ഇനി റിസ്ക് അറിഞ്ഞു നിക്ഷേപിക്കാം

0
1556
Investment growth
818794926

കഴിഞ്ഞ വര്‍ഷം കടപ്പത്ര വിപണിയെ ഞെട്ടിച്ച സംഭവമായിരുന്നു ഫ്രാങ്ക്ലിന്‍ ടെംപിള്‍ട്ടണ്‍ എന്ന സ്ഥാപനം അവരുടെ 6 കടപ്പത്ര സ്കീമുകള്‍ പിന്‍വലിച്ചു എന്നത്. റിസ്ക് കൂടിയ പേപ്പറുകളില്‍ അളവിലധികം നിക്ഷേപിക്കുകയും പിന്നീട് വിപണിയില്‍ അനിശ്ചിതത്വം വന്നപ്പോള്‍ നിക്ഷേപിച്ച കടപ്പത്രങ്ങളില്‍ നിന്ന് ഉദ്ദേശിച്ച സമയത്ത് പലിശ കിട്ടാതായപ്പോള്‍ സ്കീമിന്‍റെ പ്രവര്‍ത്തനത്തെ അത് ബാധിക്കുകയാണുണ്ടായത്. ഫ്രാങ്ക്ലിനെ മാത്രമല്ല ഈ പ്രശ്നം അലട്ടിയതെങ്കിലും മറ്റു കമ്പനികള്‍ ഒരു വിധം സ്ഥിതിയില്‍ നിന്ന് രക്ഷപെട്ടു വരികയായിരുന്നു. കടപ്പത്ര നിക്ഷേപങ്ങള്‍ നേരിട്ട ഈ പ്രശ്നത്തിന് ചില പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, ദൈര്‍ഘ്യം കുറഞ്ഞ നിക്ഷേപങ്ങള്‍ ചെയ്യുന്ന സ്കീമുകളിലും കൂടിയ വരുമാനം നേടാന്‍ സ്കീമിന്‍റെ മൊത്തം നിക്ഷേപദൈര്‍ഘ്യത്തെ ബാധിക്കാത്ത തരത്തില്‍ കൂടിയ നിക്ഷേപദൈര്‍ഘ്യമുള്ള കടപ്പത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന്‍റെ ഭാഗമായി സ്കീമിന്‍റെ റിസ്ക് എപ്പോഴും നിര്‍ദ്ദിഷ്ട അളവില്‍ നിന്ന് കൂടി നിന്നിരുന്നു. രണ്ട്, റിസ്ക് കൂടിയ കടപ്പത്രങ്ങളിലേക്കുള്ള വിന്യാസം ചില
സ്കീമുകളില്‍ നിര്‍ദ്ദിഷ്ട അളവിലും കൂടുതലായിരുന്നു. മൂന്ന്, ഓരോ സമയത്ത് സ്കീമില്‍ നിന്ന് വില്‍ക്കുന്നതും പുതിയത് വാങ്ങുന്നതുമായ ബോണ്ടുകള്‍ മൂലം സ്കീമിന്‍റെ മൊത്തം റിസ്കിലുണ്ടാകുന്ന മാറ്റം നിക്ഷേപകരെ ധരിപ്പിച്ചിരുന്നില്ല. ഒരു സ്കീം തുടങ്ങുമ്പോള്‍ ഉള്‍പ്പെടുന്ന റിസ്ക് കാറ്റഗറിയില്‍ തന്നെ നില നിര്‍ത്തിക്കൊണ്ട് പോര്‍ട്ട്ഫോളിയോയില്‍ അളവില്‍ക്കവിഞ്ഞ് റിസ്ക് എടുക്കുക പതിവായി. ഒരു വര്‍ഷം മാത്രം മൊത്തം നിക്ഷേപ ദൈര്‍ഘ്യം പാടുള്ള സ്കീമുകളില്‍ ഒന്നില്‍ കൂടുതല്‍ വര്‍ഷം മെച്യുരിറ്റി വരുന്ന പേപ്പറുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വരുമാനം നേടാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഇതെല്ലാം വീഴ്ചയുടെ ആഘാതം കൂട്ടാനും സ്കീമുകള്‍ അവസാനം അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.

നിലവിലെ രീതി

ഒരു സ്കീമിന്‍റെ റിസ്ക് എത്രയെന്ന് നിക്ഷേപകന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് റിസ്ക്കോമീറ്റര്‍. ഒരു സ്കീം ആദ്യമായി വിപണിയില്‍ ഇറക്കുമ്പോള്‍ അതിന്‍റെ റിസ്ക് എത്രത്തോളം ആയിരിക്കുമെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. പ്രധാനമായും ആറ് തലത്തിലുള്ള റിസ്ക് ആണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ ഉള്ളത്. കടപ്പത്രങ്ങളില്‍ത്തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതിനാണ് ഏറ്റവും റിസ്ക് കുറവ്. ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളില്‍ ചെറുകിട കമ്പനികളുടെ ഓഹരിയില്‍ നിക്ഷേപിക്കുന്ന സ്കീമുകള്‍, അതുപോലെ ഏതെങ്കിലും പ്രത്യേക മേഖലയില്‍ മാത്രം നിക്ഷേപിക്കുന്ന സ്കീമുകള്‍ എന്നിവയ്ക്കാണ് ഏറ്റവും റിസ്ക് കൂടുതല്‍. കടപ്പത്രാധിഷ്ഠിത സ്കീമുകള്‍ക്കും ഓഹരിയധിഷ്ഠിത സ്കീമുകള്‍ക്കുമായി ഒരു റിസ്ക്കോമീറ്റര്‍ ആണുള്ളത്. ഇതും ഒരു ന്യൂനതയാണ്. അതുമാത്രമല്ല, ഒരു സ്കീമില്‍ നിക്ഷേപിക്കുന്ന കടപ്പത്രങ്ങളുടെ സ്വഭാവം നിക്ഷേപകന് മനസ്സിലാക്കാനുള്ള അവസരം കുറവാണ്. വ്യക്തമായി എളുപ്പത്തില്‍ ഒരു സ്കീമിന്‍റെ റിസ്ക് എത്രയെന്ന് കൃത്യമായി അറിയാന്‍ ഇന്ന് സംവിധാനമില്ല. അഥവാ ഉണ്ടെങ്കില്‍ അത് അപൂര്‍ണ്ണവുമാണ്.

പുതിയ രീതി

2021 ജൂണ്‍ ആദ്യവാരമാണ് സെബി ഡെറ്റ് ഫണ്ടുകളുടെ റിസ്ക് അളന്നു തിട്ടപ്പെടുത്താനുള്ള പുതിയ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്. ഇത് ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരികയും ചെയ്യും. പലിശയുമായി ബന്ധപ്പെട്ട റിസ്കും കടപ്പത്രത്തിന്‍റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട റിസ്കും കൂട്ടിച്ചേര്‍ത്ത പുതിയ ഒരു മെട്രിക്സ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ പലിശയുമായി ബന്ധപ്പെട്ട റിസ്കിനെയും വിശ്വാസ്യതയുമായി ബന്ധപ്പെട്ട
റിസ്കിനെയും മൂന്നു തലത്തിലായി വിഭജിച്ചിട്ടുണ്ട്. പലിശയിലെ റിസ്ക് നിക്ഷേപത്തിന്‍റെ ദൈര്‍ഘ്യത്തെ ആധാരമാക്കിയുള്ളതാണ്. ഒരു വര്‍ഷം വരെയുള്ളവയെ ക്ലാസ് 1 ആയും ഒന്നു മുതല്‍ മൂന്നുവര്‍ഷം വരെയുള്ളവയെ ക്ലാസ് 2 ആയും അതില്‍ കൂടുതല്‍ ഉള്ളവയെ ക്ലാസ് 3 ആയും തരം തിരിച്ചിട്ടുണ്ട്. വിശ്വാസ്യതയുടെ അടിസ്ഥാനത്തില്‍ ക്ലാസ് അ ,ആ, ഇ എന്നീ വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. ക്രെഡിറ്റ് സ്കോര്‍ 12 നു മുകളില്‍ ആണെങ്കില്‍ ക്ലാസ് അ ആയും 10നും 12 നും ഇടയിലാണെങ്കില്‍ ക്ലാസ് ആ ആയും 10 നു താഴെ ക്ലാസ് ഇ ആയും തരംതിരിക്കുന്നു.

രണ്ടു തരം റിസ്കിന്‍റെയും മൂന്നു വിഭാഗങ്ങള്‍ കൂടി ചേരുമ്പോള്‍ 9 ബ്ലോക്കുകള്‍ രൂപപ്പെടും. ഈ 9 ബ്ലോക്കുകളില്‍ ഓരോന്നിനും ഓരോ തോതിലുള്ള റിസ്ക്കാണുള്ളത്. ഉദാഹരണത്തിന്, ക്ലാസ് 1 ഉം ക്ലാസ് അ യും കൂടുമ്പോള്‍ ഏറ്റവും പലിശ റിസ്ക് കുറഞ്ഞതും ഏറ്റവും വിശ്വാസ്യത കൂടിയതുമായ ഒരു സ്കീം രൂപപ്പെടുന്നു. ഈ രീതിയിലുള്ള ഒരു നിക്ഷേപം എന്നത് ട്രഷറി ബില്ലുകളാണെന്ന് നമുക്ക് ഊഹിക്കാം. ഇങ്ങനെ വിവിധ റിസ്ക് തലത്തിലുള്ള 9 വിഭാഗങ്ങളില്‍ നിലവില്‍ വിപണിയിലുള്ള എല്ലാ സ്കീമുകളെയും പെടുത്തും. ഒരു സ്കീം തുടങ്ങുമ്പോള്‍ ഏതു ബ്ലോക്കിനെ പ്രതിനിധീകരിക്കുന്നോ, അതിലുള്ള നിക്ഷേപങ്ങള്‍ മാറുമ്പോള്‍ അതിനനുസരിച്ച് മറ്റു ബ്ലോക്കുകള്‍ തിരഞ്ഞെടുക്കുകയും ആ വിവരം നിക്ഷേപകരെ അറിയിക്കുകയും വേണം. അങ്ങനെ നിക്ഷേപകന് സുതാര്യമായ രീതിയില്‍ വ്യക്തതയോടുകൂടി കാര്യങ്ങള്‍ അറിയാനും തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here