ഏതു നികുതിക്രമം തിരഞ്ഞെടുക്കണം?

0
2371
tax saving funds

നികുതിയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ലോകത്ത് ഏറ്റവും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമെന്ന് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ പണ്ട് പറയുകയുണ്ടായി. അത് സത്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് ഇന്ത്യയിലെ പുതിയ നികുതിക്രമം സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് ഒരാള്‍ക്ക് തന്‍റെ വരുമാനത്തിന്‍റെ നികുതി നിശ്ചയിക്കാനും അടയ്ക്കാനും രണ്ടു നികുതിക്രമങ്ങള്‍ക്ക് 2019 ലെ ബജറ്റില്‍ രൂപം കൊടുത്തിരുന്നു. ഇതുപ്രകാരം രണ്ടു വ്യത്യസ്ഥ തോതിലാണ് ഒരാളുടെ വരുമാനം നികുതിക്ക് വിധേയമാകുന്നത്.

ഇതില്‍ ഏത് ക്രമം വേണമെങ്കിലും ഒരാള്‍ക്ക് തിരഞ്ഞെടുക്കാം. ഒരു വര്‍ഷം ഒരു ക്രമവും അടുത്ത വര്‍ഷം മറ്റേതും തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. എന്നിരുന്നാലും, ഇവയില്‍ ഏതു തിരഞ്ഞെടുക്കുന്നതാണ് തനിക്ക് നല്ലത് എന്ന ചോദ്യം ഓരോരുത്തരുടെ ഉള്ളിലും ഉണ്ടാകും. പ്രധാനമായും നികുതിയിളവിനായി ഒരാള്‍ എത്രമാത്രം നിക്ഷേപിക്കുന്നു, അയാള്‍ക്ക് ഭവന വായ്പയോ മറ്റ് നികുതിയിളവിനായുള്ള ആനുകൂല്യങ്ങളോ ഉണ്ടോ എന്നതാണ് രണ്ടില്‍ ഏത് തിരഞ്ഞെടുക്കണം എന്നതിന് ആധാരം. ഇത് തീരുമാനിക്കാനുള്ള മാസം കൂടിയാണ് ഏപ്രില്‍. നാം ഈ വര്‍ഷം ചെയ്യുന്ന നിക്ഷേപങ്ങളുടെയും മറ്റും കണക്കുകള്‍ നാം ജോലി ചെയ്യുന്ന കമ്പനിയെ ബോധ്യപ്പെടുത്തേണ്ട സമയമാണിപ്പോള്‍. അതു പ്രകാരമായിരിക്കും ഈ വര്‍ഷം നമ്മുടെ വരുമാനത്തില്‍ നിന്നും നികുതി ഈടാക്കുക.

നികുതിക്രമത്തിന്‍റെ തിരഞ്ഞെടുപ്പ്
ഈ സാമ്പത്തിക വര്‍ഷം നിക്ഷേപങ്ങളോടൊപ്പം തന്നെ കരുതല്‍ ധനം ഉറപ്പാക്കേണ്ട ചുമതല കൂടി ഓരോരുത്തര്‍ക്കും ഉണ്ട്. എന്നാല്‍ കരുതല്‍ ധനം എന്നത് നാളേയ്ക്കായുള്ള നമ്മുടെ നീക്കിയിരുപ്പുകളെ കാര്യമായി ബാധിക്കാനും പാടില്ല. നമുക്ക് കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം. നിക്ഷേപങ്ങള്‍ കൂടുന്നതനുസരിച്ച പഴയ നികുതിക്രമമാണ് ഒരാള്‍ക്ക് അനുയോജ്യമായി വരിക എന്ന് നമ്മള്‍ കണ്ടല്ലോ. ഇത് കൂടുതലും ചെറുപ്പക്കാര്‍ക്കാണ് അഭികാമ്യം. അതായത് 10 ലക്ഷം വരുമാനമുള്ള ഒരാള്‍ 1.5 ലക്ഷം രൂപ നികുതിയിളവിനായി നിക്ഷേപിച്ചാലും അയാള്‍ക്ക് പുതിയ നികുതിക്രമത്തെക്കാളും കൂടുതല്‍ നികുതി കൊടുക്കേണ്ടി വരും. പക്ഷെ നിക്ഷേപിക്കുന്ന തുകയുടെ ആവശ്യകതയും അതിന്‍റെ വളര്‍ച്ചയും കണക്കിലെടുത്താല്‍ നിക്ഷേപമാണ് നല്ലതെന്നു നമുക്ക് മനസ്സിലാകും. അതെ സമയം, 10 ലക്ഷം വാര്‍ഷിക വരുമാനമുള്ള ഒരു മുതിര്‍ന്ന പൗരന്‍ നികുതിയിളവിനായി നിക്ഷേപിക്കേണ്ട കാര്യമില്ല. മാത്രമല്ല അത്രയും നാള്‍ പണം തിരിച്ചെടുക്കാനാകാതെ കിടക്കുന്നത് നല്ലതല്ല. അതുകൊണ്ടുതന്നെ പുതിയ നികുതിക്രമം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ മറ്റേതിനേക്കാളും ലാഭകരമാണുതാനും. 8 ലക്ഷം രൂപ വരുമാനമുള്ളയാള്‍ 1 ലക്ഷം രൂപ നികുതിയിളവിനായി നിക്ഷേപിച്ചാലും (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കം) അയാള്‍ക്ക് പുതിയ നിയമക്രമത്തെ അപേക്ഷിച്ച് 7800 രൂപ നഷ്ടമായിരിക്കും സംഭവിക്കുക. അങ്ങിനെ നോക്കുമ്പോള്‍ പുതിയതും പഴയതും തമ്മില്‍ തിരഞ്ഞെടുക്കുന്നതില്‍ ആശയക്കുഴപ്പം സര്‍വ്വസാധാരണയാണ്.

തീരുമാനത്തിന് ആധാരം
ഈ വര്‍ഷം പ്രധാനമായും അനിശ്ചിതത്വങ്ങളുടെ വര്‍ഷമാണ്. ജോലിയുടെ കാര്യത്തിലും വരുമാനത്തിന്‍റെ കാര്യത്തിലും മാത്രമല്ല, എന്തൊക്കെ ചിലവുകള്‍ നേരിട്ടേക്കാം, അവ എത്രമാത്രമായിരിക്കും എന്നതിലൊക്കെ ഒരു അനിശ്ചിതത്വം ഒളിഞ്ഞുകിടപ്പുണ്ട്. അതുകൊണ്ട് 10 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ ഈ വര്‍ഷം നിക്ഷേപങ്ങള്‍ ചെയ്യുന്നത് ആവശ്യത്തിനുള്ള കരുതല്‍ ധനം ഉറപ്പു വരുത്തിയിട്ട് ആയിരിക്കണം. നിക്ഷേപങ്ങള്‍ നടത്തുന്നത് നിര്‍ബന്ധിത നിക്ഷേപങ്ങളിലാണെങ്കില്‍ അവ തുടരുകയോ തല്‍ക്കാലം കുറഞ്ഞ തുക മുടക്കി ശിഥിലീകരിക്കുകയോ ആവാം. വരുമാനം 10 ലക്ഷത്തില്‍ കുറവാണെങ്കില്‍ പുതിയ ക്രമമാകും അനുയോജ്യം.

ഇത് ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായുള്ള ഒരു നിര്‍ദ്ദേശമാണ്. നിങ്ങളുടെ കയ്യില്‍ സ്ഥിരനിക്ഷേപം, സ്വര്‍ണ്ണം എന്നിങ്ങനെയുള്ളവ ഉണ്ടെങ്കില്‍ പ്രത്യേകം കരുതല്‍ ധനത്തിന്‍റെ ആവശ്യകത ഉണ്ടാകില്ല. യഥേഷ്ടം നിക്ഷേപങ്ങള്‍ നടത്താം. അല്ലാത്ത പക്ഷം ലോക്ക് ഇന്‍ ആയിട്ടുള്ള നിക്ഷേപങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പി പി എഫ്, ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടെങ്കില്‍ത്തന്നെ അവ നികുതിയിളവിനായി ഉപയോഗിക്കാതെ പുതിയ നികുതിക്രമം ഉപയോഗിക്കുന്നതാവും ബുദ്ധി.

ജോലിയില്‍ അനിശ്ചിതത്വം ഉള്ളവര്‍ കൂടുതല്‍ നാള്‍ നിര്‍ബന്ധിത നിക്ഷേപം നിഷ്കര്‍ഷിക്കുന്ന സ്കീമുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ടേം ഇന്‍ഷുറന്‍സിനു ഈ നിര്‍ദ്ദേശം ബാധകമല്ല. എസ് ഐ പി, ആര്‍ ഡി, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, ഓഹരി നിക്ഷേപങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ തുടരാവുന്നതാണ്. വലിയ തുക 5 വര്‍ഷത്തേയ്ക്ക് തിരിച്ചെടുക്കാനാകാതെ കിടന്നാല്‍ സാമ്പത്തിക ഞെരുക്കം ഉണ്ടാകാതെ ശ്രദ്ദിക്കണം. ഇതില്‍ത്തന്നെ ഇ എല്‍ എസ് എസ് സ്കീമുകളാണ് ഏറ്റവും കുറഞ്ഞ ലോക്ക് ഇന്‍ ഉള്ളവ. വെറും 3 വര്‍ഷമാണ് ഇവയുടെ ലോക്ക് ഇന്‍. ഇപ്പോഴത്തെ അവസ്ഥയ്ക്ക് അനുയോജ്യമായവയും ഇ എല്‍ എസ് എസ് തന്നെ.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here