മുതിര്‍ന്ന പൗരന്മാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച രണ്ട് പദ്ധതികള്‍

0
541
Retirement
financial planning, retirement planning

മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേകിച്ചും പെന്‍ഷനോ മറ്റു വരുമാനങ്ങളോ ഇല്ലാത്തവര്‍ക്ക് പ്രതിമാസ ചിലവുകള്‍ക്ക് തുക കണ്ടെത്താന്‍ പറ്റിയ നിക്ഷേപ പദ്ധതികളെ കുറിച്ച് ശരിയായ അറിവ് ലഭിക്കാത്ത മൂലം അനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കാതെ വരാറുണ്ട്. ഇത്തരം പൗരന്മാരെ സഹായിക്കുന്നതിനായി നിലവിലുള്ള രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി വയവന്ദന യോജനയും സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീമും. ഈ രണ്ടു പദ്ധതികളിലും മുതിര്‍ന്ന പൗരന്മാർക്ക് അവരുടെ കയ്യില്‍ ഉള്ള തുക നിക്ഷേപിച്ച് പദ്ധതി കാലയളവില്‍ വരുമാനം ഉറപ്പുവരുത്താന്‍ സഹായിക്കുന്നവയാണ്.

പ്രധാനമന്ത്രി വയ വന്ദന യോജന

2020ല്‍ ചില മാറ്റങ്ങള്‍ വരുത്തി ഇറക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ഈ പദ്ധതി 3 സാമ്പത്തിക വര്‍ഷത്തേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ 60 വയസ്സ് കഴിഞ്ഞ ആര്‍ക്കുവേണമെങ്കിലും ഈ പദ്ധതിയുടെ ഭാഗമാകാം. ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്ന കാലയളവ് മാര്‍ച്ച് 2023 വരെ മാത്രമാണ്. ഈ കാലയളവിന് ശേഷം സര്‍ക്കാര്‍ ഈ പദ്ധതി തുടര്‍ന്നു കൊണ്ടുപോകുന്നെങ്കില്‍ മാത്രമേ പുതിയ നിക്ഷേപകര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ ആകൂ. എല്‍ഐസി വഴിയാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നത്. 10 വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധിയെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ അതായത് ഗുരുതര അസുഖങ്ങള്‍ക്കുള്ള ചികിത്സ ചിലവുകള്‍ക്കായി തുകയുടെ 98% പിന്‍വലിക്കാന്‍ ആകും. അതല്ല എങ്കില്‍ നിക്ഷേപ തുകയുടെ 75% വരെ വായ്പ അത്യാവശ്യഘട്ടങ്ങളില്‍ എടുക്കാവുന്നതാണ് പക്ഷേ അതാതു സമയത്ത് നിശ്ചയിക്കുന്ന പലിശ ഈ വായ്പയ്ക്ക് കൊടുക്കേണ്ടതായിട്ട് വരും.

15 ലക്ഷം രൂപ വരെയാണ് ഒരാള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. പ്രതിമാസം, ത്രൈമാസം എന്നിവയ്ക്ക് പുറമേ അര്‍ദ്ധ വാര്‍ഷികമായും, വാര്‍ഷികമായും പെന്‍ഷന്‍ പിന്‍വലിക്കാനാകും. ഇവയില്‍ ഏതു തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച് പരമാവധി നിക്ഷേപിക്കുന്ന തുകയും വ്യത്യാസപ്പെട്ടിരിക്കും. പ്രതിമാസ പെന്‍ഷനാണ് എടുക്കുന്നത് എങ്കില്‍ കുറഞ്ഞത് 1,62,162 നിക്ഷേപിക്കണം, പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അതുപോലെ ത്രൈമാസ പെന്‍ഷന്‍ ആണെങ്കില്‍ കുറഞ്ഞത് ഒരു 1,61,074 രൂപയും പരമാവധി 14,89,933 രൂപയുമാണ് നിക്ഷേപിക്കാവുന്നത്. അര്‍ദ്ധ വാര്‍ഷികം, വാര്‍ഷിക പെന്‍ഷന്‍ എന്നിവയ്ക്ക് കുറഞ്ഞ നിക്ഷേപം യഥാക്രമം 1,59,574 രൂപയും 1,56,658 രൂപയുമാണ്. ഇവയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 14,76,064 രൂപയും 14,49,086 രൂപയുമായി ക്രമപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപ തുകയുടെ 7.40% പലിശ വാഗ്ദാനം ചെയ്തിരുന്ന ഈ പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും അവസാനത്തെ പെന്‍ഷന്‍ തുകയും ചേര്‍ത്ത് മടക്കി നല്‍കും .പദ്ധതി കാലയളവില്‍ മരണപ്പെടുകയാണെങ്കില്‍ അവകാശിക്കാന്‍ നിക്ഷേപ തുക തിരികെ നല്‍കും.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം

മുതിര്‍ന്ന പൗരന്മാർക്ക് നിക്ഷേപിക്കാന്‍ പറ്റുന്ന മറ്റൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം. ബാങ്ക്, പോസ്റ്റ് ഓഫീസ് വഴി ഈ പദ്ധതികളില്‍ ചേരാനാകും. ജനുവരി ഒന്നുമുതല്‍ ഈ പദ്ധതിയുടെ പലിശ 8% ആയി നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ ആയിരം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കും. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെ വര്‍ഷത്തില്‍ നാല് പ്രാവശ്യം ആയിട്ടാണ് പലിശ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. അഞ്ചുവര്‍ഷമാണ് നിക്ഷേപത്തിന്‍റെ കാലാവധിയെങ്കിലും ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷം കൂടെ നീട്ടാവുന്നതാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ദീര്‍ഘകാലം നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് കുറവായതുകൊണ്ട് നീണ്ട കാലയളവിലേക്ക് സുരക്ഷിതമായ വരുമാനം ഉറപ്പ് വരുത്താന്‍ ഈ രണ്ടു പദ്ധതികളും സഹായിക്കും എന്നതിനാല്‍ മുതിര്‍ന്ന പൗരന്മാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച രണ്ട് പദ്ധതികള്‍ ആണിവ.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here