അകറ്റി നിര്‍ത്തേണ്ടവയല്ല സ്റ്റോപ്പ് ലോസ് ഓര്‍ഡറുകള്‍

0
1365

നഷ്ടസാധ്യത എല്ലായ്പോഴും നിലനില്‍ക്കുന്ന ഒരു നിക്ഷേപ മേഖലയാണല്ലോ ഓഹരി വിപണി. മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നഷ്ടസാധ്യത വലിയ അളവില്‍ മറികടക്കാന്‍ സാധിക്കുമെങ്കിലും ഇന്‍ട്രാഡേ ട്രേഡര്‍മാരെ സംബന്ധിച്ചിടത്തോളം അനിയന്ത്രിതമായി നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ എന്ന സംരക്ഷണ ഭിത്തിയുടെ പ്രാധാന്യം കടന്നുവരുന്നത്.

എന്താണ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍

പേര് സൂചിപ്പിക്കുന്നതു പോലെ ഒരു നിശ്ചിത പരിധിക്കുമപ്പുറം നഷ്ടം സംഭവിക്കാതിരിക്കാന്‍ ട്രേഡര്‍മാരെ സഹായിക്കുന്നതിന് ട്രേഡിങ്ങ് ടെര്‍മിനലുകളില്‍ നല്‍കാവുന്ന ഓര്‍ഡറുകളാണ് സ്റ്റോപ്പ് ലോസ് ഓര്‍ഡറുകള്‍. ഓപ്പണ്‍ ആയിരിക്കുന്ന പൊസിഷനുകള്‍ക്ക് ആനുപാതികമായി എതിര്‍ദിശയില്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡറുകള്‍ നല്‍കാം. ഉദാഹരണമായി ഒരു ട്രേഡര്‍ 200 രൂപാ വിലയുള്ള 100 ഓഹരികള്‍ ഇന്‍ട്രാഡേ അടിസ്ഥാനത്തില്‍ വാങ്ങിയെന്നിരിക്കട്ടെ. വിപണി താഴോട്ടു വരുന്ന സാഹചര്യമുണ്ടായാല്‍ വലിയ നഷ്ടം സഹിക്കാന്‍ തയ്യാറല്ലാത്ത പ്രസ്തുത ട്രേഡര്‍ ഓഹരിയൊന്നിന് 190 രൂപാ നിരക്കില്‍, അതായത് വാങ്ങിയ വിലയേക്കാള്‍ 10 രൂപ താഴെ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. വില താഴുന്നുവെങ്കില്‍ 100 ഓഹരി വാങ്ങിയ വകയില്‍ ട്രേഡര്‍ക്ക് സംഭവിക്കാവുന്ന പരമാവധി നഷ്ടം 1000 രൂപ. ഇനി ട്രേഡര്‍ ഊഹിച്ച പോലെ വിപണി മുകളിലേക്ക് ഉയര്‍ന്നുവെന്നിരിക്കട്ടെ. 200 രൂപയ്ക്ക് വാങ്ങിയ ഓഹരി 215 രൂപാ നിലവാരത്തിലെത്തിയെങ്കില്‍ ട്രേഡര്‍ക്ക് തന്‍റെ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ 210 രൂപാ നിലവാരത്തിലേക്ക് ഉയര്‍ത്തിവെക്കാവുന്നതുമാണ്. ചാഞ്ചാട്ടത്തിന്‍റെ ഭാഗമായി വില തിരിച്ചിറങ്ങുന്ന സന്ദര്‍ഭമുണ്ടായാല്‍ 210 രൂപയില്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ സാധുവാക്കപ്പെടുകയും പ്രസ്തുത ഓഹരിയില്‍ ട്രേഡറുടെ ഇടപാട് 1000 രൂപ ലാഭത്തോടെ തന്നെ അവസാനിക്കുകയും ചെയ്യും. അതായത് ഓഹരി വാങ്ങിയ ശേഷം വിപണി ഉയര്‍ന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം. ആനുപാതികമായി സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്ന് ലാഭത്തിന്‍റെ തോത് വര്‍ധിപ്പിക്കാനും ഇത്തരം ഓര്‍ഡറുകള്‍ സഹായിക്കുന്നു എന്നര്‍ഥം.
ഇന്‍ട്രാഡേ ട്രേഡിങ്ങില്‍ ആദ്യം വില്‍പന നടത്തി (ഷോര്‍ട്ട് സെല്ലിംഗ്) തുടര്‍ന്ന് താഴ്ന്ന വിലയ്ക്ക് തിരിച്ചുവാങ്ങി ലാഭമെടുക്കുന്ന സമ്പ്രദായവുമുണ്ടല്ലോ. ഷോര്‍ട്ട് സെല്ലിങ്ങ് നടത്തിയ ഒരു ട്രേഡറെ സംബന്ധിച്ചിടത്തോളം ഓഹരി വില ഉയര്‍ന്നു പോകുന്ന മുറയ്ക്ക് നഷ്ടവും കൂടി വരുന്നതിനാല്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ നല്‍കേണ്ടത് വിപണി വിലയ്ക്കും മുകളിലാണെന്നത് വ്യക്തമാണ്. അതേസമയം, ഷോര്‍ട്ട് സെല്ലിങ്ങ് നടത്തിയ ശേഷം ട്രേഡര്‍ ഉദ്ദേശിച്ചതു പോലെ ഓഹരി വില താഴോട്ടു വരികയാണെങ്കില്‍ ലഭിച്ചേക്കാവുന്ന ലാഭം സുരക്ഷിതമാക്കി നിര്‍ത്തുവാനും സ്റ്റോപ്പ് ലോസ് പര്‍ച്ചേസ് ഓര്‍ഡര്‍ ഉപയോഗിക്കാവുന്നതാണ്.

സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ നല്‍കുന്നതു കൊണ്ട് ഗുണമുണ്ടോ?

‘പര്‍ച്ചേസിങ്ങ് നടത്തിയ ഉടനെ തന്നെ ഞാന്‍ മാര്‍ക്കറ്റ് വിലയ്ക്ക് ഏതാനും രൂപാ താഴെയായി സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ വെച്ചിരുന്നു. എന്‍റെ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ കണ്ടിട്ടെന്ന പോലെ വിപണി ചെറുതായൊന്നു താഴുകയും ഓര്‍ഡര്‍ സാധുവാക്കപ്പെടുകയും ചെയ്തു. എനിക്ക് നഷ്ടമേല്‍പിച്ച് വിപണി തുടര്‍ന്ന് തിരിച്ചുകയറുകയും ചെയ്തു.’ ട്രേഡര്‍മാര്‍ സ്ഥിരമായി പങ്കുവെയ്ക്കാറുള്ള ഒരു ആവലാതിയാണ് പരാമര്‍ശിച്ചത്.
വളരെ ചുരുങ്ങിയ സമയത്തേക്കുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളുടെ ഭാഗമായി സ്റ്റോപ്പ് ലോസ് ഓര്‍ഡറുകള്‍ സാധുവായേക്കാമെന്നതിനാലും ലഭിച്ചേക്കുമായിരുന്ന ലാഭം സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ നല്‍കിയതു കൊണ്ടു മാത്രം കൈവിട്ടു പോകാമെന്ന ഭയം നിലനില്‍ക്കുന്നതിനാലും വിപണിയെക്കുറിച്ച് വിശകലനമൊന്നും നടത്താതെ ടെര്‍മിനലില്‍ നല്‍കിവരുന്ന കേവലം ഒരു നമ്പര്‍ മാത്രമാണ് സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ എന്ന വാദം നിലനില്‍ക്കുന്നതിനാലുമൊക്കെ വിലയൊരു വിഭാഗം ട്രേഡര്‍മാരും സ്റ്റോപ്പ് ലോസ് ഓര്‍ഡറുകളോട് പ്രതിപത്തി കാണിക്കാറില്ല. അതേസമയം വിപണിയില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. ലാഭം പെട്ടെന്ന് ബുക്ക് ചെയ്തുവരുന്ന ട്രേഡര്‍മാര്‍ പോലും നഷ്ടം ബുക്ക് ചെയ്യാന്‍ മടി കാണിക്കുന്നതായി കണ്ടിട്ടുണ്ട്. എടുത്തു വെച്ച പൊസിഷന്‍, അത് പര്‍ച്ചേസ് ആയാലും ഷോര്‍ട്ട് സെല്ലിങ്ങ് ആയാലും നഷ്ടത്തിലാണെങ്കില്‍ പോലും അവര്‍ ഉദ്ദേശിച്ച ദിശയിലേക്ക് വിപണി തിരിച്ചുവരുമെന്ന് പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും ഒടുവില്‍ ഗത്യന്തരമില്ലാതെ വലിയ നഷ്ടത്തില്‍ ട്രേഡ് അവസാനിപ്പിക്കുകയും ചെയ്ത ധാരാളം അനുഭവങ്ങളും കണ്ടുവരാറുണ്ട്.
ചാഞ്ചാട്ടം എന്നത് വിപണിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ലാഭം പ്രതീക്ഷിക്കുന്നുവെങ്കില്‍ നഷ്ടവും ഏതു സമയവും ഉണ്ടാവാം. അച്ചടക്കമുള്ള ട്രേഡര്‍മാര്‍ നഷ്ടം പരിധി വിട്ടു പോവാതിരിക്കാന്‍ ശ്രദ്ധ വെക്കുന്നവരാണ്. അതിനായി തിരഞ്ഞെടുക്കാവുന്ന മികച്ച മാര്‍ഗമേത് എന്ന ചോദ്യത്തിന് അവര്‍ നല്‍കാറുള്ള ഉത്തരം സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നത് മാത്രമാണ്.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here