മ്യൂച്ചല്‍ ഫണ്ടുകളെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍

0
1229
Mutual funds


ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം പ്രതിഫലിക്കുന്നത് ഓഹരി വിപണിയില്‍ ആണ.് അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ വികസനത്തിന്‍റെ പങ്ക് ലഭിക്കുന്നതിന് ഓഹരി വിപണിയിലെ നിക്ഷേപം സഹായിക്കും. എന്നാല്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വാര്‍ത്തകള്‍ സാധാരണക്കാരെ ഈ നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. വിപണിയെക്കുറിച്ച് കാര്യമായ അറിവും വൈദഗ്ദ്ധ്യവും ഇല്ലാത്തതും ഓഹരി വിപണിയില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്തുന്ന ഒരു ഘടകമാണ്.

ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍. വിപണിയെക്കുറിച്ച് അഗാധമായ പാണ്ഡിത്യം ഇല്ലാത്തവര്‍ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വഴി ഓഹരി വിപണിയുടെ ആനുകൂല്യങ്ങള്‍ നേടാനാകും. നിക്ഷേപകരുടെ ഇടയില്‍ നിന്ന് സമാഹരിക്കുന്ന നിക്ഷേപം വിവിധ നിക്ഷേപ പദ്ധതികള്‍ ആയ ഓഹരികള്‍, ബോണ്ടുകള്‍, ഗവണ്‍മെന്‍റ് സെക്യൂരിറ്റികള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ നിക്ഷേപിച്ച് അതിന്‍റെ വളര്‍ച്ച നിരക്കിന് അനുസരിച്ചാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.

അസറ്റ് മാനേജ്മെന്‍റ് കമ്പനികളുടെ നേതൃത്വത്തിലാണ് മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതും അതിലേക്കുള്ള നിക്ഷേപം സമാഹരിക്കുന്നതും. ഒരു മ്യൂച്ചല്‍ ഫണ്ട് പദ്ധതി വിപണിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ആ പദ്ധതി ഏതുതരത്തിലുള്ള നിക്ഷേപമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് മുന്‍കൂട്ടി പറഞ്ഞിരിക്കും. ഈ വാഗ്ദാനത്തിനനുസരിച്ച് ആയിരിക്കും മ്യൂച്ചല്‍ ഫണ്ട് പദ്ധതി പ്രവര്‍ത്തിക്കുന്നത.് ഫണ്ടുകളെ പൊതുവേ ഇക്വറ്റി മ്യൂച്ചല്‍ ഫണ്ടുകള്‍, ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇവകൂടാതെ ഹൈബ്രിഡ് ഫണ്ടുകളും വിപണിയില്‍ ഉണ്ട്. ഇന്ന് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകളും അവ എന്താണ് ഉദ്ദേശിക്കുന്നത് എന്നും നോക്കാം.

എഎംസി: നേരത്തെ പറഞ്ഞതുപോലെ മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ വിപണിയിലെത്തിക്കുന്നതും തുക സമാഹരിക്കുന്നതും എഎംസികളാണ്.

ഫണ്ട് മാനേജര്‍: ഫണ്ട് മാനേജര്‍മാരാണ് നിക്ഷേപകര്‍ക്ക് വേണ്ടി അവരുടെ നിക്ഷേപ തുക കൈകാര്യം ചെയ്യുന്നത്. മ്യൂച്ചല്‍ ഫണ്ട് പദ്ധതികളുടെ വളര്‍ച്ച ഫണ്ട് മാനേജരുടെ കഴിവിനെ കൂടി ആശ്രയിച്ചിരിക്കും.

എക്സ്പെന്‍സ് റേഷ്യോ: നിക്ഷേപകര്‍ക്ക് വേണ്ടി അവരുടെ നിക്ഷേപ തുക കൈകാര്യം ചെയ്യുന്നതിന് എ എംസി നിക്ഷേപകരുടെ കയ്യില്‍ നിന്നും ഒരു ചെറിയ തുക ഫീസിടാക്കുന്നുണ്ട്. ഈ തുകയാണ് എക്സ്പെന്‍സ് റേഷ്യോ എന്ന് പറയുന്നത്.

എന്‍എവി: മ്യൂച്ചല്‍ ഫണ്ടുകള്‍ വിവിധ ഓഹരികളുടെയും ബോണ്ടുകളുടെയും മറ്റും ചേര്‍ന്ന ഒരു പോര്‍ട്ട്ഫോളിയോ ആണ്. ഈ നിക്ഷേപ പോര്‍ട്ട്ഫോളിയുടെ ഒരു യൂണിറ്റിന്‍റെ വിലയാണ് എന്‍എവി എന്ന് പറയുന്നത്.

യൂണിറ്റ്: പോര്‍ട്ഫോളിയോ ആകെ തുകയെ യൂണിറ്റുകളായാണ് തരംതിരിച്ചിരിക്കുന്നത്. പദ്ധതികളില്‍ നിക്ഷേപിക്കുമ്പോള്‍ ആ സ്കീമിന്‍റെ യൂണിറ്റാണ് ലഭിക്കുന്നത് ഒരു യൂണിറ്റിന്‍റെ വില വ്യത്യാസം വരുന്നത് അനുസരിച്ച് നിക്ഷേപ തുകയുടെ വളര്‍ച്ച കണക്കാക്കുന്നത്.

എസ്ഐപി: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു പദ്ധതിയില്‍ തുടര്‍ച്ചയായി ഒരു നിശ്ചിത ദിവസം നിശ്ചിതകാലത്തേക്ക് നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്

എയുഎം: ഒരു നിക്ഷേപ പദ്ധതിയുടെ ആകെ നിക്ഷേപ മൂല്യത്തെ അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ് അഥവാ എയുഎം എന്നു പറയും.

എക്സിറ്റ് ലോഡ്: ഫണ്ടുകള്‍ നിശ്ചിതകാലത്തിന് മുമ്പ് തുക പിന്‍വലിച്ചാല്‍ ചെറിയ ചാര്‍ജ് നല്‍കേണ്ടി വരും. ഈ ചാര്‍ജിനെ എക്സിറ്റ് ലോഡ് എന്നാണ് പറയുന്നത്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here