മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അറിയേണ്ടതെല്ലാം

0
1158
Mutual funds

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞതോടുകൂടി പലരും മറ്റു നിക്ഷേപ പദ്ധതികളെകുറിച്ച് ചിന്തിച്ചു തുടങ്ങിയത് ഇന്നത്തെ സ്ഥിര നിക്ഷേപ പലിശ പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവ് കൊണ്ടാണ്. മറ്റു നിക്ഷേപ സാധ്യതകള്‍ അന്വേഷിക്കുമ്പോള്‍ സ്ഥിര നിക്ഷേപം പോലെ നഷ്ടസാധ്യത കുറവുള്ള, എന്നാല്‍ കൂടുതല്‍ നേട്ടം തരുന്ന മറ്റു നിക്ഷേപ പദ്ധതികള്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. പലപ്പോഴും മറ്റു പദ്ധതികളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്കാണ്. ഈ നിക്ഷേപത്തിന്‍റെ നേട്ടങ്ങള്‍ ആരില്‍ നിന്നെങ്കിലും അറിഞ്ഞ ശേഷം നിക്ഷേപിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്താണെന്നോ അവയുടെ പ്രവര്‍ത്തനരീതി എത്തരത്തില്‍ ആണെന്നോ ചിന്തിക്കാതെ നടത്തുന്ന നിക്ഷേപം പലപ്പോഴും നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ അനുയോജ്യമായിരിക്കുകയില്ല. ഇത് പലപ്പോഴും നഷ്ടം വരുത്താന്‍ സാധ്യതയുമുണ്ട്.

ഉദാഹരണമായി ഒരാള്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞ് കുറച്ച് തുക ആവശ്യമുണ്ടെന്ന് കരുതുക. അയാളുടെ സുഹൃത്ത് ദീര്‍ഘകാലമായി നിക്ഷേപിച്ചുവരുന്ന മ്യൂച്വല്‍ ഫണ്ട് 15 ശതമാനം വളര്‍ച്ച നല്‍കുന്നുണ്ട് എന്ന ഇയാള്‍ അറിയുന്നു. ഇത്തരം സാഹചര്യത്തില്‍ ഇയാള്‍ രണ്ട് വര്‍ഷത്തേക്ക് കൈയ്യില്‍ ഉള്ള നിക്ഷേപം മുഴുവന്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയും ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലം ഇയാള്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം തുക എടുക്കാന്‍ ചെന്നപ്പോള്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് വളരെ കുറവാണ് ഇപ്പോള്‍ ഉള്ളത് എന്ന് കണ്ടെത്തുകയും മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഈ നിക്ഷേപം നഷ്ടത്തില്‍ തന്നെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു എന്ന കരുതുക. ഇയാളെ സംബന്ധിച്ചിടത്തോളം മ്യൂച്വല്‍ ഫണ്ട് ഒരു മോശം നിക്ഷേപമാണ് എന്ന വിലയിരുത്തലാവും ഉണ്ടാകുക. എന്നാല്‍ ഫണ്ടുകളെകുറിച്ച് ശരിയായി മനസ്സിലാക്കിയോ അല്ലെങ്കില്‍ നല്ലൊരു സാമ്പത്തിക വിദഗ്ധന്‍റെ നിര്‍ദ്ദേശപ്രകാരമോ നിക്ഷേപം നടത്തുകയാണെങ്കില്‍ ഒരു പരിധിവരെ അജ്ഞതമൂലം ഉണ്ടാകാനിടയുള്ള നഷ്ടം ഒഴിവാക്കാനാകും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ പലതരത്തിലുള്ള നഷ്ടസാധ്യതകള്‍ നിലനില്‍ക്കുന്നതുകൊണ്ട് എപ്പോഴും നേട്ടം ഉണ്ടാകും എന്നു പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് നഷ്ടം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാന്‍ ഇത്തരം നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകണം. ആദ്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

എല്ലാ ഫണ്ടുകളും ഒരുപോലെയല്ല
എല്ലാ മ്യൂച്വല്‍ ഫണ്ട് പദ്ധതികളും ഒരേ സ്വഭാവം ഉള്ളവയാണ്. ഓരോ സ്കീമുകളുടെയും നിക്ഷേപ ഉദ്ദേശ്യം വ്യത്യാസപ്പെട്ടിരിക്കും. അതുപോലെതന്നെ ഒരു വ്യക്തിയുടെ നിക്ഷേപ ഉദ്ദേശ്യം അനുസരിച്ചായിരിക്കണം പദ്ധതികളും തെരഞ്ഞെടുക്കേണ്ടത്. മ്യൂച്വല്‍ ഫണ്ടുകളെ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയില്‍ അനുയോജ്യമായ വിഭാഗത്തില്‍ നിന്ന് അനുയോജ്യമായ പദ്ധതികള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്.

റിസ്ക് അഥവാ നഷ്ടസാധ്യത
ഒരു നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ നഷ്ടസാധ്യത മനസ്സിലാക്കി വേണം നിക്ഷേപിക്കാന്‍. അധിക റിസ്ക് എടുക്കാന്‍ താല്പര്യം ഇല്ലാത്ത ആള്‍ ആളാണെങ്കില്‍ നഷ്ടസാധ്യത കുറവുള്ള ഫണ്ട് തിരഞ്ഞെടുക്കണം. എന്നാല്‍ നഷ്ട സാധ്യത കുറയുന്നതിനനുസരിച്ച് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും കുറവായിരിക്കും.

നിക്ഷേപ കാലാവധി
ഒരു നിക്ഷേപത്തില്‍ തുടരാനുദ്ദേശിക്കുന്ന കാലാവധി മനസ്സില്‍ കണ്ട് വേണം നിക്ഷേപം തിരഞ്ഞെടുക്കാന്‍. ഹ്രസ്വകാല നിക്ഷേപമാണ് എങ്കില്‍ ഓഹരിയാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ഡെറ്റ് ഫണ്ടുകളാവും കൂടുതല്‍ അനുയോജ്യം. അല്ലാത്തപക്ഷം മുകളില്‍ പറഞ്ഞ ഉദാഹരണത്തിലെപോലെ ചിലപ്പോള്‍ നഷ്ടത്തില്‍ വില്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പൂര്‍ണ്ണമായും നഷ്ടസാധ്യത ഇല്ലാത്ത ഫണ്ട് ആണ് എന്ന അര്‍ത്ഥമില്ല. ഈ ഫണ്ടുകളിലെ നഷ്ടസാധ്യത ഓഹരിയധിഷ്ഠിത ഫണ്ടുകളിലെ അത്ര വരുന്നില്ല എന്ന് മാത്രമാണ് ഉദ്ദേശിക്കുന്നത്.

നിക്ഷേപരീതി
ഒരു ഫണ്ട് നിക്ഷേപിക്കാനായി തിരഞ്ഞെടുത്താല്‍ അടുത്ത തീരുമാനം എടുക്കേണ്ടത് എങ്ങനെ നിക്ഷേപിക്കണം എന്നുള്ളതിനെപ്പറ്റിയാണ്. ഒറ്റതവണയായോ ടകജ പോലെ ഘട്ടം ഘട്ടമായോ നിക്ഷേപം നടത്താം. ഓഹരിവിപണിയില്‍ നിക്ഷേപം സാഹചര്യവും, നിക്ഷേപ തുക, നിക്ഷേപ ഉദ്ദേശ്യം, കാലാവധി എന്നവയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയുള്ള നിക്ഷേപ രീതിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന നിശ്ചയിക്കുന്നത്.

ശരിയായ ഉപദേശങ്ങള്‍ സ്വീകരിക്കുക
ഏത് കാര്യത്തെക്കുറിച്ചും ഉപദേശങ്ങള്‍ ലഭിക്കുന്നതിന് ഇന്ന് വിവിധ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഉള്ള ഉപദേശങ്ങള്‍ പലപ്പോഴും നിക്ഷേപകരെ പല കെണിയിലും കൊണ്ട് പോയി ചാടിപ്പിക്കാറുണ്ട്. മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ തിരഞ്ഞെടുക്കുന്നതിന് ആവശ്യമെങ്കില്‍ ഉപദേശം തേടാവുന്നതാണ്. എന്നാല്‍ ഇത്തരം ഉപദേശങ്ങള്‍ അറിവും പ്രവര്‍ത്തി പരിചയവും ഉള്ളവരില്‍ നിന്ന് സ്വീകരിക്കാന്‍ ശ്രദ്ധിക്കുക.

ഇന്നത്തെ കാലത്ത് നിക്ഷേപിക്കാനായി നിരവധി നിക്ഷേപ പദ്ധതികള്‍ ലഭ്യമാണ്. നിക്ഷേപിക്കാന്‍ താരതമ്യേന എളുപ്പമുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ അടിസ്ഥാന വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് ശരിയായ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സഹായകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here