വായ്പകളും നിയന്ത്രണവും

0
968

വായ്പകള്‍ എടുക്കാത്തവരായി ആരും ഉണ്ടാകില്ല. പണക്കാരായാല്‍പ്പോലും ബിസിനസ്സിലേക്കായിട്ടോ വാഹനം വാങ്ങുന്നതിനോ ഒക്കെയായി വായ്പ എടുക്കാറുണ്ട്. ബിസിനസ്സിലേക്കുള്ള വായ്പകളുടെ വ്യക്തിഗത സാമ്പത്തികത്തിലുള്ള പ്രഭാവം കുറവായിരിക്കും. എന്നാല്‍ ഭവന വായ്പ, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിവയ്ക്ക് നേരിട്ട് ഒരാളുടെ സാമ്പത്തിക സ്ഥിതിയെ നിര്‍ണയിക്കാനുള്ള ശക്തിയുണ്ട്. ബുദ്ധിപൂര്‍വം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബ ബജറ്റ് താറുമാറാകാന്‍ സാധ്യതയുള്ള ചിലവിനമാണ് വായ്പകള്‍, കാരണം പലിശ കൂടുന്നതും കുറയുന്നതും നമ്മുടെ കയ്യിലുള്ള കാര്യമല്ല. പലിശ കൂടുമ്പോള്‍ തവണ തുക കൂടാതിരിക്കാന്‍ തവണകളുടെ എണ്ണം കൂട്ടുന്നതുമൂലം ചിലപ്പോള്‍ വിരമിക്കുന്ന ശേഷമുള്ള കാലത്തിലേക്ക് വായ്പകള്‍ നീണ്ടുപോകാറുണ്ട്. ഇത് പലപ്പോഴും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് നമ്മുടെ ചിലവിനെ ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. മാത്രമല്ല വരുമാനം സാഹചര്യങ്ങളില്‍ കനത്ത സാമ്പത്തിക ആഘാതം ഏല്‍പ്പിക്കാതെ നോക്കേണ്ടതുമുണ്ട്. ഏതൊരും വരുമാന നിലവാരത്തിലുള്ള ആള്‍ക്കും വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും വായ്പകള്‍ എങ്ങിനെ നിയന്ത്രിക്കാമെന്നതുമാണ് ഇന്നത്തെ ഉള്ളടക്കം.

വായ്പകളുടെ ഉറവിടം
ഒരു സാധാരണക്കാരന്‍റെ ആദ്യത്തെ വായ്പ അയാളുടെ ഇരുചക്രവാഹനത്തിന്‍റെ അടവായിരിക്കും. ചെറിയൊരു മാസതവണ ആയതുകൊണ്ട് അത് അനായാസം അടഞ്ഞുപോവുകയും ഭാവിയില്‍ കൂടുതല്‍ വായ്പകള്‍ എടുക്കാന്‍ പ്രചോദനമാവുകയും ചെയ്യും. അങ്ങിനെയാണ് വിവാഹത്തിനായി പേര്‍സണല്‍ ലോണ്‍ എടുക്കുന്നത്. അവിടെ മാസതവണ സ്വല്‍പം കൂടുതലായിരിക്കും. ആ ലോണ്‍ തീര്‍ക്കാനായി ഭാര്യയുടെ സ്വര്‍ണ്ണം പണയം വെയ്ക്കും. പിന്നെ കുട്ടികളുടെ അഡ്മിഷന് കാശുതികയാതെ വരുമ്പോള്‍ വീണ്ടും പേര്‍സണല്‍ ലോണ്‍ എടുക്കും. അപ്പോള്‍ സ്വര്‍ണ്ണത്തിന്‍െറയും വ്യക്തിഗത വായ്പയുടെയും അടവുകള്‍ ഒരുമിച്ചു വരും. ഇതിനിടെയാണ് ഇരുചക്ര വാഹനത്തിന്‍റെ അടവ് തീരുന്നതും, കുടുംബാംഗങ്ങളുടെ എണ്ണം കൂടിയതിനാല്‍ ഒരു കാറിനെപ്പറ്റി ആലോചിക്കുന്നതും. അങ്ങിനെ കാര്‍ലോണും കൂടിയാകുമ്പോള്‍ 35-ാം വയസ്സില്‍ ഒരാള്‍ക്ക് മൂന്നു ലോണുകള്‍ കൈമുതലായി ഉണ്ടാകും. വരുമാനത്തിന്‍റെ 20 ശതമാനമെങ്കിലും ഇതിലേക്കായിരിക്കും പോവുക. കാറുകൂടി വന്നുകഴിയുമ്പോഴാണ് രാത്രി കിടക്കുമ്പോള്‍ സ്വന്തം വീടിനെക്കുറിച്ചുള്ള ചിന്ത വരുന്നത്.
സ്വന്തം വീട് എന്ന ആശയം എല്ലാവരുടെയും അവകാശവും ആവശ്യവും ആണ്. എന്നാല്‍ ആ ഭവനം എവിടെ, ഏതു രീതിയിലായിരിക്കണമെന്ന തീരുമാനവും അതിലേക്കുള്ള വായ്പ വളരെ നേരത്തെ എടുക്കുന്നതും അത്ര നല്ല ബുദ്ധിപരമായതല്ല. ഭൂരിഭാഗവും അപ്പാര്‍ട്മെന്‍റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുരുക്കം ചിലര്‍ സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ഇതിന്‍റെ ആവശ്യം ഉത്ഭവിക്കുന്നത് തറവാട് ചെറുതും കൂടിവരുന്ന അംഗങ്ങളെ ഉള്‍കൊള്ളാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ്. സാമൂഹിക സമ്മര്‍ദ്ദം മൂലം വീട് വാങ്ങുന്ന നല്ലൊരു ശതമാനം ആളുകളുമുണ്ട്. പ്രത്യേകിച്ചു പ്രവാസികള്‍. സ്വന്തം വീട് എന്നത് സമൂഹത്തിലെ സ്ഥാനം നിര്‍ണയിക്കുന്ന ഒന്നായി കണക്കാക്കപ്പെടുമ്പോള്‍ എന്ത് വിലകൊടുത്തും അതിനായി മുന്നിട്ടിറങ്ങുന്നതിനെ തെറ്റായിക്കാണാനാകില്ല. പക്ഷെ, കുടുംബാംഗങ്ങളുടേയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദത്തിന്‍റെ വില നല്‍കുന്നത് സ്വന്തം പോക്കറ്റില്‍ നിന്നാണെന്നുള്ള ബോധം ഉണ്ടായിരിക്കണം. വീട് അത്യാവശ്യം തന്നെ, പക്ഷേ അതിനെക്കുറിച്ച് ആലോചിക്കാന്‍ തക്കതായ സമയമുണ്ട്. ഒരു വീടിന്‍റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് വരുന്നവയാണ് സ്വര്‍ണ്ണ വായ്പയും വീട്ടുപകരണങ്ങളുമായി ബന്ധപ്പെട്ട വായ്പകളും. ഇതെല്ലാം ഭാവനവായ്പയുടെ കൂടെ വലുതും ചെറുതുമായ കൂടുതല്‍ അടവുകള്‍ സൃഷ്ടിക്കും. അങ്ങിനെ 40 വയസ്സ് ആകുമ്പോഴേക്കും ക്രെഡിറ്റ് കാര്‍ഡിന്‍റേതടക്കം എല്ലാ തരം ലോണുകളും ഒരാള്‍ സ്വരൂപിച്ച് കഴിഞ്ഞിട്ടുണ്ടാകും. അടവുകളാകട്ടെ വരുമാനത്തിന്‍റെ ഏകദേശം 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും.

നിയന്ത്രണങ്ങള്‍
ഒരാളുടെ ശീലങ്ങള്‍, പ്രവര്‍ത്തികള്‍, പെരുമാറ്റം, സ്വഭാവം എന്നിവയ്ക്കെല്ലാം സമൂഹത്തിന്‍റ പ്രഭാവം എപ്പോഴും ഉണ്ടാകും. തനിക്കാവശ്യമില്ലാത്തതു പോലും സമൂഹത്തിനുവേണ്ടി ചിലപ്പോള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് നമുക്ക് കാണാന്‍ സാധിക്കും. സ്വന്തം സാമ്പത്തിക ശേഷി, പണം സമ്പാദിക്കാനുള്ള പരിധി, കഴിവ്, അറിവ്, ആരോഗ്യം എന്ന കാര്യങ്ങളൊക്കെ വിശകലനം ചെയ്ത ശേഷമാവണം ഒരാള്‍ വായ്പയെക്കുറിച്ച് ചിന്തിക്കേണ്ടത്. അടയ്ക്കാന്‍ കഴിയില്ല എന്ന് സംശയം മനസ്സിലുണ്ടെങ്കില്‍ വലിയ ബാധ്യതകള്‍ തലയില്‍ വെയ്ക്കാതിരിക്കുന്നതാണ് നല്ലത്.

ഇത്തരത്തിലുള്ള സ്വന്തമായ വിശകലനം നേരത്തേ നടത്തുകയും ബാധ്യതയുടെ പരിധി നിശ്ചയിക്കുകയും ചെയ്താല്‍ അടുത്തതായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം തുടങ്ങിവെയ്ക്കാം. മറ്റൊന്നുമല്ല, നിക്ഷേപങ്ങള്‍ തന്നെ. ഒരു ജോലിയില്‍ പ്രവേശിച്ച് എത്രയും വേഗം ചെറുതായെങ്കിലും നിക്ഷേപങ്ങള്‍ തുടങ്ങി വെച്ചാല്‍ വായ്പയെടുക്കേണ്ടതിന്‍റെ തോത് കുറയ്ക്കാം. തുടക്കത്തില്‍ പറഞ്ഞ ഇരുചക്ര വാഹനം, വിവാഹത്തിനായുള്ള പണം, കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പണം എന്നിവയൊക്കെ ലോണ്‍ എടുക്കാതെ തന്നെ നിര്‍വ്വഹിക്കാനായാല്‍ ഒരു സാമ്പത്തിക സമ്മര്‍ദ്ദവും കൂടാതെ ഒരാള്‍ക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നേടികൊടുക്കാനാകും.

ഏകദേശം 30 നും 40 നും ഇടയ്ക്കുള്ള സമയമാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ നാളുകള്‍. ഈ സമയത്താണ് ഒരാള്‍ ഏറ്റവും കൂടുതല്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത്. ആ തീരുമാനങ്ങള്‍ അയാളുടെ മുഴുവന്‍ ജീവിതത്തെയും ബാധിക്കുന്നതുമായിരിക്കും. ഒരു ഭവന വായ്പ എടുക്കുന്നതിനു മുന്‍പും, നമ്മുടെ കുട്ടികള്‍ക്കായി വീട് വാങ്ങുന്നതിനും മുന്‍പും ശരിക്കൊന്നാലോചിക്കുക. ഒരു വീട് എന്നത് നാം വിരമിച്ചതിനു ശേഷവും കുറേ വര്‍ഷങ്ങള്‍ ജീവിക്കാനുള്ളതാണ്. അതിന്‍റെ സ്ഥലം നിര്‍ണയിക്കുന്നത് അത്യന്തം പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. മാത്രമല്ല, കുട്ടികള്‍ക്കായി വീട് വാങ്ങുമ്പോള്‍ ഭാവിയില്‍ അവര്‍ എവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയാതെ ആവരുത്. കാരണം 50 ലക്ഷം വായ്പയെടുക്കുമ്പോള്‍ 15 വര്‍ഷം കൊണ്ട് 30 ലക്ഷം രൂപയോളം നാം പലിശ മാത്രമായി അടയ്ക്കും. അങ്ങിനെ ചെയ്യുന്ന ഒരു നിക്ഷേപത്തിന് (വീടിന്) 15 വര്‍ഷം കഴിയുമ്പോള്‍ കുറഞ്ഞത് 1 കോടി രൂപ കിട്ടിയാല്‍ പോലും വാര്‍ഷിക വരുമാനം വെറും 1.5 ശതമാനമാണ്. മാത്രമല്ല, സ്ഥലത്തോടുകൂടിയ വീടല്ലെങ്കില്‍ അതിന്‍റെ മൂല്യം കുറയാനാണു സാധ്യത. 50 ലക്ഷത്തിന്‍റെ ഒരു അപാര്‍ട്മെന്‍റ് 80 ലക്ഷം ചിലവാക്കി വാങ്ങിയശേഷം വില്‍ക്കുമ്പോള്‍ 40 ലക്ഷമാണ് കിട്ടുന്നതെങ്കില്‍ 15 വര്‍ഷം കൊണ്ട് മൂല്യം പകുതിയാകുകയാണ് ചെയ്യുക. അതുകൊണ്ട് സ്വന്തം ഉപയോഗത്തിലേക്കല്ലാതെ വലിയ വായ്പകള്‍ എടുക്കുന്നത് ഗുണകരമല്ല.
25 വയസ്സില്‍ നിക്ഷേപങ്ങള്‍ തുടങ്ങി 40 വയസ്സിനുശേഷം മാത്രം വീടിനെക്കുറിച്ച് ചിന്തിച്ച് 55 വയസ്സാകുമ്പോഴേക്കും വായ്പകളെല്ലാം തീര്‍ത്ത് നല്ല നീക്കിയിരുപ്പോടുകൂടി വിരമിക്കുന്നതാണ് ഏറ്റവും ഉത്തമം.

Article first published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here