാക്കുക എന്നതാണ് പ്രധാനം. ഇതില്‍ പ്രാവീണ്യം ഇല്ല എങ്കില്‍ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഓഹരി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുക.

First published in Mangalam