ആഗോള സാമ്പത്തിക പ്രവണതകള്‍ ഇന്ത്യയേയും ബാധിക്കും എന്നാല്‍ ഇന്ത്യയുടെ പ്രകനം മെച്ചപ്പെട്ടതാവും

0
976

ആഗോള സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുകയാണ്. ആഗോള വളര്‍ച്ചയുടെ മൂന്നു ചാലക ശക്തികളായ യുഎസും യൂറോ മേഖലയും ചൈനയും ശക്തമായ പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നു. മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഊര്‍ജജ പ്രതിസന്ധി അഭിമുഖീകരിക്കുന്ന യൂറോ മേഖല മാന്ദ്യത്തിന്‍റെ വക്കിലാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ തകര്‍ച്ചയും കോവിഡുമായി ബന്ധപ്പെട്ട വ്യാപകമായ അടച്ചിടലും സൃഷ്ടിച്ച ഇരട്ട ആഘാതത്തില്‍ ഉഴലുകയാണ് ചൈന. കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് യുഎസില്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. യുഎസ് മാന്ദ്യത്തിലേക്കു വീഴാനുള്ള സാധ്യത കൂടുതലാണ്. ആഗോള സാമ്പത്തിക സ്ഥിതിയുടെ ഈ മ്ലാനമായ അവസ്ഥ ലോകമെങ്ങും ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ട്. മാതൃ വിപണിയായ യുഎസില്‍, 2022 സെപ്തംബര്‍ 27 ലെ കണക്കനുസരിച്ച് ട&ജ 500 അതിന്‍റെ റിക്കാര്‍ഡുയരത്തില്‍ നിന്ന് 24.3 ശതമാനം താഴെയാണ്. നാസ്ദാഖ് ആകട്ടെ ഉയര്‍ന്ന നിലയില്‍ നിന്ന് 33.2 ശതമാനം താഴെയും. 11 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂറോ സ്റ്റോക്സ് 50 ഉയര്‍ന്ന നിലയില്‍ നിന്ന് നിന്ന് 24.6 ശതമാനം താഴ്ന്നു നില്‍ക്കുന്നു. ഈ പ്രവണതയില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന നിലയില്‍ നിന്ന് വെറും 8.5 ശതമാനം മാത്രമേ നിഫ്റ്റി താഴ്ന്നിട്ടുള്ളു. മഹാമാരിക്കു മുമ്പത്തെ ഉയരത്തില്‍ നിന്നു ഡൗ ജോണ്‍സ് താഴോട്ടു പോയപ്പോള്‍ , കോവിഡിനു തൊട്ടു മുമ്പുളള ഉയര്‍ന്ന നിലയേക്കാള്‍ കൂടുതലാണ് സെന്‍സെക്സ്.

വേറിട്ടു നില്‍ക്കുന്ന ഈ മികച്ച പ്രകടനം സൂചിപ്പിക്കുന്നത് എന്താണ് ? ആഗോള വിപണിയുടെ പ്രവണതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒറ്റപ്പെട്ട പ്രതിഭാസമാകാന്‍ ഇന്ത്യയ്ക്കു കഴിയുമോ ? അല്ലെങ്കില്‍ ആഗോള സാമ്പത്തിക തളര്‍ച്ച ഇന്ത്യയേയും ബാധിക്കുകയും അത് ഓഹരി വിപണിയില്‍ കടുത്ത തിരുത്തലിലേക്കു നയിക്കുകയും ചെയ്യുമോ ?

വിപണിയിലെ മെച്ചപ്പെട്ട പ്രകടനത്തെ നയിക്കുന്നത് ഇന്ത്യയുടെ മികച്ച വളര്‍ച്ച

ഇന്ത്യന്‍ വിപണിയുടെ മെച്ചപ്പെട്ട പ്രകടനത്തിന്‍റെ അടിസ്ഥാനം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെയും കോര്‍പറേറ്റ് മേഖലയുടേയും ശക്തിയാണെന്ന കാര്യം ശ്രദ്ധേയമാണ്. . ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2023 സാമ്പത്തിക വര്‍ഷം 7 ശതമാനവും 2024 സാമ്പത്തിക വര്‍ഷം 6.4 ശതമാനവും വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ടു വര്‍ഷക്കാലയളവില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും. മോശമായിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുന്നത് എന്തുകൊണ്ടായിരിക്കും ?

ഇന്ത്യയുടെ മികച്ച സാമ്പത്തിക പ്രകടനത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്.

-ഇന്ത്യയിലെ വായ്പാ വളര്‍ച്ച 9 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് 16 ശതമാനം വായ്പാ വളര്‍ച്ച എന്നത് സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചു വരുന്നതിന്‍റെ സൂചനയാണ്.

-ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയേയും കോര്‍പറേറ്റ് മേഖലയുടെ ലാഭത്തേയും വിപരീതമായി ബാധിച്ചത് രണ്ടു ഘടകങ്ഹളാണ്. – ഒന്ന്, കോര്‍പറേറ്റ് മേഖലയുടെ അമിതമായ കട ബാധ്യത. രണ്ട്, ബാങ്കിംഗ് മേഖലയിലെ ഉയര്‍ന്ന കിട്ടാക്കടങ്ങളും അതു സൃഷ്ടിച്ച പ്രശ്നങ്ങളും. ഈ രണ്ടു പ്രശ്നങ്ങളഉം പരിഹരിക്കപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റ് കടം 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞു.

  • സമ്പദ് വ്യവസ്ഥയില്‍ മൂലധന നിക്ഷേപം ഗണ്യമായി ഉയരുകയാണ്. നിര്‍മ്മാണ രംഗത്ത് കപ്പാസിറ്റി യൂട്ടിലൈസേഷന്‍ 75.3 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. തല്‍ഫലമായി മൂലധന നിക്ഷേപം ഉയരുകയാണ്.. സ്വകാര്യ, പൊതുമേഖലകളില്‍ നിക്ഷേപത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ് വളര്‍ച്ചാ ചക്രത്തെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം നടത്തുമ്പോള്‍ , നമ്മുടെ ഓഹരി വിപണിക്കും കുതിപ്പു നിലനിര്‍ത്താന്‍ കഴിയും. എന്നാല്‍ ആഗോള ഓഹരി വിപണിയില്‍ ഒരു തകര്‍ച്ചയുണ്ടായാല്‍ ഇന്ത്യക്കു മാറി നില്‍ക്കാന്‍ കഴിയുമെന്ന് ഇതിനര്‍ത്ഥമില്ല.

യുഎസിലെ പണപ്പെരുപ്പം കാര്യങ്ങള്‍ തീരുമാനിക്കും

.യുഎസിന്‍റെ കര്‍ശന പണ നയം ഡോളറിനേയും യുഎസ് ബോണ്ട് പലിശയേയും മുമ്പെങ്ങുമില്ലാത്ത ഉയരങ്ങളിലേക്കു എത്തിച്ചിരിക്കയാണ്. ഡോളര്‍ സൂചികയുടെ നിലയ്ക്കാത്ത കുതിപ്പും (സെപ്തംബര്‍ 27 ലെ കണക്കു പ്രകാരം 114) യുഎസ് ബോണ്ട് യീല്‍ഡിലുണ്ടായ ഉയര്‍ച്ചയും (സെപ്തംബര്‍ 27ലെ കണക്കു പ്രകാരം യുഎസിലെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാത്തിലെത്തി) ലോകമെങ്ങുമുള്ള ഓഹരി വിപണികളെ ഉലച്ചിട്ടുണ്ട്. ഡോളറിന്‍റെ ഉയര്‍ച്ചയും ബോണ്ട് യീല്‍ഡിന്‍റെ കുതിപ്പും ഇതുപോലെ തുടര്‍ന്നാല്‍ ഓഹരി വിപണികള്‍ ദുര്‍ബ്ബലമായി തുടരുകയേ ഉള്ളു. വിദേശ പോര്‍ട്ഫോളിയോ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് ഇന്ത്യയേയും ബാധിക്കും. പക്ഷേ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം നടത്തുക തന്നെ ചെയ്യും. ഉദാഹരണത്തിന് ട&ജ യില്‍ 10 ശതമാനം തിരുത്തല്‍ സംഭവിച്ചാല്‍ നിഫ്റ്റിയില്‍ 4 ഓ 5 ഓ ശതമാനം തിരുത്തല്‍ മാത്രമേ സംഭവിക്കാനിടയുള്ളു. എന്നാല്‍ വരാനിരിക്കുന്ന കണമക്കുകള്‍ യുഎസിലെ പണപ്പെരുപ്പം കുറയുന്ന സൂചന നല്‍കുകയാണെങ്കില്‍ ഓഹരി വിപണികള്‍ ശക്തമായി തിരിച്ചുു വരും. അപ്പോഴും ഇന്ത്യയുടേത് മികച്ച പ്രകടനമായിരിക്കും.

ശ്രദ്ധയോടെ നിക്ഷേപ തന്ത്രം മെനയുക

ആഗോള സ്ഥിതിഗതികള്‍ അസ്ഥിരമായതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയോടെ വേണം തന്ത്രങ്ങള്‍ മെനയാന്‍. കൂടുതല്‍ പണം ഓഹരികളില്‍ നിക്ഷേപിക്കുന്നത് തന്നെയായിരിക്കും നല്ലത്. എന്നാല്‍ അതീവ ജാഗ്രതാ നടപടി എന്ന നിലയില്‍ 50 ശതമാനം ഓഹരിയും ,30 ശതമാനം സ്ഥിര വരുമാന ആസ്തികളും 10 ശതമാനം സ്വര്‍ണ നിക്ഷേപവും 10 ശതമാനം കാഷ് / ലിക്വിഡ് ഫണ്ടുകളും ആയിരിക്കുന്നതാണ് അഭികാമ്യം. റിസ്കെടുക്കാന്‍ മടിയില്ലാത്ത നിക്ഷേപകര്‍ക്ക് ഓഹരിയില്‍ കൂടുതല്‍ നിക്ഷേപിക്കാം. ഓഹരികളില്‍ തന്നെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് ധനകാര്യ സ്ഥാപനങ്ങള്‍, വാഹന മേഖല, മൂലധന ഉല്‍പന്നങ്ങള്‍, ഐടി, കെട്ടിട നിര്‍മ്മാണ മേഖലകള്‍, ഫാര്‍മ, എഫ്എംസിജി മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഓഹരികള്‍ എന്നിവയിലാണ് . വ്യത്യസ്ത മേഖലകളിലായി മികച്ച പ്രകടനം നടത്തുന്ന മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളുണ്ട്. ഇവയില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുന്നതാണ് നല്ലത്.

ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യന്‍ വിപണിയില്‍ വാല്യുവേഷന്‍ കൂടുതലാണ്. 17000 നിഫ്റ്റി നിലയില്‍ വിപണിയിലെ പിഇ അനുപാതം ഏകദേശം 20 ആണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം വിപണി 2024 സാമ്പത്തിക വര്‍ഷത്തെ കോര്‍പറേറ്റ് ലാഭം ഡിസ്കൗണ്ട് ചെയ്തു തുടങ്ങും. 17000 നിഫ്റ്റി നിലയില്‍ 2024 സാമ്പത്തിക വര്‍ഷത്തെ പിഇ അനുപാതം ഉദ്ദേശം 17 മാത്രമാണ്. ഇത് ന്യായമായ വാല്യുവേഷനായിരിക്കും. ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ മികച്ച വളര്‍ച്ചയും കോര്‍പറേറ്റ് മേഖലയുടെ മികച്ച ലാഭവും അഭ്യന്തരമായും വിദേശത്തു നിന്നും കൂടുതല്‍ പണം വിപണിയിലേക്ക് ആകര്‍ഷിക്കും. അതിനാല്‍ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് മികച്ച സാധ്യതകളുണ്ട്.

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here