സശ്രദ്ധം ഉപയോഗിക്കാം ക്രെഡിറ്റ് കാര്‍ഡുകള്‍

0
1536
credit card use

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് വളരെ സര്‍വസാധാരണമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബാങ്കുകള്‍ പലതരം ആനുകൂല്യങ്ങള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ മികച്ച പല നേട്ടങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇവയുടെ ഉപയോഗം കൃത്യമായി അച്ചടക്കത്തോടെ നടത്തിയില്ല എങ്കില്‍ പലവിധ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും അവയില്‍ ഒളിഞ്ഞിരിക്കുന്ന ചില നഷ്ടസാധ്യതകളും അറിഞ്ഞിരുന്നാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
ഇന്ന് മികച്ച സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അങ്ങോട്ട് വിളിച്ച് ക്രെഡിറ്റ് കാര്‍ഡ് കൊടുക്കുന്ന സാഹചര്യത്തിലേക്ക് വന്നിട്ടുണ്ട.് ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിപണിയില്‍ ലഭ്യമായ ക്രെഡിറ്റ് കാര്‍ഡുകളെ കുറിച്ച് ഒരു വിശകലനം നടത്തുന്നത് നല്ലതാണ്. എല്ലാ ക്രെഡിറ്റ് കാര്‍ഡുകളുടെയും ഉപയോഗം അടിസ്ഥാനപരമായി ഒന്നാണെങ്കിലും ചില കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. ഉദാഹരണമായി പെട്രോള്‍ പമ്പുകളിലും മറ്റും ചില കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പോയിന്‍റ് പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അതുപോലെ ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുമ്പോള്‍ കൂടുതല്‍ ഡിസ്കൗണ്ട് കിട്ടുന്ന കാര്‍ഡുകള്‍ എന്നിങ്ങനെ പലവിധം കാര്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ നമുക്ക് ഏറ്റവും പ്രയോജനകരമായ കാര്‍ഡ് എടുക്കുന്നതാണ് അഭികാമ്യം.

ക്രെഡിറ്റ് കാര്‍ഡുകളുടെ അടിസ്ഥാന ഉപയോഗം എന്നത് പലിശരഹിതമായി സാധനങ്ങളോ സേവനങ്ങളോ നേടുക എന്നതാണ്. സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 45 ദിവസത്തോളം പലിശയില്ലാതെ തുക വിനിയോഗിക്കാനാവും. ഉദാഹരണമായി എല്ലാ മാസവും 12-ാം തീയതി ബില്ല് ഇറങ്ങുന്ന ക്രെഡിറ്റ് കാര്‍ഡിന്‍റെ ബില്ല് അടക്കേണ്ട അവസാന ദിവസം എന്നത് അടുത്ത മാസം ഒന്നാം തീയതി ആയിരിക്കും. അതായത് ഈ മാസം പതിമൂന്നാം തീയതി കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സാധനത്തിന്‍റെ ബില്‍ തുക ജൂണ്‍ ഒന്നാം തീയതി അടച്ചാല്‍ മതി. ഈ കാലയളവിനുള്ളില്‍ ബില്ല് അടയ്ക്കുകയാണെങ്കില്‍ പലിശ കൊടുക്കേണ്ടി വരില്ല എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്‍റെ പ്രധാന നേട്ടം. കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പോയിന്‍റുകളാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ മറ്റൊരു ആകര്‍ഷണം. ഈ പോയിന്‍റുകള്‍ ഉപയോഗിച്ച് പിന്നീട് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ യാതൊരുവിധ സെക്യൂരിറ്റിയും ഇല്ലാതെയാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന തുക നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയുടെ യഥാസമയമുള്ള തിരിച്ചടവ് നടത്തുന്നതിലൂടെ ഉപഭോക്താവിന്‍മേലുള്ള വിശ്വാസികത കൂടുകയും സിബില്‍ സ്കോര്‍ ഉയരാന്‍ സഹായിക്കുകയും ചെയ്യും.

തിരിച്ചടവ് തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കാറുണ്ട്. ചെറിയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട് എന്നതും ഒരു പ്രധാന കാര്യമാണ.് എല്ലാ ഇടപാടുകളും ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുകയാണെങ്കില്‍ ചിലവുകളെ കുറിച്ചുള്ള ഒരു ധാരണ പ്രതിമാസ ബില്ലില്‍ നിന്നോ സേവന ദാതാക്കളുടെ ആപ്പുകളില്‍ നിന്നോ ലഭിക്കും. ഇത് ചിലവുകള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാന്‍ സഹായിക്കും.
മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ വലിയ കടക്കെണിയിലേക്ക് അകപ്പെട്ടു പോകാന്‍ സാധ്യതയുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളില്‍ മിനിമം തുക അടയ്ക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. തുടക്കത്തിലെ അറിവില്ലായ്മ മൂലം പെട്ടുപോകാന്‍ സാധ്യതയുള്ള ഒരു ആനുകൂല്യമാണിത്. മിനിമം തുക അടയ്ക്കുന്നതിലൂടെ ബാക്കി തുകയ്ക്ക് പലപ്പോഴും പലിശ നല്‍കേണ്ടിവരും എന്നുള്ള കാര്യം കാര്‍ഡ് ഉടമകള്‍ പിന്നീടാവും മനസ്സിലാക്കി വരിക. തന്നെയുമല്ല മിനിമം തുക എന്നത് വിനിയോഗിച്ച തുകയേക്കാളും വളരെ ചെറുതായിരിക്കും എന്നതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഈ ആനുകൂല്യം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ വലിയ തുക ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു ബാധ്യത തന്നെയായി മാറും.
വരുമാനത്തിനനുസരിച്ച് കൃത്യമായി ഉപയോഗിക്കുക എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അടിസ്ഥാനപരമായി പാലിക്കേണ്ട പ്രധാന കാര്യം. ഇത്തരത്തില്‍ അധിക ചെലവ് ഒഴിവാക്കി പരമാവധി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ചെറിയതോതില്‍ സാമ്പത്തിക മെച്ചം ലഭിക്കാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here