നിക്ഷേപം മികച്ചതാക്കാന്‍ തേടാം സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങള്‍

0
992

മ്യൂച്ചല്‍ ഫണ്ട് അല്ലെങ്കില്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലെ പ്രധാന ആകര്‍ഷണമായി ചൂണ്ടിക്കാണിക്കുന്നത് ഇതിലെ വളര്‍ച്ച കോമ്പൗണ്ട് ചെയ്യുന്നു എന്നതാണ.് അതുകൊണ്ടുതന്നെ ദീര്‍ഘ കാലയളവിലേക്ക് നിക്ഷേപിക്കുമ്പോള്‍ മികച്ചവളര്‍ച്ച നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ കൂട്ടുപലിശയുടെ ശക്തി ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിങ്ങളെ പ്രാപ്തരാക്കും എന്നതാണ് സാമ്പത്തിക ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരം നിക്ഷേപങ്ങളുടെ പ്രസക്തി.

ഉദാഹരണമായി ഒരു ലക്ഷം രൂപയുടെ നിക്ഷേപം 10% വളര്‍ച്ച ലഭിച്ചാല്‍ 10,000 രൂപ ലാഭം കിട്ടും. ഈ ലാഭമായി കിട്ടിയ തുക പിന്‍വലിക്കാതെ തുടര്‍ന്നും നിക്ഷേപിക്കുമ്പോള്‍ ഒരു 110000 രൂപയുടെ വളര്‍ച്ചയാണ് അടുത്ത പ്രാവശ്യം ലഭിക്കുക. അപ്പോള്‍ ലഭിക്കുന്ന ലാഭം 11000 രൂപയായി മാറും. ഇത്തരത്തില്‍ നിക്ഷേപം വളരുന്ന രീതിക്കാണ് കോമ്പൗണ്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള വളര്‍ച്ച ദീര്‍ഘകാലയളവില്‍ ആകുമ്പോള്‍ വലിയൊരു തുകയായി മാറുകയാണ് ചെയ്യുന്നത്. നിക്ഷേപ കാലാവധി കൂടുന്നതിനനുസരിച്ച് കോമ്പൗണ്ടിംഗ് മൂലം ലഭിക്കുന്ന വളര്‍ച്ചയും ഉയര്‍ന്ന നില്‍ക്കും എന്നത് ഇത്തരത്തിലുള്ള നിക്ഷേപ പദ്ധതികളില്‍ ദീര്‍ഘകാലം നിക്ഷേപിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്.

നിക്ഷേപത്തില്‍ മാത്രമല്ല ജീവിത ചിലവുകളിലെ പണപ്പെരുപ്പവും ഇതേ രീതിയില്‍ തന്നെയാണ് പോകുന്നത്. അതുകൊണ്ടുതന്നെ പണപ്പെരുപ്പ തോതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്ക് ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ ജീവിത നിലവാരത്തില്‍ ഭാവിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍മ്മയില്‍ ഉണ്ടാവേണ്ട കാര്യമാണ്.

നിക്ഷേപത്തിന് കൂട്ടുപലിശയുടെ സ്വഭാവം ഉള്ളതുകൊണ്ട് മാത്രം നിക്ഷേപം മികച്ച രീതിയില്‍ ആകണമെന്നില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോമ്പൗണ്ടില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആകും. അതില്‍ പ്രധാനപ്പെട്ടതാണ് നേരത്തെ നിക്ഷേപം തുടങ്ങുക എന്നത്. ദീര്‍ഘകാലയളവിലെ നിക്ഷേപങ്ങള്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക എന്നത് കൊണ്ട് തന്നെ ജീവിതലക്ഷ്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി കൂടിയ കാലയളവില്‍ അച്ചടക്കത്തോടെ തുടര്‍ച്ചയായി നിക്ഷേപിക്കാനാ യാല്‍ കൂടുതല്‍ പ്രയോജനകരമായി കൂട്ടുപലിശ ഉപയോഗപ്പെടുത്താനാകും.

അതുപോലെതന്നെ ഏതെങ്കിലും നിക്ഷേപത്തിന്‍റെ ലാഭം എടുക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അത് നിക്ഷേപം ആക്കി മാറ്റുന്നത് നിക്ഷേപ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്താല്‍ മാത്രം പോരാ അതില്‍ തന്നെ മികച്ച വളര്‍ച്ച ലഭിക്കുന്ന നിക്ഷേപങ്ങള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി ധാരാളം മ്യൂച്ചല്‍ ഫണ്ട് പദ്ധതികളും ഓഹരികളും നിക്ഷേപത്തിനായി ലഭ്യമാണ.് എന്നാല്‍ എല്ലാ പദ്ധതികളുടെയും വളര്‍ച്ച ഒരേ രീതിയില്‍ അല്ല ഇവയില്‍ ഭാവിയില്‍ മികച്ചവളര്‍ച്ച നിരക്ക് ലഭിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ തിരഞ്ഞെടുത്താല്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയില്‍ നിക്ഷേപ വളര്‍ച്ച ലഭിക്കുകയുള്ളൂ. മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കി ആവശ്യമെങ്കില്‍ ശരിയായ സാമ്പത്തിക വിദഗ്ധരുടെ സഹായം തേടുക.

LEAVE A REPLY

Please enter your comment!
Please enter your name here