പുത്തന്‍ ഓഹരികള്‍ക്കായി അപേക്ഷിക്കുന്നതെങ്ങിനെ

0
1342

ബിസിനസ് വിപുലീകരിക്കുന്നതിനായി കൂടുതല്‍ മൂലധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളോ പുതുതായി രൂപമെടുക്കാനുദ്ദേശിക്കുന്ന കമ്പനികളോ പൊതുജനങ്ങള്‍ക്കായി ഓഹരികള്‍ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് ‘ഇനീഷ്യല്‍ പബ്ലിക് ഓഫര്‍’ അഥവാ ‘ഐ പി ഒ’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഐ പി ഒയ്ക്ക് ശേഷം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി തുടര്‍ന്നും വാങ്ങുവാനും വില്‍ക്കുവാനും സാധിക്കുന്നു. ഐ പി ഒ വേളയില്‍ കമ്പനികളുടെ പുത്തന്‍ ഓഹരികള്‍ക്കായി അപേക്ഷിക്കുന്നതെങ്ങനെയെന്നതാണ് ഈ ലക്കം ഓഹരി പാഠം ചര്‍ച്ച ചെയ്യുന്നത്.

ആദ്യകാലങ്ങളില്‍ പൂര്‍ണമായും ഓഫ്ലൈന്‍ സംവിധാനം വഴിയായിരുന്നു ഐ പി ഒ പ്രക്രിയ നടന്നിരുന്നത്. ധാരാളം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു നിക്ഷേപകര്‍ നല്‍കുന്ന അപേക്ഷാ ഫോറം സ്വീകരിക്കുന്ന തീയതി മുതല്‍ ഓഹരികളുടെ അലോട്ട്മെന്‍റ് ലഭിക്കുന്നതു വരെയുള്ള നടപടിക്രമങ്ങള്‍ ദൈര്‍ഘ്യമേറിയതായിരുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗും മറ്റും ജനകീയമല്ലാതിരുന്ന അക്കാലത്ത് ചെക്കുകള്‍ വഴിയാണ് നിക്ഷേപകര്‍ ഓഹരികള്‍ക്കായുള്ള പേമെന്‍റ് നടത്തിയിരുന്നത്. ആകര്‍ഷകമായ മികച്ച ഐ പി ഒകള്‍ക്കെല്ലാം തന്നെ നിക്ഷേപകരുടെ ബാഹുല്യം കാരണം അവര്‍ അപേക്ഷിച്ച ഓഹരികളുടെ എണ്ണം മുഴുവനായും അലോട്ട്മെന്‍റായി ലഭിക്കുവാനുള്ള സാധ്യത കുറവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്കില്‍ നിന്നും ഡെബിറ്റ് ചെയ്യപ്പെട്ട തുക റീഫണ്ടായി ലഭിക്കുന്നതിലുള്ള കാലതാമസമെല്ലാം പ്രശ്നങ്ങളായിരുന്നു. എന്നാല്‍ അത്തരം നൂലാമാലകളൊന്നും തന്നെ ഇപ്പോള്‍ നിക്ഷേപകര്‍ അഭിമുഖീകരിക്കുന്നില്ല. 2016 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഐ പി ഒകള്‍ നിക്ഷേപകര്‍ക്ക് മുന്നിലെത്തുന്നത്. നിലവിലെ ഐ പി ഒ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പ് അവയുമായി ബന്ധപ്പെട്ട ചില പദപ്രയോഗങ്ങളെയും നിക്ഷേപകര്‍ മുന്‍കൂട്ടി ചെയ്യേണ്ട ചില തയ്യാറെടുപ്പുകളെയും കുറിച്ച് ഒന്ന് വിശദമാക്കാം.

ഡെപ്പോസിറ്ററി:
ഒരു ബാങ്കുമായി താരതമ്യം ചെയ്യാവുന്ന പദമാണ് ഡെപ്പോസിറ്ററി. ബാങ്കില്‍ പണമിടപാടുകളാണ് നടക്കുന്നതെങ്കില്‍ ഓഹരികള്‍, ഡിബഞ്ചറുകള്‍, ബോണ്ടുകള്‍, ഗവണ്‍മെന്‍റ് സെക്യൂരിറ്റികള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ മുതലായവ ഇലക്ട്രോണിക് സംവിധാനത്തില്‍ സൂക്ഷിക്കുകയും, അവയുടെ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുകയുമാണ് ഡെപ്പോസിറ്ററി ചെയ്യുന്നത്. പ്രധാനമായും രണ്ട് ഡെപ്പോസിറ്ററികളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍ എസ് ഡി എല്‍), സെന്‍ട്രല്‍ ഡെപ്പോസിറ്ററി സെക്യൂരിറ്റീസ് ലിമിറ്റഡ് (സി ഡി എസ് എല്‍) എന്നിവയാണ് അവ.

ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ്:
ഡെപ്പോസിറ്ററികളുടെ രജിസ്റ്റേര്‍ഡ് ഏജന്‍റുകളെയാണ് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ് (ഡി പി) എന്ന് വിളിക്കുന്നത്. വ്യക്തികള്‍ക്ക് ഡെപ്പോസിറ്ററിയില്‍ എക്കൗണ്ട് തുടങ്ങാന്‍ ഇവര്‍ സഹായിക്കുന്നു. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബ്രോക്കിംഗ് കമ്പനികള്‍ എന്നിവയെല്ലാം ഡി പി ആയി സേവനം നടത്തുന്നവരാണ്. സെബിയുടെ അനുമതിയോടെ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റ് ആയി പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ ഐഡന്‍റിറ്റി നമ്പര്‍ ഡി പി ഐഡി എന്ന പേരില്‍ അറിയപ്പെടുന്നു. ഇത് ഒരു 8 അക്ക നമ്പര്‍ ആയിരിക്കും.

ഡീമാറ്റ് എക്കൗണ്ട്- ക്ലൈന്‍റ് ഐ ഡി:
നിക്ഷേപകര്‍ ഡി പികളില്‍ ആരംഭിക്കുന്ന എക്കൗണ്ടുകളാണ് ഡിമാറ്റ് എക്കൗണ്ട് എന്നറിയപ്പെടുന്നത്. ഇത്തരം ഡീമാറ്റ് എക്കൗണ്ടുകളിലാണ് നിക്ഷേപകര്‍ ഐ പി ഒ വഴിയും സെക്കന്‍ഡറി മാര്‍ക്കറ്റ് വഴിയും മറ്റും വാങ്ങുന്ന ഓഹരികളും മറ്റ് സെക്യൂരിറ്റികളും സൂക്ഷിച്ചുവെയ്ക്കുന്നത്. ഡി പിയില്‍ എക്കൗണ്ട് ആരംഭിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന നമ്പറാണ് ക്ലൈന്‍റ് ഐഡി അഥവാ ബെനിഫിഷ്യറി ഐഡി. ഇത് എന്‍ എസ് ഡി എല്ലില്‍ 8 അക്കങ്ങളും സി ഡി എസ് എല്ലില്‍ ഡി പി ഐ ഡി ചേര്‍ന്നുവരുന്ന 16 അക്കങ്ങളുള്ള ഒരു നമ്പറുമായിരിക്കും.

അസ്ബ:
ഡെപ്പോസിറ്ററിയുമായി ബന്ധപ്പെട്ട് മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ക്ക് പുറമെ ഐ പി ഒ അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രയോഗമാണ് അസ്ബ അഥവാ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട് എന്നുള്ളത്. അപേക്ഷിച്ച ഓഹരികള്‍ക്ക് ആവശ്യമായി വരുന്ന തുക തങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ ലീന്‍ മാര്‍ക്ക് ചെയ്യുന്ന വിധത്തില്‍ നീക്കിവെക്കാന്‍ ബാങ്കിന് നിക്ഷേപകര്‍ നല്‍കുന്ന സമ്മതപത്രമാണ് അസ്ബ. അലോട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ തുക അക്കൗണ്ടില്‍ തന്നെ നിലനിര്‍ത്തപ്പെടുന്നു. അലോട്ട്മെന്‍റ് മുഴുവനായോ ഭാഗികമായോ ലഭിക്കുന്ന വേളയില്‍ ആവശ്യമായ തുക എക്കൗണ്ടില്‍ ഡെബിറ്റ് ചെയ്യപ്പെടുകയും അഥവാ അലോട്ട്മെന്‍റ് ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്ക് ചെയ്യപ്പെട്ട തുക മുഴുവനായും എക്കൗണ്ടില്‍ റിലീസ് ആവുകയും ചെയ്യുന്നു. അസ്ബ വഴി നീക്കി വെക്കപ്പെട്ട പണത്തിന്‍മേലുള്ള പലിശ സാധാരണ രീതിയിലെന്ന പോലെ ബ്ലോക്ക് ചെയ്യപ്പെട്ട കാലത്തും നിക്ഷേപകന് ലഭിക്കുന്നു എന്നതാണ് ഇതിലെ സവിശേഷത. കൂടാതെ മുന്‍കാലങ്ങളില്‍ റീഫണ്ട് ലഭിക്കുന്നതിലുണ്ടായിരുന്ന കാലതാമസവും പൂര്‍ണമായും ഇല്ലാതായെന്ന ഗുണവും നിക്ഷേപകര്‍ക്ക് ലഭിക്കുന്നു.

ഇനി നെറ്റ്ബാങ്കിംഗ് വഴി ഐ പി ഒ ഓഹരികള്‍ക്ക് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.
*അപേക്ഷകര്‍ നെറ്റ്ബാങ്കിംഗ് എക്കൗണ്ട് ലോഗിന്‍ ചെയ്തതിന് ശേഷം ഇന്‍വെസ്റ്റ്മെന്‍റ്സ് വിഭാഗത്തിലെ അപ്ലൈ ഐ പി ഒ അഥവാ ഇ-ഐ പി ഒ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
*അപേക്ഷകന്‍റെ ഡീമാറ്റ് എക്കൗണ്ട്, ബാങ്ക് എക്കൗണ്ട്, പാന്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുക.
*തുടര്‍ന്ന് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ പി ഒകളുടെ വിവരങ്ങള്‍ ലഭിക്കുന്ന പേജിലേക്ക് പോയി അപേക്ഷിക്കാനുദ്ദേശിക്കുന്ന ഐ പി ഒ തിരഞ്ഞെടുക്കുക.
*അപേക്ഷിക്കാനുദ്ദേശിക്കുന്ന ഐ പി ഒകളുടെ എണ്ണവും ഓഹരിയൊന്നിന് നല്‍കാന്‍ തയ്യാറുള്ള വിലയും രേഖപ്പെടുത്തുക. സാധാരണഗതിയില്‍ ഓഫര്‍ വില നേരത്തെ നിശ്ചയിക്കപ്പെട്ട ഒരു പരിധിക്കുള്ളിലായിരിക്കും ഇഷ്യു ചെയ്യുന്ന കമ്പനികള്‍ നല്‍കാറുള്ളത്. അതിലെ ക്യാപ്പ് വില- അതായത് ഉയര്‍ന്ന വിലയില്‍ തന്നെ അപേക്ഷിക്കുകയായിരിക്കും ഉത്തമം.
*തുടര്‍ന്ന് നിര്‍ദേശങ്ങളും വ്യവസ്ഥകളും സംബന്ധിച്ച ബോക്സില്‍ ക്ലിക്ക് ചെയ്ത ശേഷം അപ്ലിക്കേഷന്‍ സമര്‍പ്പിക്കുക.

വിവിധ ബാങ്കുകളുടെ നെറ്റ്വര്‍ക്ക് പോര്‍ട്ടലുകള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും ഐ പി ഒ അപേക്ഷ സമര്‍പ്പിക്കുന്ന രീതി മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. ഇതിന് പുറമെ യു പി ഐ ഐ ഡി ഉപയോഗിച്ചും ബാങ്ക് മുഖേന ഐ പി ഒകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രമുഖ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലും കുറ്റമറ്റ രീതിയില്‍ ഐ പി ഒ ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള ലളിതമായ സംവിധാനങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here