പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. പുതുവര്‍ഷം പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗം പേരും വിനിയോഗിക്കുന്നത്. ഇത്തരത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും തുടര്‍ന്നുകൊണ്ടു പോകാന്‍ സാധിച്ചില്ല എങ്കിലും, ഏതാനും മികച്ച തീരുമാനങ്ങള്‍ എങ്കിലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
വിവിധ നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ പുതുവര്‍ഷം തെരഞ്ഞെടുക്കുന്നത് പോലെ തന്നെ പല മോശം കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ഈ സാഹചര്യം പ്രയോജനപ്പെടുത്തണം. ജീവിതത്തില്‍ പല കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം കൊണ്ടുവരിക എന്നത്’.
സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം കൊണ്ടുവരാനുള്ള ആദ്യപടി സാമ്പത്തിക ആസൂത്രണം നടത്തുക എന്നതാണ.് ഇതുവഴി വലിയ സാമ്പത്തിക ഞെരുക്കങ്ങള്‍ ഇല്ലാതെതന്നെ ജീവിത ലക്ഷ്യങ്ങള്‍ സഫലീകരിക്കാനാകും. നിക്ഷേപങ്ങള്‍ നടത്തിയാല്‍ മാത്രം പോരാ യഥാക്രമം വേണ്ട മാറ്റങ്ങള്‍ പോര്‍ട്ട്ഫോളിയോയില്‍ നടത്തി അതിനെ ബലപ്പെടുത്തുക കൂടി ചെയ്താല്‍ മാത്രമേ പരമാവധി വളര്‍ച്ച ലഭിക്കുന്നതോടൊപ്പം നഷ്ട സാധ്യത കുറയ്ക്കാനുമാകുള്ളൂ.
ഇന്ന് കൂടുതല്‍ പേര്‍ ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ആകൃഷ്ടരായി നിക്ഷേപങ്ങള്‍ നടത്തി വരുന്നുണ്ട്. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ നിക്ഷേപ കാലാവധി, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തി വേണം ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകളും തിരഞ്ഞെടുക്കാന്‍. ഇത്തരത്തില്‍ തുടങ്ങിയ നിക്ഷേപങ്ങളുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിക്കണം. നിക്ഷേപങ്ങളുടെ വളര്‍ച്ച നോക്കുന്നതോടൊപ്പം അവയ്ക്ക് ചുമത്താനിടയുള്ള നികുതി കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ഉദാഹരണമായി ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്‍റെ 1.25 ലക്ഷം രൂപ വരെ നികുതിയില്ല. ഒരോവര്‍ഷവും ഈ തുകയ്ക്കുള്ള ലാഭവിഹിതം എടുക്കുകയാണെങ്കില്‍ അതാത് വര്‍ഷം നികുതിയിളവ് ലഭിക്കും. അതായത് ഒരു നിക്ഷേപത്തിന് 2 ലക്ഷം രൂപ ലാഭമുണ്ട് എങ്കില്‍ 1.25 ലക്ഷം രൂപയുടെ ഓഹരി വില്‍ക്കുക. അത് പ്രകാരം അത്രയും തുക നികുതിയിളവ് ലഭിക്കും. അതിനുശേഷം ഇതേ ഓഹരികള്‍ വാങ്ങി നിക്ഷേപം പഴയ രീതിയില്‍ ആക്കുകയോ മറ്റു നിക്ഷേപ പദ്ധതികളിലേക്ക് മാറ്റുകയോ ചെയ്യാം. വരുമാനം ലഭിക്കുമ്പോള്‍ തന്നെ ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റി ചിലവുകള്‍ നിയന്ത്രിക്കാനാകും. ഇത്തരം നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് സ്വരൂപിക്കാനും ജീവിത ലക്ഷ്യങ്ങള്‍ സഫലീകരിക്കാനും ആകും. പുതുവര്‍ഷത്തിലെ നല്ല തീരുമാനങ്ങള്‍ തുടര്‍ വര്‍ഷങ്ങളില്‍ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കട്ടെ എന്നാശംസിക്കുന്നു.
First published in Mangalam