നിങ്ങള്‍ക്കൊരു ആജീവനാന്ത ആത്മമിത്രം

0
2341
Image of Currency and coins with growth concept

ആത്മമിത്രമെന്നാല്‍ ആരാണ്? നമ്മുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. നമുക്ക് എന്തു പ്രശ്നമുണ്ടെങ്കിലും സ്വന്തം പ്രശ്നമായിക്കണ്ട് ഇടപെട്ട് സഹായിക്കുന്നവര്‍. തമ്മില്‍ ഒരു ഈഗോയുമില്ലാതെ പെരുമാറുന്ന ഒരാള്‍. സ്ത്രീയായാലും പുരുഷനായാലും അതുപോലൊരാള്‍ ഉള്ളത് ഒരു അനുഗ്രഹം തന്നെയാണ്. പണ്ടത്തെ കാലത്ത് മനുഷ്യര്‍ക്കിടയില്‍ ഇന്ന് കാണുന്നതിലും ആഴത്തിലുള്ള ആത്മ ബന്ധമുണ്ടായിരുന്നു. പണം ബന്ധങ്ങളുടെ അളവുകോലായി മാറി വന്നതോടെ ബന്ധങ്ങള്‍ വെറും അലങ്കാരമായി മാറി. ഇന്ന് നമ്മെ സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന ഒന്ന് പണം തന്നെയാണെന്ന് പറയേണ്ടിവരും. നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലെയും സംഭവങ്ങള്‍ തന്നെ അതിനുദാഹരണമായി കാണാന്‍ സാധിക്കും. നമ്മുടെ കയ്യില്‍ പണമില്ലെന്ന് കണ്ടാല്‍ ഏതൊരവസ്ഥയിലും നമ്മെ സംരക്ഷിക്കാനോ സഹായിക്കാനോ ആരുംതന്നെ മുന്നോട്ടു വരില്ല. അങ്ങനെയൊരു സാഹചര്യത്തിലേക്ക് ലോകം കൂടുതല്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ നാം എന്താണ് ചെയ്യേണ്ടത്? നാം നമുക്ക് ഒരു ആത്മ മിത്രത്തിനെ സൃഷ്ടിച്ചെടുക്കുക. അതെ, നമ്മുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോയാണ് ആ മിത്രം. നമുക്ക് തീര്‍ച്ചയായും നല്ല മിത്രങ്ങള്‍ ഉണ്ടാകും. എന്നാലും സാമ്പത്തികമായി നമ്മെ എന്നും സഹായിക്കാനും സംരക്ഷിക്കാനും കഴിവുള്ള ഒരു മിത്രം എല്ലാവര്‍ക്കും വേണം.

സൗഹൃദങ്ങള്‍ തുടങ്ങാം
പലതരം നിക്ഷേപങ്ങളുമായി പതുക്കെ സൗഹൃദം പുലര്‍ത്തിയാണ് നാം കാര്യങ്ങള്‍ക്ക് തുടക്കമിടേണ്ടത്. ഓരോരുത്തരുടേയും സ്വഭാവം മനസ്സിലാക്കണം. നമ്മുടെ സ്വഭാവത്തിന് യോജിച്ചതാണോ എന്നറിയാനും സമയമെടുക്കും. അങ്ങിനെ കുറച്ചു നാളുകള്‍കൊണ്ട് ചെറിയ രീതിയിലുള്ള നിക്ഷേപങ്ങളിലൂടെ നാം ഓരോരുത്തരെയും മനസ്സലാക്കാന്‍ ശ്രമിക്കും. ബാങ്ക് നിക്ഷേപം, ചിട്ടി, ഓഹരിനിക്ഷേപങ്ങള്‍, പോസ്റ്റ്
ഓഫീസ്, സ്വര്‍ണ്ണം, ബോണ്ടുകള്‍, എന്നിങ്ങനെ നാം ഓരോരുത്തരെയും മനസ്സിലാക്കി നമുക്ക് യോജിച്ചതാരാണെന്നും ഏതൊക്കെ അനുപാതത്തില്‍ ഇവരെ നാം ഉപയോഗിക്കണമെന്നുമുള്ള ഒരു അറിവ് നമുക്ക് ലഭിക്കും. നമ്മുടെ ആവശ്യത്തിന് യോജിക്കാത്തവരെ നാം മാറ്റി നിര്‍ത്തണം.


വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ബന്ധങ്ങള്‍ വളരും. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഇടയ്ക്കുവെച്ച് നാം നിക്ഷേപങ്ങള്‍ നിര്‍ത്തിവെച്ച് ബന്ധങ്ങളില്‍ അകലം സൃഷ്ടിക്കരുത് എന്നതാണ്. ബന്ധത്തിന്‍റെ ഊഷ്മളത നിലനിര്‍ത്താന്‍ നിക്ഷേപത്തിനുള്ള നൈരന്തര്യം അത്യാവശ്യമാണ്. ബന്ധത്തിന് ദൃഢത കൂടാന്‍ ഇത് സഹായിക്കും. കണ്ണകന്നാല്‍ മനസ്സകലും എന്ന ചൊല്ല് നിക്ഷേപങ്ങളിലും അന്വര്‍ത്ഥമാണ്. നിക്ഷേപത്തിന് സാഹചര്യമുള്ളപ്പോള്‍ അതറിഞ്ഞ് ചെയ്തില്ലെങ്കില്‍ തിരിച്ച് നമുക്കൊരവശ്യം വരുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയാതെ വരും.


സൗഹൃദ പരിപാലനം
ഒരു സുഹൃത്ബന്ധത്തില്‍ നാം എന്തൊക്കെയാണ് ചെയ്യുന്നത്? ഇടയ്ക്ക് വിളിച്ചു സംസാരിക്കുന്നു. ഇടയ്ക്ക് നേരില്‍ കാണുന്നു. കുറച്ചു സമയം ഒരുമിച്ചു ചിലവിടുന്നു. പരസ്പരം അനുഭവങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുന്നു. ഇങ്ങനെയൊക്കെയല്ലേ? അതെ. ഇതെല്ലാം തന്നെ പോര്‍ട്ടഫോളിയോ എന്ന നമ്മുടെ സുഹൃത്തിന്‍റെ കൂടെയും നാം ചെയ്യേണ്ടതുണ്ട്. ഇടയ്ക്ക് നമ്മുടെ നിക്ഷേപങ്ങള്‍ ഒന്ന് വിശകലനം ചെയ്യുക. എന്തെങ്കിലും പരിഹാരങ്ങളോ മാറ്റങ്ങളോ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തുക. നിക്ഷേപത്തിന് മികച്ച രീതിയില്‍ വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. ഈ ഒരു അച്ചടക്കം പാലിച്ച് നിക്ഷേപത്തിന്‍റെ ഊഷ്മളത നിലനിര്‍ത്തുക. ഇന്നത്തെ ദിവസം നിക്ഷേപങ്ങള്‍ക്ക് വളരാന്‍ നമ്മുടെ സഹായം ആവശ്യമുണ്ട്. ഇതേ നിക്ഷേപങ്ങളാണ് നാളെ നമുക്ക് തണലാകാന്‍ പോകുന്നതെന്ന ബോധം നമുക്ക് വേണം. പണമുണ്ടാക്കുന്ന തിരക്കിനിടയില്‍ അത് നിയന്ത്രിക്കാനും പരിപാലിക്കാനും നാം മറന്നാല്‍ ആ സുഹൃത്ത് നമ്മെയും തിരിച്ച് സ്നേഹിക്കില്ല. കുറച്ചൊക്കെ ഈഗോ പോര്‍ട്ട്ഫോളിയോയ്ക്കും ഉണ്ടെന്നു കൂട്ടിക്കോളൂ. നാം എത്രകണ്ട് നമ്മുടെ നിക്ഷേപങ്ങളെ സ്നേഹിച്ചു പരിപാലിക്കുന്നുവോ അവ അത്രകണ്ട് വളരുകയും നമ്മുടെ ഭാവി ജീവിതം സുരക്ഷിതമാക്കുകയും ചെയ്യും. തഴഞ്ഞിട്ട ബന്ധവും തുഴയില്ലാത്ത വള്ളവും ഒരുപോലെയാണ്.


നിങ്ങളുടെ പോര്‍ട്ടഫോളിയോയാണ് നിങ്ങളുടെ വാലന്‍റയിന്‍
ഇന്നത്തെ കാലത്ത് കാശില്ലാത്തവരെ പ്രേമിക്കാന്‍ ആരും മെനക്കെടാറില്ല. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ മികച്ച വാലന്‍റയിന്‍ നമ്മുടെ നിക്ഷേപങ്ങള്‍ തന്നെയാണ്. ഓരോ വര്‍ഷവും ആ വാലന്‍റയിനുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി വരികയാണെങ്കില്‍ ജീവിതം കൂടുതല്‍ സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. ഇടയ്ക്കിടെ അകലം സൃഷ്ടിക്കാതെയും, പണം പിന്‍വലിക്കാതെയും, ശരിയായ തീരുമാനങ്ങള്‍ എടുത്തുകൊണ്ടും നിക്ഷേപമാകുന്ന നിങ്ങളുടെ ആത്മ മിത്രത്തെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരിക. വിപണിയിലെ അനിശ്ചിതത്വങ്ങളില്‍ നിന്നും, നികുതി, ചാര്‍ജ്ജ് എന്നിങ്ങനെയുള്ള പിന്തിരിപ്പന്‍ ശക്തികളില്‍ നിന്നും രക്ഷിച്ച് നിങ്ങളുടെ സുഹൃത്തിനെ പരിപാലിച്ചാല്‍ ആ സുഹൃത്ത് പില്‍കാലത്ത് നിങ്ങളുടെ ഏറ്റവും മികച്ച പങ്കാളിയായി മാറുമെന്നതില്‍ സന്ദേഹമില്ല.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here