വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ബജറ്റില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്

0
953
Investment
Human hand stacking generic coins over a black background with hexagonal golden shapes. Concept of investment management and portfolio diversification. Composite image between a hand photography and a 3D background.

കടുത്ത വെല്ലുവിളികളിലൂടെയാണ് കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടന്നു പോയത്. കോവിഡ്-19 മഹാമാരി, യുക്രെയിന്‍ യുദ്ധം, അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ കര്‍ശന പണ നയം എന്നിവ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയേയും അതു ബാധിച്ചു. ഇന്ത്യയുടെ ബൃഹത്തായ അനൗപചാരിക മേഖലയ്ക്ക് കോവിഡ് വലിയ ആഘാതമാണേല്‍പിച്ചത്. കൂടിയ തോതിലുള്ള തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഇതു മൂലം ഉണ്ടായി. സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ഉത്തേജന പദ്ധതിക്കും, ഭക്ഷ്യ സുരക്ഷയ്ക്കും വളം സബ്സിഡ്ക്കുമായി സര്‍ക്കാരിന് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നത് ധന കമ്മി വര്‍ധിപ്പിച്ചു. യുഎസില്‍ പലിശ നിരക്കുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് മൂലധനത്തിന്‍റെ ഒഴുക്കുണ്ടായി. 2022 ല്‍ രൂപയുടെ മൂല്യം 11 ശതമാനം ഇടിഞ്ഞു.

വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2023 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ സാമ്പത്തിക സ്ഥിതി ഏറെ മെച്ചമാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തില്‍ ഏററവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. 2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7 ശതമാനത്തോളമായിരിക്കും. ഏതു വന്‍കിട സമ്പദ് വ്യവസ്ഥയേക്കാളും മൂന്നു ശതമാനത്തോളം കൂടുതലാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ബഹുമതി നിലനിര്‍ത്തും. കൂടിയ തോതിലുള്ള ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നികുതി വരുമാനവും സൃഷ്ടിച്ചു. നിഷ്ക്രിയ ആസ്തികള്‍ കുറഞ്ഞതോടെ ബാങ്കിംഗ് മേഖല ആരോഗ്യം വീണ്ടെടുത്തു. വായ്പാ വളര്‍ച്ച 17 ശതമാനമെന്നത് ആകര്‍ഷകമാണ്. അയല്‍രാജ്യങ്ങളായ ശ്രീലങ്കയും പാക്കിസ്ഥാനും ബംഗ്ളാദേശും സാമ്പത്തിക സഹായം തേടി അന്തരാഷ്ട്ര നാണയ നിധിയെ സമീപിച്ചപ്പോള്‍ ആവശ്യത്തിന് വിദേശ നാണ്യ ശേഖരവുമായി ഇന്ത്യ ശക്തമായ നിലയിലാണ്. നമ്മുടെ വിദേശ നാണ്യ ശേഖരം 550 ബില്യണ്‍ ഡോളറാണ്. ഇരുണ്ട സാമ്പത്തിക ചക്രവാളത്തിലെ തിളങ്ങുന്ന നക്ഷത്രമായാണ് ഐഎംഎഫ് മേധാവി ഇന്ത്യയെ വിശേഷിപ്പിച്ചത്.

ഈ രജത രേഖകള്‍ക്കിടയിലും ആഗോള സാമ്പത്തിക ചക്രവാളത്തില്‍ ചില കരി മേഘങ്ങള്‍ ഉരുണ്ടു കൂടുന്നത് ധനമന്ത്രിക്ക് അവഗണിക്കാന്‍ കഴിയില്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 2023ല്‍ ഏറെ മന്ദഗതിയിലാവും. ആഗോള വളര്‍ച്ചയുടെ മൂന്നു പ്രധാന ചാലക ശക്തികളായ യുഎസും ചൈനയും യൂറോ മേഖലയും വളര്‍ച്ചാ മാന്ദ്യം നേരിടുകയാണ്. ആഗോള വ്യാപാരത്തേയും ഇന്ത്യയുടെ കയറ്റുമതിയേയും ഇതു ബാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഈ വര്‍ഷത്തെ ഗതിവേഗമുണ്ടാവില്ല. 7 ശതമാനം വളര്‍ച്ചാ നിരക്ക് എന്നത് 6 ശതമാനമായി കുറയാനാണിട. ഈ വര്‍ഷത്തെ നികുതി വരുമാന വര്‍ധനവ് അടുത്ത വര്‍ഷം പ്രതീക്ഷിക്കാന്‍ കഴിയില്ല. അതേ സമയം കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തതുപോലെ ധന കമ്മി കുറയ്ക്കുകയും വേണം. സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച നിലനിര്‍ത്തുന്നതിന് മൂലധനച്ചിലവു പദ്ധതികള്‍ തുടരേണ്ടതും ആവശ്യമാണ്. 2024 പൊതു തെരഞ്ഞെടുപ്പു വര്‍ഷമാകയാല്‍ ഈ ഗവണ്മെന്‍റിന്‍റെ അവസാന പൂര്‍ണ ബജറ്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ ഇടത്തരക്കാര്‍ക്ക് നികുതിയില്‍ ആശ്വാസം നല്‍കുന്നതുള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.

ധന കമ്മി കുറയ്ക്കുന്നതിനായിരിക്കണം മുന്തിയ പരിഗണന

ഇന്ത്യയുടെ ധന കമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും കൂടുതലാണെങ്കിലും നിയന്ത്രണ വിധേയമാണ്. കമ്മി കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ധനപരമായ അസ്ഥിരത ഉണ്ടായേക്കും. കഴിഞ്ഞ ബജറ്റിലെ ധനകമ്മി ലക്ഷ്യമായ ജിഡിപിയുടെ 6.4 ശതമാനമെന്നത് ഈവര്‍ഷത്തെ നാമമാത്ര ജിഡിപി വളര്‍ച്ച 15.1 ശതമാനമായതിനാലും നികുതി പിരിവ് മികച്ചതായതിനാലും അനായാസം നേടാന്‍ കഴിയും. ഈ അനുകൂല സ്ഥിതി വിശേഷം അടുത്ത സാമ്പത്തിക വര്‍ഷം ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിലും 2024 ലെ ധന കമ്മി ലക്ഷ്യം 5.8 ശതമാനമായി നിലനിര്‍ത്താന്‍ ധനമന്ത്രിക്കു കഴിയണം. സാമ്പത്തിക അച്ചടക്കത്തിലൂടെ മാത്രമേ ധനകാര്യ സ്ഥിരത കൈവരിക്കാന്‍ സാധിക്കൂ.

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

അടിസ്ഥാന സൗകര്യ വികസന രംഗത്ത് അസൂയാര്‍ഹമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. ഭാരത് മാല, സാഗര്‍ മാല, ഗതി ശക്തി തുടങ്ങിയ പദ്ധതികള്‍ സമ്പദ് വ്യവസ്ഥയുടെ ഘടന തന്നെ മാറ്റിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയ പാതാ ശൃംഖല ഇരട്ടിയായി. വ്യോമയാന ഗതാഗത രംഗം മൂന്നിരട്ടി വളര്‍ന്നു. ബ്രോഡ്ബാന്‍റ് കണക്റ്റിവിറ്റി 40 മടങ്ങാണ് വര്‍ധിച്ചത്. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ഖഅങ ) ത്രിത്വം മികച്ച സാമൂഹ്യ സുരക്ഷാ ശൃംഖലയാണ് സൃഷ്ടിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസന രംഗത്തുള്ള ഊന്നല്‍ 2023 ലെ ബജറ്റിലും പ്രതീക്ഷിക്കാം.

ആദായ നികുതിയിളവ്

ആദായ നികുതിയിലെ അടിസ്ഥാന ഇളവ് 2.5 ലക്ഷമായി നിശ്ചയിച്ചത് 2014 ലാണ്. ഇളവു പരിധി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാകയാല്‍ ബജറ്റില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇളവുകളില്ലാത്ത പുതിയ ആദായ നികുതി സമ്പ്രദായത്തില്‍ ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കാം. മൂലധന ലാഭത്തിന്‍മേലുള്ള നികുതിയിലും ചില മാറ്റങ്ങള്‍ വന്നേക്കാം. പരോക്ഷ നികുതികള്‍ ജിഎസ്ടി കൗണ്‍സിലിനു കീഴില്‍ വരുന്നതിനാല്‍ ഈ രംഗത്ത് വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

മറ്റൊരു കാഴ്ചപ്പാടിലും ബജറ്റ് 23 നു പ്രാധാന്യമുണ്ട്. ഇന്ത്യ ജി 20 അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബജറ്റാണിത്. ഉറച്ച സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള അഭിവൃദ്ധിക്കുമാണ് ജി 20 പ്രയത്നിക്കുന്നത്. അതിനാല്‍ ദോഷകരമായ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു പകരം ശരിയായ സാമ്പത്തിക കാഴ്ചപ്പാടുകളോടെയുള്ള പഖ്യാപനങ്ങളായിരിക്കും ധനമന്ത്രി നടത്തുകയെന്നു കരുതാം.


LEAVE A REPLY

Please enter your comment!
Please enter your name here