നിക്ഷേപങ്ങള്‍ക്കു വേണം ശരിയായ അനുപാതം

0
1447
Image of Currency and coins with growth concept

നിക്ഷേപം വളരെ അച്ചടക്കത്തോടെയും കൃത്യമായും ചെയ്തുവന്നാലും പലപ്പോഴും ഒരു വ്യക്തിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൃത്യമായി നടക്കണമെന്നില്ല. അതിന് പലവിധ കാരണങ്ങള്‍ ഉണ്ടെങ്കിലും നിക്ഷേപ പദ്ധതികള്‍ ശരിയായ അനുപാതത്തില്‍ നിക്ഷേപിക്കുന്നതില്‍ വിമുഖത കാണിക്കുന്നതാണ് ഒരു പ്രധാന കാരണം. ഈ നിക്ഷേപ അനുപാതം വ്യക്തിയുടെ പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പലപ്പോഴും നിക്ഷേപം തുടങ്ങുമ്പോള്‍ കൃത്യമായ ക്രമത്തില്‍ നിക്ഷേപിച്ച ശേഷം പിന്നീട് ശരിയായ വിശകലനങ്ങള്‍ നടത്താത്തത് മൂലം ശരിയായ നിക്ഷേപ അനുപാതം തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയാതെ വരും. ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യങ്ങള്‍, റിസ്ക് തടുക്കുവാനുള്ള കഴിവ്, നിക്ഷേപ കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപ പദ്ധതികളുടെ വൈവിധ്യവല്‍ക്കരണം കൃത്യമായി നടത്തിയാല്‍ മാത്രമേ ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവിന നുസരിച്ചുള്ള ഏറ്റവും മികച്ച വളര്‍ച്ച നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.


നിക്ഷേപങ്ങളെ എല്ലാം ചേര്‍ത്ത് പോര്‍ട്ട്ഫോളിയോ എന്നാണ് പറയുക. ആരോഗ്യകരമായനിക്ഷേപത്തിന് ഏറ്റവും അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ് പോര്‍ട്ട്ഫോളിയോ അവലോകനവും പോര്‍ട്ട്ഫോളിയോ റീ ബാലന്‍സിംഗും. നിക്ഷേപങ്ങള്‍ക്ക് വേണ്ട അനുപാതം എത്രയെന്ന് നിശ്ചയിക്കുന്നതിനെയാണ് പോര്‍ട്ട്ഫോളിയോ അലോക്കേഷന്‍ എന്ന് പറയുന്നത്. ഈ നിക്ഷേപങ്ങളില്‍ വേണ്ട നിക്ഷേപ അനുപാതം എത്രയെന്ന് നിശ്ചയിക്കുന്നതിനെയാണ് പോര്‍ട്ട്ഫോളിയോ അലോക്കേഷന്‍ എന്ന് പറയുന്നത്. ഈ നിക്ഷേപാനുപാതം നിശ്ചയിക്കുന്നത് പ്രധാനമായും റിസ്ക് എടുക്കാനുള്ള കഴിവും നിക്ഷേപ കാലാവധിയുടെയും അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ഉയര്‍ന്ന റിസ്ക് എടുക്കുവാനുള്ള കഴിവുണ്ടെങ്കിലും വളരെ ചുരുങ്ങിയ നിക്ഷേപ കാലയളവേയുള്ളൂവെങ്കില്‍ നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കേണ്ടതായിട്ട് വരും. അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുത്തു ശരിയായ അനുപാതത്തില്‍ വിവിധ പദ്ധതികള്‍ നിക്ഷേപിക്കുന്നതിനെയാണ് പോര്‍ട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട്, ബോണ്ട,് സ്വര്‍ണം സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങിയ ഏതു പദ്ധതികളില്‍ വേണമെങ്കിലും നിക്ഷേപത്തിന്‍റെ ഭാഗമാക്കുന്നതോടൊപ്പം അപ്രതീക്ഷിതമായി ഉണ്ടാകാന്‍ ഇടയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള തുക പണമായി സൂക്ഷിക്കുന്നതും ഇതിന്‍റെ ഭാഗമാണ്.


എല്ലാ നിക്ഷേപങ്ങളുടെയും വളര്‍ച്ച ഒരുപോലെയല്ല അതുകൊണ്ട് ശരിയായ അനുപാതത്തില്‍ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ മാത്രമേ മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ നിക്ഷേപത്തിനും മികച്ച വളര്‍ച്ച ലഭിക്കുകയുള്ളൂ. എല്ലാ നിക്ഷേപ പദ്ധതികളുടെയും വളര്‍ച്ച പലപ്പോഴും ഒരേ ദിശയില്‍ ആകണമെന്നില്ല, എന്നാല്‍ വിവിധ നിക്ഷേപ പദ്ധതികളില്‍ ശരിയായ അനുപാതത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു പരിധിവരെ ആകെ നിക്ഷേപത്തിന് മികച്ച ശരാശരി വളര്‍ച്ച നിരക്ക് ലഭിക്കാന്‍ സഹായകരമാകും.


എന്നാല്‍ തുടക്കത്തിലെ നിശ്ചയിക്കുന്ന നിക്ഷേപ അനുപാതം പലവിധ കാരണങ്ങളാല്‍ വ്യത്യാസം വരാം. കൂടാതെ കാലങ്ങള്‍ കഴിയുംന്തോറും ജീവിത ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും നിക്ഷേപത്തിന്‍റെ അനുപാതം മാറ്റാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യാം. ഉദാഹരണത്തിന് മുപ്പതാം വയസ്സില്‍ റിട്ടയര്‍മെന്‍റിനായി നിക്ഷേപിക്കുമ്പോള്‍ കൂടുതല്‍ നിക്ഷേപം വളര്‍ച്ച നിരക്ക് കൂടുതലുള്ള നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങളില്‍ ആണെങ്കില്‍ റിട്ടയര്‍മെന്‍റിനോട് അടുക്കുമ്പോള്‍ ഈ അനുപാതം നഷ്ട സാധ്യത തീരെയില്ലാത്ത നിക്ഷേപങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം മാറ്റുന്നതാണ് ഉചിതം.


ശരിയായ നിക്ഷേപ അനുപാതം എപ്പോഴും നിലനിര്‍ത്തുക എന്നത് മികച്ചവളര്‍ച്ച ലഭിക്കുന്നതിന് അത്യന്താപേക്ഷികമാണ്. ഇതിനായി നിക്ഷേപങ്ങളുടെ അനുപാതം യഥാസമയം പുനക്രമീകരിക്കേണ്ടിവരും. ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ ശരിയായ രീതിയില്‍ പുനക്രമീകരിക്കുന്നതിന് യഥാസമയം നിലവിലുള്ള നിക്ഷേപങ്ങളെ വിലയിരുത്തി അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. നിക്ഷേപ പുനക്രമീകരണം പലവിധത്തില്‍ നടത്താനാകും. അനുപാതം കൂടുതലുള്ള നിക്ഷേപം വിറ്റ് അനുപാതം കുറവുള്ള നിക്ഷേപത്തിലേക്ക് ചേര്‍ക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. അതല്ലെങ്കില്‍ ഭാവിയിലേക്കുള്ള നിക്ഷേപം അനുപാതം ശരിയാകുന്നതുവരെ കുറഞ്ഞ അനുപാതം ഉള്ള നിക്ഷേപത്തിലേക്ക് ചെയ്യുകയോ നിക്ഷേപം പിന്‍വലിക്കേണ്ടപ്പോള്‍ കൂടുതല്‍ നിക്ഷേപാനുപാതമുള്ള ഭാഗത്തുനിന്ന് പിന്‍വലിച്ച് ശരിയായ നിക്ഷേപ അനുപാതത്തില്‍ ആക്കാന്‍ സാധിക്കും.
ഈ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കും മുമ്പ് ഇവയ്ക്ക് വരാന്‍ സാധ്യതയുള്ള ചാര്‍ജ്ജുകളും നികുതി വ്യവസ്ഥകളും മനസ്സിലാക്കണം. ഇതിനായി ആവശ്യമെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്‍റെ സഹായം തേടാനും മടിക്കരുത്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here