ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപക തരംഗം നേട്ടമാര്‍ക്ക്, കോട്ടമാര്‍ക്ക്?

0
1618
theme-based investing

ഓഹരി വിപണിയില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ 2020 മാര്‍ച്ചിലെ തകര്‍ച്ചയ്ക്കു ശേഷം ചെറുകിട നിക്ഷേപകരുടെ എണ്ണം സ്ഫോടനത്മകമായി വര്‍ധിച്ചിരിക്കയാണ്. 2020ല്‍ ഇന്ത്യയില്‍ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4.09 കോടിയായിരുന്നു. അന്നു മുതല്‍ തുടര്‍ച്ചയായി പെരുകുന്ന ഡിമാറ്റ് അക്കൗണ്ടുകള്‍ 2022 ഓഗസ്റ്റോടെ 10 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ വിപണിയില്‍ നടക്കുന്ന പ്രതിദിന ഇടപാടുകളില്‍ 52 ശതമാനവും ചെറുകിട നിക്ഷേപകരുടേതാണ്. അഭ്യന്തര സ്ഥാപനങ്ങളുടേത് 29 ശതമാനവും വിദേശ സ്ഥാപനങ്ങളുടേത് 19 ശതമാനവും ആണ്. ഓഹരി നിക്ഷേപ സംസ്കാരം ഇന്ത്യയില്‍ ശക്തമായി വളരുന്നുണ്ട്.

ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം അഭികാമ്യമാണ്. സ്വര്‍ണം പോലുള്ള ഉല്‍പാദനപരമല്ലാത്ത നിക്ഷേപങ്ങളില്‍ നിന്ന് ഓഹരി പോലെ ഉല്‍പാദന പരമായ നിക്ഷേപങ്ങളിലേക്ക് സമ്പാദ്യം വരുന്നത് നല്ലതാണ്. അത് സമ്പദ് വ്യവസ്ഥയിലെ മൂലധന സ്വരൂപണം വര്‍ധിപ്പിക്കുകയും അതു വഴി സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഓഹരി വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കുന്ന പ്രക്രിയയില്‍ പങ്കാളികളാകാന്‍ ചെറുകിട നിക്ഷേപകര്‍ക്ക് അവസരവും ലഭിക്കുന്നു.

യൂട്യൂബര്‍മാരുടെ കെണിയില്‍ വീഴുന്ന പാവം നവാഗതര്‍

എന്നാല്‍ ഈ രംഗത്ത് ചില അനാരോഗ്യ പ്രവണതകള്‍ തല പൊക്കുന്നതായി കാണാം. പെട്ടെന്നു പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഒരു വിഭാഗം നവാഗത നിക്ഷേപകര്‍ ഓഹരി വിപണിയില്‍ വന്‍ തോതില്‍ ഊഹക്കച്ചവടം നടത്തുന്നു. പുതിയ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അനേകം യൂ ട്യൂബര്‍മാര്‍ രംഗത്തുണ്ട്. ഓഹരി ട്രേഡിംഗിലൂടെ പെട്ടെന്നു സമ്പന്നരാകാനുള്ള വിദ്യകള്‍ പഠിപ്പിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. ” ഇരുപതിനായിരം മുടക്കി അഞ്ചു ലക്ഷം നേടുക” , ” രണ്ടു ദിവസത്തിനകം ഞാന്‍ 50 ലക്ഷം ഉണ്ടാക്കിയതെങ്ങനെ ” തുടങ്ങിയ അവകാശവാദങ്ങളുമായി വീഡിയോ പരസ്യങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ ഓഹരി വിപണിയെക്കുറിച്ചും സാമ്പത്തിക രംഗത്തെക്കുറിച്ചും കാര്യമായ അറിവില്ലാത്ത വലിയൊരു കൂട്ടം നവാഗതര്‍ ഇത്തരം കെണികളില്‍ വീഴുന്നു.

ഊഹക്കച്ചവടക്കാര്‍ക്ക് നഷ്ടം ഉറപ്പ്

ദിവസക്കച്ചവടവും, ഡെറിവേറ്റീവ്സ് വിപണിയിലെ കച്ചവടവും ചെയ്യുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നു എന്നത് ചരിത്ര വസ്തുതയാണ്. ലക്ഷക്കണക്കിന് കസ്റ്റമേഴ്സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനത്തിന്‍റെ പ്രമോട്ടര്‍ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഊഹക്കച്ചവടക്കാരായ 95 ശതമാനം പേര്‍ക്കും പണം നഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നിട്ടും പെട്ടെന്നു സവമ്പന്നരാകാനുള്ള പ്രലോഭനം നവാഗതരായ ആയിരങ്ങളെ ഊഹക്കച്ചവടത്തിലേക്ക് ആകര്‍ഷിക്കുന്നു. നിഫ്റ്റി 7511 ല്‍ നിന്ന് 18604 ലേക്കു കുതിച്ച 2020 ഏപ്രില്‍ മുതല്‍ 2021 ഒക്ടോബര്‍വരെ ഉണ്ടായ ഏകപക്ഷീയമായ ബുള്‍ തരംഗ കാലത്ത് ധാരാളം നവാഗതര്‍ ട്രേഡിംഗിലൂടെ പണമുണ്ടാക്കി. എന്നാല്‍ പിന്നീട് വിപണി അങ്ങേയറ്റം ചഞ്ചലമാവുകയും ട്രേഡര്‍മാര്‍ക്ക് തുടര്‍ച്ചയായി പണം നഷ്ടപ്പെടാന്‍ തുടങ്ങുകയും ചെയ്തു. മുന്നോട്ടു പോകുന്തോറും ഈ പുതിയ തലമുറ ഊഹക്കച്ചവടക്കാര്‍ക്കെല്ലാം കാര്യമായി പണം നഷ്ടപ്പെടും. ചരിത്രം ആവര്‍ത്തിക്കും !

നിക്ഷേപകര്‍ നേട്ടമുണ്ടാക്കും

വിപണിയിലെ ആരോഗ്യകരമായ പ്രവണത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരുന്നു എന്നതാണ്. മിക്കവാറും ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരികളില്‍ നേരിട്ട് വിജയകരമായി നിക്ഷേപിക്കുന്നതിനുള്ള വൈദഗ്ദ്യം ഇല്ല എന്നത് വസ്തുതയാണ്. അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും നല്ലത് മ്യൂച്വല്‍ ഫണ്ടിലൂടെ നിക്ഷേപിക്കുകയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നത് ഏറെ അഭിലഷണീയമാണ്. മ്യൂച്വല്‍ഫണ്ട് വ്യവസായത്തിന്‍റെ മൊത്തം ആസ്തി 2020 നവംബറിലെ 30 ട്രില്യണ്‍ രൂപയില്‍ നിന്ന് 2022 ഒക്ടോബറില്‍ 39.5 ട്രില്യണ്‍ രൂപയായി വളര്‍ന്നു. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതി അഥവാ എസ്ഐപി സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമാര്‍ഗമാണെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്. എസ്ഐപികളിലൂടെ വിപണിയിലേക്കു മാസം തോറും വരുന്ന പണം കോവിഡിനു മുമ്പുള്ള 8000 കോടിയില്‍ നിന്ന് 2022 ഒക്ടോബര്‍ ആയപ്പോള്‍ റിക്കാര്‍ഡ് തുകയായ 13,000 കോടിയായി ഉയര്‍ന്നു. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്ന ദശ ലക്ഷക്കണക്കിനു നിക്ഷേപകര്‍ക്ക് ഭാവിയില്‍ മികച്ച നേട്ടമുണ്ടാകുമെന്ന് നിസ്സംശയം പറയാം.

2032 ഓടെ ഇന്ത്യയുടെ ജിഡിപി 8 ട്രില്യണ്‍ ഡോളറായും വിപണി മൂല്യം 10 ട്രില്യണ്‍ ഡോളറായും വര്‍ധിക്കാനുള്ള സാധ്യത ശോഭനമാണ്. ഓഹരി വിപണിയിലൂടെയുള്ള സമ്പത്ത് സൃഷ്ടി അടുത്ത 10 വര്‍ഷത്തിനകം ഇപ്പോഴുള്ളതിന്‍റെ മൂന്നു മടങ്ങായി ഉയരും. ക്ഷമാശീലരായ നിക്ഷേപകര്‍ക്ക് ഈ വളര്‍ച്ചയുടെ വമ്പിച്ച നേട്ടങ്ങള്‍ ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

First published in Mathrubhumi


LEAVE A REPLY

Please enter your comment!
Please enter your name here