ഓഹരി നിക്ഷേപം ശരിയായ വിശകലനത്തിനു ശേഷം മാത്രം

0
1192
mutual funds

ഓഹരി വിപണി അതിന്‍റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഓഹരി സൂചികകള്‍ അതിന്‍റെ പുതിയ ഉയരങ്ങളിലാണ്. കോവിഡ് എന്ന മഹാമാരിയുടെ തുടക്കത്തില്‍ വിപണി വന്‍ വീഴ്ചയിലേക്ക് പോയെങ്കിലും പിന്നീടുണ്ടായ ഉയര്‍ത്തെഴുന്നേല്‍പ്പ് സാമ്പത്തിക വിദഗ്ധരെ പോലും അമ്പരപ്പിക്കുന്നതരത്തില്‍ ആയിരുന്നു. ഈ കുതിപ്പ് ഇന്നും തുടരുന്നത് കൊണ്ട് തന്നെ ഓഹരി വിപണിയില്‍ നിക്ഷേപം ഉണ്ടായിരുന്നവര്‍ക്കെല്ലാം തന്നെ മികച്ച നേട്ടം കൊയ്യാന്‍ ഇക്കാലയളവില്‍ ആയി എന്നത് നിക്ഷേപകര്‍ക്ക് കൂടുതല്‍ തുക നിക്ഷേപിക്കാനുള്ള ആവേശം ഉണ്ടാകുന്നതിന് കാരണമായി. കൂടാതെ പുതിയ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ തയ്യാറായി വരുന്നതും ഓഹരി വിപണിയുടെ കുതിപ്പിന് ഒരു കാരണമാണ്.

എന്നാല്‍ കൂട്ടുകാരോ, മറ്റുള്ളവര്‍ക്ക് ഉണ്ടായ നേട്ടമോ ആകരുത് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള മാനദണ്ഡം. ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ഓഹരി വിപണിയില്‍ ഏതുസമയവും തിരുത്തലുകള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഓഹരി വിപണിയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കിയ ശേഷം ഈ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അല്ലാത്തപക്ഷം നേട്ടം ഉണ്ടാകുന്നതിനു പകരം ചിലപ്പോള്‍ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.

ഇന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വളരെ എളുപ്പമാണ് എന്നതും പലരെയും ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. മറ്റാരെയും ആശ്രയിക്കാതെ തന്നെ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാനും ഓഹരികളില്‍ വ്യാപാരം നടത്താനും സാധിക്കുമെങ്കിലും ശരിയായ വിശകലനം ഇല്ലാതെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് അപകടമാണ്. പുതിയ നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പ് ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട.് അവയില്‍ പ്രധാനം നിക്ഷേപത്തിനായുള്ള തുക കണ്ടെത്തുക എന്നതാണ്. ഓഹരി വിപണിയിലെ നിക്ഷേപത്തിന് നഷ്ട സാധ്യത ഉള്ളതുകൊണ്ട് തന്നെ ചില സന്ദര്‍ഭങ്ങളില്‍ നേട്ടം ഉണ്ടാകാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവില്‍ ഉണ്ടാകാനിടയുള്ള ജീവിതചിലവുകള്‍ക്കും മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്കും ഉള്ള തുക നീക്കിവെച്ച ശേഷം മാത്രം ബാക്കി തുക ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ക്കായി നീക്കി വയ്ക്കുക.

മികച്ച കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. കമ്പനികളുടെ മികവ് അനുസരിച്ച് ഓഹരി വിലയിലും വ്യത്യാസം ഉണ്ടാകും. മികച്ച കമ്പനികളുടെ ഓഹരികള്‍ മാത്രം തുടക്കത്തില്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. വളരെ താഴ്ന്ന നിലയിലുള്ള ഓഹരികള്‍ വാങ്ങുന്നത് ചില സന്ദര്‍ഭങ്ങളില്‍ നേട്ടം നല്‍കിയേക്കാം. എന്നാല്‍ ഇത്തരം കമ്പനികളെ ശരിയായ രീതിയില്‍ വിശകലനം ചെയ്ത് നിക്ഷേപിച്ചില്ല എങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കമ്പനികളില്‍ മാത്രം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

മുഴുവന്‍ തുകയും ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കാതെ വിവിധ വിഭാഗത്തിലുള്ള പലതരം കമ്പനികളുടെ ഓഹരികളില്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ഏതെങ്കിലും ഒരു മേഖലയിലെ ഏതെങ്കിലും ഒരു കമ്പനിയിലെ ഓഹരികള്‍ മാത്രം മോശം പ്രകടനം നടത്തിയാല്‍ മറ്റു ഓഹരികളുടെ മികവുകൊണ്ട് ആകെ നിക്ഷേപത്തിന് ഒരു ശരാശരി വളര്‍ച്ച ലഭിക്കാന്‍ സഹായകമാകും. ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താതിരിക്കുക എന്നതാണ് പ്രധാനം.

തുടക്കത്തിലേ ദീര്‍ഘകാല നിക്ഷേപരീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. ഓഹരികള്‍ വാങ്ങി നേട്ടം ഉണ്ടാകുമ്പോള്‍ വില്‍ക്കുന്ന രീതിയാണത് ഊഹക്കച്ചവടം അഥവാ ഇന്‍ട്രാഡേ, ഡെറിവേറ്റിവ് എന്നീ നഷ്ടസാധ്യതകള്‍ കൂടിയ നിക്ഷേപങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ഈ നിക്ഷേപരീതികള്‍ തിരഞ്ഞെടുക്കും മുമ്പ് വിപണിയെക്കുറിച്ചും നിക്ഷേപരീതികളെക്കുറിച്ചും ശരിയായ പഠനം ആവശ്യമാണ.്

അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാല്‍ ഓഹരി വിപണിയില്‍ നിന്ന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം. ഇത്തരത്തില്‍ നേട്ടം ഉണ്ടാകണമെങ്കില്‍ ശരിയായ ഓഹരികള്‍ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് വിശ്വസ്തമായ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നിക്ഷേപിക്കുക. ഇന്ന് ഓഹരികളെക്കുറിച്ച് ഉപദേശങ്ങള്‍ ധാരാളം ലഭ്യമാണ.് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്റ്റോക്ക് ബ്രോക്കര്‍ മാരില്‍ നിന്നും ശരിയായ സാമ്പത്തിക വിദഗ്ധരില്‍ നിന്നും ലഭിക്കുന്ന അറിവില്‍ നിന്ന് ഓഹരികള്‍ തിരഞ്ഞെടുത്തു നിക്ഷേപിക്കുക. രാജ്യത്തിലെയോ ലോകത്തിലെയോ ചെറിയ ചലനങ്ങള്‍ പോലും ഓഹരി വിപണിയെ ഗുണകരമായോ ദോഷകരമായ ബാധിക്കാം. അതുകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ നിക്ഷേപത്തില്‍ വരുത്താന്‍ ശ്രമിക്കുന്നത് നിക്ഷേപത്തിന് കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ സഹായിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here