പ്രതിസന്ധിക്കിടയിലും ‘മിസ്റ്റർ മാർക്കറ്റ്’

1
5594

നിക്ഷേപ ഗുരുവായ ബെഞ്ചമിൻ ഗ്രഹാം ആണ് ‘മിസ്റ്റർ മാർക്കറ്റ് ’ എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. വിപണിയുടെ വിപരീത പ്രവണതകൾ വിശദീകരിക്കാനാണ് മിസ്റ്റർ മാർക്കറ്റ് എന്ന ആശയം ഗ്രഹാം വികസിപ്പിച്ചത്. ഏപ്രിൽ മാസത്തിന്റെ തുടക്കം മുതൽ വിപണി ഈ പ്രയോഗം ശരിവെച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്കിടയിലും ഓഹരി വിപണി ശാന്തത നിലനിർത്തുന്നു. പരിചയസമ്പന്നരായ നിക്ഷേപകർ ഉൾപ്പെടെ പലരേയും സംബന്ധിച്ചിടത്തോളം തികച്ചും യുക്തിഹീനമാണ് വിപണിയുടെ പെരുമാറ്റത്തിലെ ഈ വൈരുധ്യം. 

വിപണിയിലെ ഒരു പ്രമുഖൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ‘‘ചുറ്റും നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധിക്കാതെ ഓഹരി വിപണി കുതിക്കുന്നത്  കാണുമ്പോൾ അറപ്പുളവാകുന്നു’’. ഇത്തരം പ്രതികരണങ്ങൾ സഹാനുഭൂതിയോടെയുള്ളതും സാധാരണവും മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ വിപണി വ്യത്യസ്തമായ ഒരു മൃഗമാണ്. ചുറ്റുപാടുമുള്ള യാതനകളോട് യാതൊരു ദയയും കാണിക്കാത്ത പെരുമാറ്റം അതിന്റെ മൃഗീയതയിൽ നിന്നുളവാകുന്നതാണ്. ദീർഘദൃഷ്ടിയുള്ള നിക്ഷേപകർ പരിശോധിക്കേണ്ടത് വിപണിയുടെ വിരുദ്ധമായ ഈ സ്വഭാവവിശേഷത്തിനു പിന്നിലുള്ള സാമ്പത്തികവും ധനപരവുമായ യുക്തിയാണ്.

പൊരുത്തക്കേട് പുതിയ കാര്യമല്ല

വിപണിയും സാമ്പത്തിക രംഗവുമായുള്ള പൊരുത്തക്കേട് പുതിയ കാര്യമല്ല. 2021 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ എട്ട്‌ ശതമാനത്തോളം സങ്കോചിക്കുകയുണ്ടായി. എന്നാൽ ഇതേ കാലയളവിൽ  ഇതിനു വിരുദ്ധമായി നിഫ്റ്റി 71 ശതമാനം നേട്ടത്തോടെ വിരുദ്ധമായ പ്രവണത കാണിച്ചു.

 വിപണിയുടെ കാഴ്ചപ്പാടിൽ ഈ പൊരുത്തക്കേട് യുക്തിസഹമാണ്. ദശലക്ഷക്കണക്കിനാളുകൾ പ്രയാസമനുഭവിക്കുകയും ചെറുകിട-ഇടത്തരം ബിസിനസുകൾ നിലനിൽപ്പിനായി ക്ലേശിക്കുകയും ചെയ്തപ്പോഴും വിപണി പ്രതിനിധീകരിക്കുന്ന സംഘടിത മേഖല ലാഭമുണ്ടാക്കുക തന്നെ ചെയ്തു. സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ ഇനിയും പൂർണമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഐ.ടി., പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ, ലോഹങ്ങൾ, ഫാർമ, സിമന്റ് എന്നിവയുൾപ്പെടെ വ്യത്യസ്ത മേഖലകളുടെ ഫല സൂചനകളിൽ നല്ല തോതിലുള്ള വളർച്ചയാണ് കാണിക്കുന്നത്. 12 മുതൽ 15 ശതമാനം വരെ ലാഭ വളർച്ച രേഖപ്പെടുത്തിക്കൊണ്ടായിരിക്കും 2021 സാമ്പത്തിക വർഷം അവസാനിക്കുക എന്ന്‌ അനുമാനിക്കാം. സാമ്പത്തിക മേഖല തീവ്ര മാന്ദ്യത്തിന്റെ പിടിയിലായിട്ടും സംഘടിത കോർപറേറ്റുകൾ ലാഭമുണ്ടാക്കുന്ന ഈ വൈരുധ്യത്തെ വിപണി അംഗീകരിക്കുകയാണ്. വിപണി പ്രതിസന്ധിയോട് അനുതാപം പ്രകടിപ്പിക്കുമെന്ന് കരുതാൻ വയ്യ. അതാണ് ഈ മൃഗത്തിന്റെ സ്വഭാവം.

വിപണികളുടെ കാഴ്ചപ്പാട് രണ്ടാം തരംഗത്തിനപ്പുറത്തേക്ക്  

വിപണികൾ മുന്നോട്ടു നോക്കുന്നവയാണ്. 2020-ൽ ലോകം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തീവ്രമായ അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. തീവ്രമായ ഈ അനിശ്ചിതത്വമാണ് 2020 മാർച്ചിൽ വിപണികളിൽ തകർച്ചയുണ്ടാക്കിയത്. എന്നാൽ വാക്‌സിന്റെ വരവോടെ അനിശ്ചിതത്വം മാറി വ്യക്തത കൈവന്നു.  മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ വാക്‌സിനുകൾ വിജയിക്കും എന്ന പ്രതീക്ഷയാണ് ഈ വ്യക്തതയ്ക്ക് നിദാനം. കൂടാതെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത സാമ്പത്തിക, ധന ഉത്തേജക പദ്ധതികളിലൂടെ ലോക സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരികയാണിപ്പോൾ. 
  ചൈന, യു.എസ്., യൂറോപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള ഈ വളർച്ചാ വീണ്ടെടുപ്പ് ഇപ്പോൾ ശക്തമാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകളും ഇപ്പോൾ നടക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചാ വീണ്ടെടുപ്പുമാണ് വിപണിയിലെ ബുൾ തരംഗത്തിന്റെ അടിസ്ഥാനം.   

വിദേശ നിക്ഷേപകർ തിരിച്ചുവരും

ഏപ്രിൽ മുതൽ മേയ് ഏഴു വരെയുള്ള കാലയളവിൽ 15,635 കോടി രൂപ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന്  വില്പന നടത്തി കൊണ്ടുപോയ വിദേശ സ്ഥാപനങ്ങൾ ഇപ്പോഴും വില്പന നടത്തുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ പ്രശ്‌നങ്ങൾ തീണ്ടാത്ത ദക്ഷിണ കൊറിയ, തയ്‌വാൻ വിപണികളിൽ അവർ ധാരാളമായി ഓഹരികൾ വാങ്ങുകയും ചെയ്യുന്നു. രണ്ടാം തരംഗം ശമിച്ചു തുടങ്ങുമ്പോൾ വിദേശ സ്ഥാപനങ്ങൾ തിരിച്ചു വരുമെന്നു തീർച്ച. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം കുറയുന്നതിന്റെ ശുഭസൂചനകളുണ്ട്.    

വിപണിയിലെ തിരുത്തലുകൾ ആഗോള തലത്തിലാവും

ചുറ്റുപാടുമുള്ള യാതനകളോട് അനുതാപം രേഖപ്പെടുത്തി, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയാവുന്നതെല്ലാം നിക്ഷേപകർക്ക് ചെയ്യാവുന്നതാണ്. എന്നാൽ നിക്ഷേപകർ എന്ന നിലയിൽ നാം വിപണിയെ നിർവികാരതയോടെ സമീപിക്കുകയും ആഗോള വിപണി കുതിക്കുമ്പോൾ നിക്ഷേപം നിലനിർത്തുകയുമാണു വേണ്ടത്. തിരുത്തൽ ഒഴിച്ചുകൂടാനാവാത്തതാണ്. വികസിത രാജ്യങ്ങളിൽ വിലക്കയറ്റം തിരിച്ചുവരികയും കേന്ദ്ര ബാങ്കുകൾ ഉദാര പണ നയം അവസാനിപ്പിക്കുന്നതിന്റെ സൂചനകൾ നൽകുകയും ചെയ്യുമ്പോഴായിരിക്കും വിപണിയിൽ ശക്തമായ തിരുത്തലുകൾ ഉണ്ടാവുക. എന്നാൽ അത് ഉടനെ ഉണ്ടാവില്ല.
അതിനാൽ, നിക്ഷേപകർ നിക്ഷേപം നിലനിർത്തുക തന്നെ വേണം. പ്രത്യേകിച്ച്  ലാഭം ഉറപ്പുള്ള ഐ.ടി., ലോഹ, ഫാർമ മേഖലകളിലും പ്രമുഖ ധനകാര്യ സ്ഥാപന ഓഹരികളിലും. ക്ലേശകരമായ ഇക്കാലത്ത്  ജാഗ്രതയോടെയുള്ള മുന്നൊരുക്കമെന്ന നിലയിൽ വിലകൾ ഉയർന്നു നിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഭാഗികമായി ഓഹരികൾ വിൽക്കുകയും കുറച്ചു പണം സ്ഥിര വരുമാന ആസ്തികളിലേക്കു മാറ്റുകയും ചെയ്യുന്ന കാര്യം പരിഗണിക്കാവുന്നതാണ്. 

First published in Mathrubhumi

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here