മള്‍ട്ടിക്യാപും ഫ്ളെക്സിക്യാപും തമ്മില്‍

0
1719

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നാല്‍ തിരഞ്ഞെടുത്ത ഒരു പറ്റം ഓഹരികളിലേക്ക് വിദഗ്ധരായ ഒരാളുടെ സഹായത്തോടെ നിക്ഷേപിക്കുക എന്നാണര്‍ത്ഥം. ആ നിക്ഷേപത്തിന്‍റെ സംചലനവും ഏത് ബിസിനസ്സില്‍ നിക്ഷേപിക്കണം, എപ്പോള്‍ പിന്‍വലിക്കണം എന്നുള്ള തീരുമാനങ്ങളുമെല്ലാം ആ സ്കീം നിയന്ത്രിക്കുന്ന വിദഗ്ധന്‍റേതായിരിക്കും. മ്യൂച്വല്‍ ഫണ്ടില്‍ അനേകം തരത്തിലുള്ള സ്കീമുകളുണ്ടെങ്കിലും ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഫ്ളെക്സിക്യാപ് ഫണ്ടുകള്‍. സാധാരണ, സ്കീമുകളെ തരം തിരിക്കുന്നത് അവ നിക്ഷേപിക്കുന്ന ഓഹരി വിഭാഗത്തിന്‍റെയും തിരഞ്ഞെടുക്കുന്ന ബിസിനസ് മേഖലയെയും ആധാരമാക്കിയാണ്. വലിയ കമ്പനികള്‍, ഇടത്തരം കമ്പനികള്‍, ചെറിയ കമ്പനികള്‍ എന്നിങ്ങനെ കമ്പനികളുടെ ആസ്തിക്കനുസൃതമായിട്ടുള്ള സ്കീമുകള്‍, അതുപോലെ, ഒരു പ്രത്യേക വിഭാഗത്തിലുള്ള ബിസിനസ്സുകളിലേക്ക് നിക്ഷേപിക്കുന്നവ (ഉദാ: അടിസ്ഥാന സൗകര്യ വികസനം), കൂടാതെ ഏതെങ്കിലും ജീവിത ലക്ഷ്യം നേടുന്നതിലേക്ക് നിക്ഷേപിക്കാന്‍ സഹായിക്കുന്നവ, എന്നിങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ സ്കീമുകള്‍ ഏറെയുണ്ട്. ഇതില്‍ മിക്ക സ്കീമുകളുടെയും നിക്ഷേപവിന്യാസം ഒരു പ്രത്യേക സ്വഭാവമുള്ള ഓഹരി വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. ഉദാ: ഒരു ലാര്‍ജ്ജ് ക്യാപ് ഫണ്ടിന്‍റെ നിക്ഷേപ മണ്ഡലം എന്നത് ഇന്ത്യയിലെ ഏറ്റവും ആസ്തി കൂടിയ 100 കമ്പനികളാണ്. ഇവയില്‍ നിന്നും തിരഞ്ഞെടുത്ത കുറച്ച് കമ്പനികളിലേക്കാവും ഫണ്ട് മാനേജര്‍ നിക്ഷേപം നടത്തുക. ഈ 100 കമ്പനികള്‍ക്ക് പുറത്തേക്ക് വേണമെങ്കില്‍ മൊത്തം തുകയുടെ 20 ശതമാനത്തോളം നിക്ഷേപിക്കാമെങ്കിലും 80 ശതമാനത്തോളം നിക്ഷേപം ഈ 100 കമ്പനികളിലേക്കായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റെല്ലാ സ്കീമുകളിലും ഓരോ ഓഹരിവിഭാഗത്തിലേക്കും നിക്ഷേപിക്കേണ്ട അനുപാതം കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു കടുംപിടിത്തം ഇല്ലാത്ത ഒരേയൊരു വിഭാഗമാണ് ഫ്ളെക്സിക്യാപ്. പേരില്‍ തന്നെ ആ വിഭാഗത്തിന്‍റെ വിധേയത്വവും വഴക്കവും സ്പഷ്ടമാണ്. ഏതു ഓഹരിവിഭാഗത്തിലേക്കും, ഏതു മേഖലയിലേക്കും എത്ര അനുപാതത്തില്‍ വേണമെങ്കിലും നിക്ഷേപം വിന്യസിക്കാന്‍ ഈ തരം സ്കീമില്‍ ഫണ്ട് മാനേജര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ ഫണ്ട് മാനേജരുടെ സ്വന്തം ഫണ്ടെന്ന പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്.

അപ്പോള്‍ മള്‍ട്ടിക്യാപോ?

ഫ്ളെക്സിക്യപില്‍ ഏതു തരം കമ്പനികളിലേക്കും എത്ര അനുപാതം വേണമെങ്കിലും നിക്ഷേപിക്കാം. കുറഞ്ഞത് 65 ശതമാനം നിക്ഷേപം ഓഹരികളിലേക്കു വിന്യസിക്കണം എന്നു മാത്രം. അല്ലെങ്കില്‍ ആ സ്കീം ഓഹരിയധിഷ്ഠിത സ്കീമല്ലാതായി മാറും. ഒരു സമയത്ത് ഇടത്തരം കമ്പനികളാണ് നിക്ഷേപിക്കാന്‍ മികച്ചതെങ്കില്‍ 100 ശതമാനം വിന്യാസവും അതിലേക്കാക്കാന്‍ ഈ സ്കീമില്‍ ഫണ്ട് മാനേജര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഈ കാര്യത്തിലാണ് ഫ്ളെക്സിക്യാപ് മള്‍ട്ടിക്യാപുമായി വെത്യാസപ്പെട്ടിരിക്കുന്നത്. മള്‍ട്ടിക്യാപില്‍ വലിയ, ഇടത്തരം, ചെറിയ കമ്പനികളിലേക്ക് യഥാക്രമം കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപം എപ്പോഴും ഉണ്ടായിരിക്കണം. ഇതില്‍ ഏതെങ്കിലുമൊരു വിഭാഗം വിന്യാസത്തില്‍ കുറവ് വരുത്താന്‍ സാധിക്കില്ല. ഇങ്ങനെ 75 ശതമാനമെങ്കിലും ഈ മൂന്നു വിഭാഗങ്ങളിലുമായി നിക്ഷേപിക്കപ്പെടും. ബാക്കിയുള്ള തുക ഏതുവിധേനയും നിക്ഷേപിക്കാം. ബാക്കിവരുന്ന 25 ശതമാനത്തിന്‍റെ വിന്യാസമാണ് സ്കീമിന്‍റെ യഥാര്‍ത്ഥ വളര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നത്.

ഏതില്‍ നിക്ഷേപിക്കണം?

നിങ്ങള്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ മള്‍ട്ടിക്യാപിനേക്കാള്‍ റിസ്ക് കൂടുതലാണ് ഫ്ളെക്സിക്യാപില്‍. കാരണം അതിന്‍റെ വളര്‍ച്ച പൂര്‍ണ്ണമായും ഫണ്ട് മാനേജരുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഫ്ളെക്സിക്യപില്‍ രണ്ടു വെല്ലുവിളികളുണ്ട്. ഒന്ന്, മികച്ച ഓഹരി വിഭാഗം തിരഞ്ഞെടുക്കുക. അതായത് വലുതോ, ഇടത്തരമോ അതോ ചെറിയ കമ്പനികളോ എന്ന തീരുമാനം. അവയിലേക്കുള്ള വിന്യാസത്തിന്‍റെ അനുപാതം കൃത്യമായി തീരുമാനിക്കുക. രണ്ട മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കുക. മള്‍ട്ടിക്യാപില്‍ രണ്ടാമത്തെ കാര്യം മാത്രം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മതി. അതുകൊണ്ടു തന്നെ വളര്‍ച്ചാനിരക്ക് ഫ്ളെക്സിയെക്കാള്‍ കുറവായിരിക്കണം മള്‍ട്ടിക്യാപില്‍. അങ്ങനെയെങ്കില്‍ മാത്രമേ ആ ഫണ്ട് മാനേജര്‍ കഴിവുള്ളയാളാണെന്ന് നമുക്ക് പറയാന്‍ സാധിക്കൂ. ഈ ഒരു അളവുകോല്‍ നമുക്ക് വിവിധ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ തമ്മില്‍ താരതമ്യം ചെയ്യാനും ഉപയോഗിക്കാം. ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ നിക്ഷേപനിയന്ത്രണ പാടവം മനസ്സിലാക്കാന്‍ അവരുടെ മള്‍ട്ടിക്യാപും ഫ്ലെക്സിക്യാപും തമ്മില്‍ വളര്‍ച്ചയിലുള്ള വെത്യാസം നോക്കിയാല്‍ മതി.

മികച്ച രീതിയില്‍ മാനേജ് ചെയ്യുന്ന ഫ്ളെക്സിക്യപ് ഫണ്ട് ഒന്ന് മാത്രം മതി ഒരാള്‍ക്ക് വര്‍ഷങ്ങളോളം നിക്ഷേപിക്കാന്‍. പ്രത്യേകിച്ചു ഒരു വിശകലനവും കൂടാതെ ഏതൊരാള്‍ക്കും നിക്ഷേപിക്കാവുന്ന സ്കീമുകളാണ് മള്‍ട്ടിക്യാപും ഫ്ളെക്സിക്യാപും. ഇതില്‍ റിസ്കും വളര്‍ച്ചയും കൂടുതലുണ്ടാകാന്‍ സാധ്യത ഫ്ളെക്സിക്കായതുകൊണ്ട് അതിനനുസരിച്ച നിക്ഷേപതീരുമാനം എടുക്കാം. നിങ്ങള്‍ ഒരു തുടക്കകാരനാണെങ്കില്‍ പോലും ഈ രണ്ടു വിഭാഗവുമായിരിക്കും നിക്ഷേപിക്കാന്‍ ഉചിതം. അഞ്ചു വര്‍ഷത്തിന് മുകളിലേക്കുള്ള ഏതാവശ്യത്തിലേക്കും പ്രതിമാസം നിക്ഷേപിക്കാന്‍ ഏറ്റവും യോജിച്ച സ്കീമാണ് ഇവ രണ്ടും.

LEAVE A REPLY

Please enter your comment!
Please enter your name here