വാല്യു ഫണ്ടുകളും ഫോക്കസ്ഡ് ഫണ്ടുകളും

0
1387
Mutual funds

ഇക്വിറ്റി ഫണ്ടുകളിലെ ഉപവിഭാഗങ്ങളെക്കുറിച്ചാണ് ഫണ്ട് ഫോക്കസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ലാര്‍ജ്, മിഡ്, സ്മോള്‍, മള്‍ടി, ഫ്ളെക്സി എന്നിങ്ങനെ നിക്ഷേപകര്‍ക്ക് വളരെ സുപരിചിതങ്ങളായ ഫണ്ടുകള്‍ക്ക് പുറമെ മറ്റു ചില ഉപവിഭാഗങ്ങള്‍ കൂടി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്. ആകെ നിക്ഷേപത്തില്‍ ഓഹരി-ഓഹരിയേതര വിഭാഗങ്ങള്‍ തമ്മിലുള്ള അനുപാതം എത്രയായിരിക്കണമെന്നതിനേക്കാളുമുപരി ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫണ്ട് മാനേജര്‍മാര്‍ പിന്തുടരുന്ന സ്ട്രാറ്റജിയാണ് ഈ വിഭാഗങ്ങളെ ഒന്നിനെ മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വാല്യു ഫണ്ടുകളെയും ഫോക്കസ്ഡ് ഫണ്ടുകളെയും കുറിച്ച് പരിശോധിക്കുകയാണ് ഈയാഴ്ച.

വാല്യു ഫണ്ടുകള്‍

നിലവില്‍ ശ്രദ്ധിക്കപ്പെടാത്തതെങ്കിലും ഭാവിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യത കല്‍പിക്കപ്പെടുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിവരുന്ന ഇക്വിറ്റി ഫണ്ടുകളാണ് വാല്യു ഫണ്ടുകള്‍. സംഖ്യാപരവും ഗുണപരവുമായ വിശകലനങ്ങളെല്ലാം നടത്തി കണ്ടുപിടിക്കുന്ന ഓഹരികളുടെ ഇന്‍ട്രിന്‍സിക് വാല്യു അഥവാ യഥാര്‍ഥ മൂല്യം നിലവില്‍ അവയുടെ മാര്‍ക്കറ്റ് വിലയെക്കാള്‍ മുകളിലാണെന്ന് ഫണ്ട് മാനേജര്‍മാര്‍ ഉറച്ചു വിശ്വസിക്കുകയും അത്തരം കമ്പനികളുടെ ഓഹരികള്‍ വാല്യു ഫണ്ടിലേക്കായി അവര്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. താരതമ്യേന റിസ്ക് കൂടിയ വിഭാഗമാണെന്ന് പറയാമെങ്കിലും ദീര്‍ഘകാലത്തേക്ക്, അതായത് മിനിമം 5 വര്‍ഷത്തിന് മുകളിലേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ തയ്യാറുള്ളവര്‍ക്ക് വാല്യു ഫണ്ട് കൂടുതല്‍ അനുയോജ്യമാണ്. അഞ്ചോ ആറോ സ്കീമുകള്‍ ഉള്‍പ്പെടുത്തി എസ് ഐ പി വഴി ദീര്‍ഘകാലത്തേക്കുള്ള ഒരു പോര്‍ട്ട് ഫോളിയോ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്കീമുകളിലൊരെണ്ണം വാല്യു ഫണ്ടായി ഉള്‍പ്പെടുത്താവുന്നതാണ്.

ഫോക്കസ്ഡ് ഫണ്ടുകള്‍

സാധാരണ ഗതിയില്‍ ലാര്‍ജ്, മിഡ്, സ്മോള്‍, ഫ്ളെക്സി മുതലായ പ്രധാന സ്കീമുകളിലെല്ലാം തന്നെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് എണ്‍പതും നൂറും കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെടുന്നതായി കണ്ടുവരാറുണ്ട്. വിവിധ സെക്ടറുകളെ പ്രതിനിധീകരിക്കുന്ന കമ്പനികളെ പോര്‍ട്ട്ഫോളിയോയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യമാണത്. അമിതമായ വൈവിധ്യവല്‍ക്കരണം നല്ലതാണോ എന്ന ചോദ്യം സ്വാഭാവികമായും അവിടെ ഉയര്‍ന്നു വരാറുമുണ്ട്.
ഫോക്കസ്ഡ് ഫണ്ടിന്‍റെ കാര്യം എന്നാല്‍ തീര്‍ത്തും വിഭിന്നമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ പരിമിതമായ എണ്ണം കമ്പനികളുടെ ഓഹരികളില്‍ മാത്രമേ ഇവിടെ നിക്ഷേപം നടക്കുകയുള്ളൂ. സെബി വെച്ചിരിക്കുന്ന നിബന്ധന പ്രകാരം ഫോക്കസ്ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്താവുന്ന പരമാവധി ഓഹരികളുടെ എണ്ണം 30 എന്നാണ്. അതിനാല്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് കമ്പനികളില്‍ കൂടുതല്‍ റിസര്‍ച്ച് ചെയ്യുവാനും അവയുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനുമുള്ള അവസരവും ഫോക്കസ്ഡ് ഫണ്ടുകളിലുണ്ട്. ഓഹരികളുടെ എണ്ണം കുറവായതുകൊണ്ടു തന്നെ ഇവയുടെ റിസ്ക് പരമ്പരാഗത ഇക്വിറ്റി ഫണ്ടുകളിലേതിനേക്കാള്‍ താരതമ്യേന കൂടുതലായിരിക്കുമെന്നും ഓര്‍ക്കുക.

തിരഞ്ഞെടുക്കപ്പെട്ട ഏതാനും വാല്യു ഫണ്ടുകളുടെയും ഫോക്കസ്ഡ് ഫണ്ടുകളുടെയും പ്രകടനം താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു. സ്ഥലപരിമിതി കാരണം എല്ലാ സ്കീമുകളെയും ഉള്‍്പ്പെടുത്താന്‍ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here