വിപണി 60,000 കടന്നല്ലോ. എന്താ താങ്കളുടെ അഭിപ്രായം?

0
1081

ഈ ചോദ്യം കേള്‍ക്കാത്ത ദിവസങ്ങളില്ല. വിപണി 30,000 എത്തിയപ്പോഴും 40ലും 50ലുമൊക്കെ ഈ ചോദ്യമുണ്ടായിരുന്നു. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ തകര്‍ച്ചയ്ക്കു ശേഷം വിപണി നേരെ ‘ശ്രീഹരിക്കോട്ട’യിലേക്ക് മാറ്റിസ്ഥാപിച്ച അവസ്ഥയിലായിരുന്നു. അന്ന് 25,000ത്തില്‍ തുടങ്ങിയ മുന്നേറ്റം എത്തിനില്‍ക്കുന്നത് 60,000ത്തിലാണ്. ഇതിനു പല കാരണങ്ങളുണ്ട്.
ഒന്ന്, ആഗോള തലത്തില്‍ വിവിധ രാജ്യങ്ങള്‍ കോവിഡിന്‍റെ പ്രഹരത്തെ നേരിടാന്‍ വിപണിക്ക് ഉണര്‍വ്വ് പകരാനായി സുതാര്യമായ പണനയം കൊണ്ടുവന്നു. അതുകൊണ്ടുണ്ടായ പണമൊഴുക്കാണ് വികസ്വര രാജ്യങ്ങളിലെ വിപണികള്‍ക്ക് ഉണര്‍വ്വ് പകര്‍ന്നത്. രണ്ട്, വിവിധ ആസ്തിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ക്ക് ഗുണം പകര്‍ന്നത് ഓഹരിവിപണിയാണ്. ഏറ്റവും മികച്ച ലാഭത്തിനായി എല്ലാവരും തിരഞ്ഞെടുത്തത് ഓഹരിനിക്ഷേപമാണ്. അതില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരികളിലേക്ക് പണമൊഴുകി. മൂന്ന്, വിപണിയിലെ മുന്നേറ്റം കണ്ടു ഒട്ടനവധി പുതിയ നിക്ഷേപകരും, പുതിയ ഓഹരികളും, പുതിയ സ്കീമുകളും വന്നു ചേര്‍ന്നു. അതിനൊരു ഉദാഹരണം മ്യൂച്വല്‍ ഫണ്ടിലെ പ്രതിമാസ നിക്ഷേപത്തിന്‍റെ അളവിലുണ്ടായ വര്‍ധനവാണ്. 2020 മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ട് പ്രതിമാസ നിക്ഷേപം വഴി വിപണിയില്‍ വന്നിരുന്നത് 8,641 കോടിയാണ്. അതിനുശേഷം കോവിഡ് മൂലമുണ്ടായ മാന്ദ്യം ഈ തുകയെ 7,300 കോടിയാക്കി. അതായത് പ്രതിമാസം 1,300 കോടിയോളം രൂപയുടെ നിക്ഷേപം നിന്നുപോയിരുന്നു. അതിനുശേഷം വിപണി കാണിച്ച ഉണര്‍വില്‍ ഈ സംഭാവന 7,300ല്‍ നിന്ന് 2021 സെപ്തംബര്‍ ആയപ്പോഴേക്കും 10,350 കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ്. അതായത് 3,000 കോടിയുടെ കുതിപ്പ്. ഇതില്‍ നല്ലൊരു പങ്ക് പുതിയ നിക്ഷേപകരാണ്. 30ലും, 40ലും ഒക്കെ നിക്ഷേപം നടത്താന്‍ മടിച്ചവര്‍ 50കളും 60കളും കണ്ടതിനു ശേഷം പുതിയതായി വിപണിയിലേക്ക് കടന്നു വന്നിട്ടുണ്ട്. ഇനി ഈ കണക്കിന് മറ്റൊരു വശമുണ്ട്.
മ്യൂച്വല്‍ ഫണ്ട് വഴിയല്ലാതെ നേരിട്ട് ഓഹരി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിലും അഭൂതപൂര്‍വമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ത്വരിത വളര്‍ച്ച മോഹിച്ച് വരുന്നവരാണ്. നേരിട്ട് ഓഹരിവാങ്ങി വില്‍ക്കുന്നതിന് പുറമെ അവധി വ്യാപാരത്തിലും താല്‍പര്യം കൂടി വരുന്നുണ്ട്. വിപണി എപ്പോഴും ലാഭം നേടിത്തരാന്‍ കഴിവുള്ള ഒന്നായിട്ടാണ് പുതിയ നിക്ഷേപകര്‍ കരുതുന്നത്. അവര്‍ വിപണിയുടെ മറ്റൊരു മുഖം കണ്ടനുഭവിച്ചിട്ടില്ല. നേട്ടങ്ങളുടെ ആവര്‍ത്തിയല്ല നഷ്ടങ്ങളുടെ വലിപ്പമാണ് നാം കരുതിയിക്കേണ്ടതെന്നു അവര്‍ അറിയുന്നില്ല. വിപണി ഓരോ പുതിയ നിലവാരത്തിലെത്തുമ്പോള്‍ വേവലാതിയും പരിഭ്രമവും ജിജ്ഞാസയും പ്രകടിപ്പിക്കുന്നതും ഈ പുതിയ നിക്ഷേപകവൃത്തമാണ്. കൂടുതല്‍ വിപണി നിലവാരത്തെപ്പറ്റി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും ഇവരാണ്.
വിവേകപൂര്‍വ്വമായ സമീപനം
പണം എപ്പോഴും കൂടുതല്‍ ലാഭം കിട്ടുന്ന നിക്ഷേപങ്ങളിലേക്കാവും കൂടുതലായി ഒഴുകുക. അതിന് ചിലപ്പോള്‍ യുക്തിയുക്തമായി ഒരു ദിശാബോധം ഉണ്ടാകാതെവരാം. ഇന്നത്തെ വിപണിയുടെ വിലനിലവാരം അതിന്‍റെ യഥാര്‍ത്ഥ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഒരു തിരുത്തല്‍ ഏതു സമയവും സംഭവിക്കാം. അങ്ങനെയുള്ളപ്പോള്‍ വിവേകപൂര്‍വ്വമായ ഒരു സമീപനമാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വേണ്ടത്.
വിപണി 25,000ത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ നിക്ഷേപിക്കാതെ മാറി നിന്ന നിങ്ങള്‍ 60,000 ത്തില്‍ നിക്ഷേപിക്കാന്‍ മുതിരുമ്പോള്‍ രണ്ടു സന്ദര്‍ഭത്തിലും തെറ്റായ തീരുമാനം എടുക്കുന്ന ഒരാളായി മാറും. നിക്ഷേപത്തിന്‍റെ പല അവസ്ഥയിലുള്ള ആളായിരിക്കും നിങ്ങള്‍. നിങ്ങളുടെ നിക്ഷേപ ലക്ഷ്യം നിറവേറാന്‍ കുറച്ചു സമയമേ ബാക്കിയുള്ളു എങ്കില്‍ ഇപ്പോള്‍ കിട്ടിയ വരുമാനം പിന്‍വലിച്ച് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കാം. നിങ്ങള്‍ ഹ്രസ്വകാല നിക്ഷേപകനാണെങ്കിലും ഇതുതന്നെ ചെയ്യാവുന്നതാണ്. പക്ഷെ, നിങ്ങളൊരു ദീര്‍ഘകാല നിക്ഷേപകനാണെങ്കില്‍ ഈയൊരു സമയത്ത് പ്രതിമാസ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച് വരും നാളുകളിലെ വിപണിയിലെ വിലക്കുറവുകളുടെ ഗുണം അനുഭവിക്കാവുന്നതാണ്.
പുതിയതായി നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന തുകയുടെ നാലിലൊന്നു മാത്രം ഇപ്പോള്‍ നിക്ഷേപിച്ച് ബാക്കിയുള്ള തുക വിപണി വിലകളില്‍ നേരിയ തോതില്‍ ഇടിവു സംഭവിക്കുന്നതിനനുസരിച്ച് നിക്ഷേപിക്കാവുന്നതാണ്.
പ്രതിമാസ നിക്ഷേപം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സുവര്‍ണ്ണാവസരമായിരിക്കും. കാരണം ഇന്ന് മുതല്‍ ഇടിവ് രേഖപ്പെടുത്തന്ന ഒരു വിപണിയാണെങ്കില്‍ ഓരോ പ്രാവശ്യവും കുറഞ്ഞ വിലയ്ക്ക് ഓഹരിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലലഭിക്കും.

അടിക്കുറിപ്പ്
څസ്മോള്‍ തിങ്ക്സ് ആര്‍ ബ്യൂട്ടിഫുള്‍’ എന്നത് വളരെ ശരിയായ ഒരു കാര്യമാണ്. പക്ഷെ വിപണിയുടെ കാര്യത്തിലല്ല. ചെറിയ വിലയുടെ ഓഹരികള്‍ കുറെയേറെ വാങ്ങിക്കൂട്ടി വിലകയറുന്നതു നോക്കി ഇരിക്കുന്നവര്‍ക്ക് മിക്കവാറും വിഷമമായിരിക്കും ഫലം. മറിച്ച് ചെറിയ തോതില്‍ മികച്ച ഓഹരികളില്‍ നിക്ഷേപിച്ച് കുറേക്കാലം കൊണ്ട് വലിയൊരു തുക നേടിയെടുക്കുന്നതാണ് ഫലപ്രദമായ രീതി. നമുക്ക് ചെറിയ ഓഹരികള്‍ വലിയ തോതില്‍ വാങ്ങിക്കാതെ ചെറിയ നിക്ഷേപങ്ങള്‍ ചെയ്ത് വലിയ രീതിയില്‍ സമ്പത്തുണ്ടാക്കാം. വിപണിയില്‍ ഇന്ന് കാണുന്ന പൊലിമ നാളെ കണ്ടേക്കാമെന്നില്ല. കണ്ണ് മഞ്ഞളിച്ചു എടുത്തുചാടിയാല്‍ ചിലപ്പോള്‍ ഈയാംപാറ്റയെപ്പോലെ ചിറകു കരിഞ്ഞു പിന്നീട് പറക്കാനാകാത്ത അവസ്ഥ വരും. നിങ്ങള്‍ വിപണിയെക്കുറിച്ച് അത്യന്തം അറിവുള്ളയാളാണെങ്കില്‍ നിങ്ങള്‍ക്ക് യോജിച്ച തീരുമാനങ്ങള്‍ എടുക്കാം. അല്ലാത്ത പക്ഷം മിതവാദം തന്നെ പ്രമാദം.

LEAVE A REPLY

Please enter your comment!
Please enter your name here