സാമ്പത്തികാസൂത്രണത്തിലൂടെ പലിശയിനത്തിലുള്ള നഷ്ടം ഒഴിവാക്കാം

0
1749

പലപ്പോഴും ഉയര്‍ന്ന വരുമാനം നേടിയാലും ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ വായ്പയെ തന്നെ ആശ്രയിക്കേണ്ട സാഹചര്യമാണ് കണ്ടുവരുന്നത്. ഇത്തരത്തില്‍ കൂടുതലായി വായ്പയെ ആശ്രയിക്കുന്നത് ഭാവിയില്‍ സമ്പാദ്യത്തിനായി നീക്കിവയ്ക്കേണ്ട തുക കൂടി വായ്പ പലിശയിലേക്ക് അടക്കേണ്ട സാഹചര്യം ഉണ്ടാക്കാനിടയാകും. അതുകൊണ്ട് ജീവിത ലക്ഷ്യങ്ങള്‍ നേരത്തെ മനസ്സിലാക്കി അവയ്ക്ക് വേണ്ട തുക എങ്ങനെ സമാഹരിക്കും എന്ന വഴി മുന്‍കൂട്ടി നിശ്ചയിക്കുകയും അതനുസരിച്ചു പണം സമാഹരിക്കാനുമായാല്‍ പലിശയിനത്തിലുള്ള നഷ്ടം ഒഴിവാക്കാനാകും.
ഇത്തരത്തില്‍ ജീവിത ലക്ഷ്യങ്ങള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിന് ശരിയായ സാമ്പത്തികാസൂത്രണം ഒരു പരിധിവരെ സഹായിക്കും. ഫിനാന്‍ഷ്യല്‍ പ്ലാന്‍ അല്ലെങ്കില്‍ സാമ്പത്തികാസൂത്രണം നടത്തി വായ്പകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയല്ല ചെയ്യുന്നത്. ശരിയായ രീതിയില്‍ ആസൂത്രണം ചെയ്ത് മറ്റു ജീവിത ലക്ഷ്യങ്ങളെ ബാധിക്കാത്ത രീതിയില്‍ വായ്പകളെ ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വായ്പകള്‍ പ്ലാന്‍ ചെയ്ത് എടുക്കുന്നതിലൂടെ ജീവിത ലക്ഷ്യങ്ങള്‍ യഥാസമയം നടപ്പാക്കാന്‍ സാധിക്കുന്നതോടൊപ്പം പലിശയനിയത്തിലുള്ള നഷ്ടം കുറയ്ക്കാനാകും. ജീവിതലക്ഷ്യങ്ങള്‍ക്കുള്ള പരമാവധി തുക വരുമാനത്തില്‍ നിന്ന് കണ്ടെത്തുകയും തികയാതെ വരുന്ന ചെറിയൊരു ഭാഗം കണ്ടെത്താന്‍ മാത്രം വായ്പയെ ആശ്രയിക്കുന്നതുകൊണ്ട് വായ്പകളുടെ തുക കുറഞ്ഞിരിക്കുകയും അതുകൊണ്ടു തന്നെ യഥാസമയം അടച്ച് തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും.
ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുക മാത്രമല്ല സാമ്പത്തികാസൂത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുക എന്നതും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്‍റെ ഭാഗമാണ്. ജീവിതത്തില്‍ പെട്ടെന്ന് ഒരു തുകയ്ക്ക് ആവശ്യം വരുകയോ അല്ലെങ്കില്‍ ജോലി നഷ്ടപ്പെടുകയോ വരുമാനത്തില്‍ കുറവ് സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ജീവിത ചിലവുകള്‍ക്കും ബാധ്യതകളുടെ തിരിച്ചടവ് എന്നിവയ്ക്കുമുള്ള തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി എമര്‍ജന്‍സി ഫണ്ടിനുള്ള തുക കണ്ടെത്തി മാറ്റിവയ്ക്കുന്നതും സാമ്പത്തികാസൂത്രണത്തിന്‍റെ ഭാഗമാണ്. അതുപോലെ തന്നെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന കാര്യങ്ങളാണ് മരണവും, രോഗങ്ങളും. ഈ രണ്ട് സാഹചര്യങ്ങളെയും നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല എങ്കില്‍ സാമ്പത്തികാവസ്ഥ താളം തെറ്റാനിടയാകും. ഈ രണ്ട് സാഹചര്യത്തിലും ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു പരിധിവരെ സഹായിക്കും. ഒരു വ്യക്തിയുടെ അഭാവത്തിലും അയാളുമായി ആശ്രയിച്ചു നില്‍ക്കുന്ന എല്ലാവരുടെയും ജീവിതാവശ്യങ്ങള്‍ക്കുള്ള തുക ഉറപ്പുവരുത്തുന്നതോടൊപ്പം അവരുടെ ജീവിത ലക്ഷ്യങ്ങള്‍ യഥാസമയം നടപ്പാകുന്നതിനാവശ്യമായ തുക ഉറപ്പാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് സഹായിക്കും. അതുപോലെ തന്നെ അപ്രതീക്ഷിതമായി കടന്നുവരാറുള്ള ആശുപത്രി ചിലവുകള്‍ കണ്ടെത്തുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സും സഹായിക്കും.
ഈ രീതിയില്‍ ജീവിതത്തില്‍ പ്രധാന ഘട്ടങ്ങളെ എല്ലാം നേരിടുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് സാമ്പത്തികാസൂത്രണം അഥവാ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലൂടെ സാധിക്കുന്നത്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here