സ്മാര്‍ട്ട് ആവുന്ന ഓര്‍ഡറുകള്‍

0
1208

ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന കാലഘട്ടമാണിത്. വാങ്ങലും വില്‍ക്കലും നടത്തി (വിറ്റതിന് ശേഷം തിരിച്ചുവാങ്ങലും ആവാം) ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി രണ്ടു ഓര്‍ഡറുകളെ മാത്രം ആശ്രയിച്ചിരുന്ന പരമ്പരാഗത രീതിയിലെല്ലാം മാറ്റം വന്നിരിക്കുന്നു. മുന്‍നിര ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനങ്ങളെല്ലാം തന്നെ നൂതന ടെക്നോളജിയുടെ സഹായത്തോടെ ട്രേഡര്‍മാര്‍ക്കായി സ്മാര്‍ട്ട് ഓര്‍ഡറുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ മുന്‍പന്തിയില്‍ വരുന്ന ഓര്‍ഡറുകളില്‍ ഒന്നാണ് ബ്രാക്കറ്റ് ഓര്‍ഡര്‍.

എന്താണ് ബ്രാക്കറ്റ് ഓര്‍ഡര്‍ ?

പ്രാഥമിക ഓര്‍ഡറിനോടൊപ്പം ഇരു ഭാഗങ്ങളിലായി ഓരോ ഓര്‍ഡര്‍ വീതം ചേര്‍ത്ത് ഒറ്റ ക്ലിക്കില്‍ 3 ഓര്‍ഡറുകള്‍ സിസ്റ്റത്തിലേക്ക് നല്‍കാന്‍ സഹായിക്കുന്നവയാണ് ബ്രാക്കറ്റ് ഓര്‍ഡറുകള്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ട്രേഡര്‍ എറ്റെടുക്കാനുദ്ദേശിക്കുന്ന പൊസിഷനു വേണ്ടി നല്‍കുന്ന പ്രാഥമിക ഓര്‍ഡറിനോടൊപ്പം ലാഭത്തോടെ പുറത്തു വരുന്നതിനായി നല്‍കുന്ന ഓര്‍ഡറും, നഷ്ടം വരുന്ന പക്ഷം കൂടുതല്‍ പരിക്കില്ലാതെ പുറത്തുവരാനായി നല്‍കുന്ന സ്റ്റോപ്പ് ലോസ് ഓര്‍ഡറും ചേര്‍ന്നാല്‍ ബ്രാക്കറ്റ് ഓര്‍ഡറായി.
ബ്രാക്കറ്റ് ഓര്‍ഡര്‍ പ്രാവര്‍ത്തികമാവുന്നതെങ്ങനെയെന്ന് ഒരു ഉദാഹരണം വഴി മനസ്സിലാക്കാം. ലൈവ് മാര്‍ക്കറ്റില്‍ ഒരു ഓഹരിയുടെ വില 104 രൂപയാണെന്ന് സങ്കല്‍പിക്കുക. വില 100 രൂപയിലെത്തുമ്പോള്‍ വാങ്ങാനായി ഓര്‍ഡറിടുന്ന ഒരു ട്രേഡര്‍ക്ക് പ്രസ്തുത ബൈ ഓര്‍ഡറിനോടൊപ്പം തന്നെ 110 രൂപയില്‍ വില്‍പനക്കായുള്ള സെല്‍ ഓര്‍ഡറും, ഇനി അഥവാ വില താഴോട്ടു പതിക്കുന്നുവെങ്കില്‍ നഷ്ടം പരിമിതപ്പെടുത്തുന്നതിനായി 95 രൂപയില്‍ സ്റ്റോപ്പ് ലോസ് ഓര്‍ഡറും ചേര്‍ത്ത് ഒറ്റ ക്ലിക്കില്‍ ബ്രാക്കറ്റ് ഓര്‍ഡര്‍ നല്‍കാം. 100 രൂപയ്ക്ക് നല്‍കിയ പ്രാഥമിക ഓര്‍ഡര്‍ സാധുവായതിന് ശേഷം ട്രേഡര്‍ ഉദ്ദേശിച്ചതു പോലെ ഓഹരിയുടെ വില ഉയര്‍ന്നു പോവുകയും 110 രൂപയ്ക്ക് വെച്ചിരുന്ന വില്‍പന ഓര്‍ഡര്‍ സാധുവാക്കപ്പെടുകയും ചെയ്യുന്ന പക്ഷം 95 രൂപയ്ക്ക് മുമ്പ് നല്‍കിയ സ്റ്റോപ്പ് ലോസ് ഓര്‍ഡര്‍ തനിയെ ക്യാന്‍സല്‍ ചെയ്യപ്പെടുകയും ചെയ്യും.
ഇനി മറിച്ചുള്ള സാഹചര്യം ഉണ്ടായെന്നിരിക്കട്ടെ. 100 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ വില താഴോട്ട് വന്ന് 95 രൂപയില്‍ എത്തി. സ്റ്റോപ്പ് ലോസായി നല്‍കിയ ഓര്‍ഡര്‍ ഉടന്‍ സാധുവാക്കപ്പെടുകയും തല്‍സമയം തന്നെ ലാഭം പ്രതീക്ഷിച്ച് മുകളില്‍ നല്‍കിയിരുന്ന 110 രൂപയുടെ വില്‍പന ഓര്‍ഡര്‍ സിസ്റ്റത്തില്‍ ക്യാന്‍സലാവുകയും ചെയ്യും.
മൂന്നാമത്തെ സാഹചര്യം പ്രാഥമിക ഓര്‍ഡര്‍ അതായത് 100 രൂപ വന്നാല്‍ വാങ്ങാനായി ട്രേഡര്‍ നല്‍കിയിരുന്ന ഓര്‍ഡര്‍ ട്രേഡ് ആയില്ലെന്ന് കരുതുക. സ്വാഭാവികമായും മുകളില്‍ നല്‍കിയിരുന്ന വില്‍പന ഓര്‍ഡറും താഴെ കരുതി വെച്ചിരുന്ന സ്റ്റോപ്പ് ലോസ് ഓര്‍ഡറും ഉള്‍പ്പെട്ട ബ്രാക്കറ്റ് ഓര്‍ഡര്‍ പ്രസ്തുത ദിവസം ട്രേഡിങ്ങ് അവസാനിക്കുന്നതോടെ അസാധുവാക്കപ്പെടുകയും ചെയ്യും. കയറ്റിറക്കങ്ങള്‍ കൂടുതലായി വിപണിയില്‍ അനുഭവപ്പെടുന്ന സമയങ്ങളില്‍ സൂക്ഷ്മമായി വിപണിയെ നിരീക്ഷിക്കാന്‍ സമയമില്ലാത്ത ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട് ഓര്‍ഡറുകളാണ് ബ്രാക്കറ്റ് ഓര്‍ഡര്‍.
ഡെലിവറി വ്യാപാരം നടത്തുന്ന നിക്ഷേപകര്‍ക്കായി കയ്യിലുള്ള ഓഹരികള്‍ നിശ്ചിത വില വന്നാല്‍ വില്‍ക്കുവാനും വില താഴോട്ടു വരുന്ന സാഹചര്യത്തില്‍ സ്റ്റോപ്പ് ലോസ് സെല്‍ ഓര്‍ഡറുകള്‍ നല്‍കി വിലയിടിവ് മൂലമുണ്ടായേക്കാവുന്ന ലാഭശോഷണം പരിധി വിട്ടുപോവാതിരിക്കാനായി സഹായിക്കുന്ന തരത്തിലുള്ള സ്മാര്‍ട്ട് ഓര്‍ഡറുകളും ടെര്‍മിനലുകളില്‍ ലഭ്യമാണ്. ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം വരുന്ന ഒരു നിശ്ചിത ഡേറ്റ് വരെ ഇത്തരം ഓര്‍ഡറുകള്‍ സിസ്റ്റത്തില്‍ ലൈവ് ആയി നില നിര്‍ത്താമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. ഇത്തരം സ്മാര്‍ട്ട് ഓര്‍ഡറുകളില്‍ ബ്രാക്കറ്റ് ഓര്‍ഡറിലേത് പോലെ മൂന്ന് ഓര്‍ഡറുകള്‍ ഉണ്ടാവില്ല. പകരം കൈവശമുള്ള ഓഹരിയില്‍ ലാഭം ബുക്ക് ചെയ്യാനായി നല്‍കുന്ന സെല്‍ ഓര്‍ഡറും വില ക്രമാതീതമായി താഴോട്ട് വരുന്നത് തടയാനായി നല്‍കുന്ന സ്റ്റോപ്പ് ലോസ് ഓര്‍ഡറും മാത്രമേ കാണുകയുള്ളൂ.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here