ആസൂത്രണങ്ങള്‍ പാളുന്നതെപ്പോള്‍ ?

0
1402
Investment growth
818794926

ചില ആചാരങ്ങള്‍ തുടങ്ങി വെയ്ക്കുന്ന ആള്‍ ചിലപ്പോള്‍ അത് അറിഞ്ഞിട്ടുകൂടിയുണ്ടാവില്ല. ചിലപ്പോള്‍ ഒട്ടും ചിന്തിച്ചിട്ടായിരിക്കില്ല അയാള്‍ ആ പ്രവൃത്തി ചെയ്തിട്ടുണ്ടാവുക. അതിന്‍റെ ഗുണവും ദോഷവും വിശകലനം ചെയ്ത് നോക്കാതെ എടുത്ത തീരുമാനമാകാം. എന്നാല്‍ പിډുറക്കാര്‍ അത് തുടര്‍ന്ന് പോരുന്നതും അതിലെ അപാകതകള്‍ തിരുത്താന്‍ മുതിരാത്തതും തികച്ചും സങ്കടകരമാണ്. ഒരു കീഴ്വഴക്കം ഉണ്ടായി വരാന്‍ അധികം സമയം വേണ്ട. പക്ഷെ സമൂഹത്തില്‍ വേരുറപ്പിച്ചു ചില മിഥ്യധാരണകളും പഴഞ്ചന്‍ രീതികളും തുടച്ചുമാറ്റാന്‍ വളരെ ബുദ്ധിമുട്ടാണ്.

കോവിഡിനു മുന്‍പ് ഒരിക്കല്‍ കേരളത്തിന് പുറത്തുള്ള ഒരു ക്ഷേത്രത്തില്‍ പോകാനിടയായി. ക്ഷേത്രങ്ങളില്‍ ചില ചിട്ടകളും ക്രമങ്ങളും ഒക്കെ ഉണ്ട്. അതനുസരിച്ചാണ് ഓരോ ക്ഷേത്രത്തിന്‍റെയും നടത്തിപ്പ്. ഇത് തന്നെ ഓരോ ക്ഷേത്രത്തിനും പലതാകാം. ഇതൊന്നുമല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം. ഇത് രസകരമായ ഒരു സംഭവമാണ്. ദര്‍ശനത്തിനായി നീണ്ട ക്യു നില്‍ക്കേണ്ടതായി വന്നു. അവസാനം ശ്രീകോവില്‍ എത്താറായപ്പോള്‍ ഒരു വരി എന്ന രീതി മാറി കൂട്ടമായി അകത്തു കടക്കുന്ന സ്ഥിതി വന്നു. തിരക്ക് വര്‍ദ്ധിച്ച് ഉന്തും തള്ളുമായി. ഇതിനിടയില്‍ ഒരാള്‍ വീഴാന്‍ പോകുകയും, വീഴാതിരിക്കാന്‍ അയാള്‍ കവാടത്തില്‍ കൈ കൊണ്ട് തട്ടുകയും മുന്‍പോട്ട് ചാടുകയും ചെയ്തു. അയാളുടെ തൊട്ടു പിന്നില്‍ നിന്നവര്‍ക്ക് കാര്യം പിടികിട്ടി. പക്ഷെ കുറെ പിറകില്‍ നിന്നവര്‍ക്ക് തോന്നിയത് ഉള്ളില്‍ കടക്കുന്നതിനു മുന്‍പ് കവാടത്തിന് മുകളില്‍ തട്ടണം എന്നാണ്. അതിന് ശേഷം പിന്നില്‍ വന്നവരെല്ലാം കവാടത്തിന് മുകളിലെ കട്ടിളയില്‍ തട്ടി തൊഴുതു കൊണ്ട് അകത്തുകടക്കാന്‍ തുടങ്ങി. കുറച്ചു നേരത്തേക്ക് ഇത് തുടര്‍ന്നു. ഞങ്ങള്‍ തൊഴുത് തിരികെ വന്നു നോക്കുമ്പോള്‍ പിറകെ വന്നവരെല്ലാം തട്ടോട് തട്ട് തന്നെ. പിന്നെ ക്ഷേത്രത്തിലെ ഭാരവാഹികള്‍ ഇടപെട്ട് തട്ട് നിര്‍ത്തി. ഇവിടെ ആചാരപരമായി അങ്ങനെ ഒരു പ്രവര്‍ത്തി ഇല്ല. അത് കൊണ്ട് ആര്‍ക്കും ഒരു ദോഷവും വരാനുമില്ല. ഇവിടെ പ്രശ്നം അറിവില്ലായ്മയും അന്ധമായ അനുകരണവുമാണ്.

സുവര്‍ണ തീരുമാനങ്ങള്‍

ആഭരണമായിട്ടും സ്വന്തം ആവശ്യത്തിനും സ്വര്‍ണ്ണം വാങ്ങാമെങ്കിലും സ്വര്‍ണ്ണാഭരണങ്ങള്‍ നിക്ഷേപമായി കണക്കാക്കുന്നതാണ് നാം ചെയ്യുന്ന ഒരു പ്രധാന അബദ്ധം. പണയം വയ്ക്കാനായി സ്വര്‍ണ്ണം വാങ്ങുക എന്നത് നല്ലൊരു ശതമാനം ആളുകളുടെയും ഒരു രീതിയാണ്. ഉള്ള സ്വര്‍ണ്ണം പണയം വയ്ക്കുന്നതില്‍ തെറ്റില്ല. പക്ഷെ ആ കാരണം പറഞ്ഞ് ആഭരണം വാങ്ങുമ്പോഴാണ് കനത്ത നഷ്ടം നമുക്കുണ്ടാകുന്നത്. സ്വര്‍ണ്ണം എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി മാറിയപ്പോള്‍ അത് പണയം വച്ച് കാശ് കടമെടുക്കാനുള്ള സംവിധാനമുണ്ടായി. പക്ഷെ പണയം വച്ചിട്ടുള്ള മുപ്പത് ശതമാനം ആളുകള്‍ക്കും അത് തിരിച്ചെടുക്കാനുള്ള കഴിവ് ഉണ്ടാകുന്നില്ല എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പണിക്കൂലിയും പണിക്കുറവും നികുതിയും കഴിഞ്ഞ് ഏകദേശം 10-15 ശതമാനം നഷ്ടത്തിലാണ് നാം ആഭരണം വാങ്ങുക. അതിന്‍റെ തന്നെ മുഴുവന്‍ തുകയ്ക്കും നമുക്ക് വായ്പ ലഭിക്കില്ല. ഇനി വായ്പയുടെ പലിശയും കൂടെ കണക്കാക്കിയാല്‍ കനത്ത നഷ്ടമാണ് ഉണ്ടാകുക. ഇതേ തുക സ്ഥിര നിക്ഷേപമിട്ടാല്‍ ആദ്യ ദിവസം മുതല്‍ തന്നെ പലിശ ലഭിക്കുകയും സ്വര്‍ണ്ണത്തേക്കാള്‍ കുറഞ്ഞ നികുതി ആസ്വദിക്കാന്‍ പറ്റുകയും ചെയ്യും. 100 ഇട്ട് 80 ല്‍ തുടങ്ങേണ്ടി വരില്ല.

വാടകയിനം

50 ലക്ഷത്തിന് വീട് പണിത് അത് വാടകയ്ക്ക് കൊടുക്കുമ്പോള്‍ പ്രതിമാസം 21,000 രൂപ കിട്ടിയാലാണ് 5% പലിശയായി കണക്കാക്കാനാകുക. ഇതില്‍ത്തന്നെ തന്നെ നല്ലൊരു തുക നികുതി പോകും. ചെറിയ വീടുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലുണ്ടാകും. വ്യവസായ ആവശ്യത്തിനുള്ള വീടുകള്‍ക്കും വാടക കൂടുതല്‍ ലഭിക്കാം. പക്ഷെ ഒരു കോടിയോ അതില്‍ കൂടുതലോ മുതല്‍മുടക്കുള്ള വീടുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്ന തുക, അതില്‍ നിന്നും ലഭിക്കേണ്ട കുറഞ്ഞ നിക്ഷേപ വരുമാനത്തേക്കാള്‍ കുറവായേക്കാം. ഉദാഹരണം, 50 ലക്ഷം രൂപ ചിലവിട്ട് പണിത വീടിന് 15,000 രൂപ വാടക ലഭിച്ചാല്‍ അതിന്‍റെ വരുമാനം 3.6% മാത്രമാണ്. പണപ്പെരുപ്പം കണക്കാക്കിയാല്‍ കുറഞ്ഞത് 7 മുതല്‍ 8 ശതമാനം വരെ വരുമാനം നേടാനാണെങ്കില്‍ കുറഞ്ഞത് 30,000 രൂപ വാടക ലഭിക്കണം. സാധ്യത കുറവാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ചിന്തിക്കേണ്ട വിഷയമാണ്. സ്വന്തം വീട് നമ്മുടെ ആസ്തിയുടെ ഭാഗമല്ലെന്നുള്ളതാണ് മറ്റൊരു പ്രധാന വസ്തുത.

നിങ്ങള്‍ നിങ്ങളുടെ സമ്പാദ്യത്തിന്‍റെ കണക്കെടുക്കുമ്പോള്‍ നിങ്ങളുടെ വീടിന് മേലുള്ള വായ്പ നിങ്ങളുടെ കടങ്ങളുടെ ഭാഗമാണെങ്കിലും നിങ്ങള്‍ താമസിക്കുന്ന വീട് ഒരിയ്ക്കലും നിങ്ങളുടെ സ്വത്തായി കണക്കാക്കാനാകില്ല. കാരണം അതില്‍ നിന്നും ഒരു വരുമാനം നിങ്ങള്‍ നേടുന്നില്ല. മാത്രമല്ല മരണ ശേഷം അത് കൈമാറിപ്പോവുകയും ചെയ്യും. ജീവിച്ചിരിക്കുമ്പോള്‍ ഒരു പരിധി വരെ കടം വീട്ടാന്‍ പോലും നമ്മള്‍ സ്വന്തം വീട് വില്‍ക്കില്ല. സാമ്പത്തിക ആസൂത്രണത്തില്‍ സ്വന്തം വീട് ആസ്തിയില്‍ കൂട്ടാറുമില്ല. അതുപോലെയാണ് നിക്ഷേപമായി വാങ്ങുന്ന ഭൂമിയും. വിലകളില്‍ ഒരു സ്ഥിരതയുമില്ലാത്തതുകൊണ്ട് കൃഷിയല്ലാതെ മറ്റൊരു വരുമാനം ഭൂമിയില്‍ നിന്ന് കിട്ടാനില്ല. പരമ്പരാഗതമായി എല്ലാവരും ഭൂമിയോടും, കടമുറികളോടും, വീടുകള്‍ പണിത് വാടകയ്ക്ക് കൊടുക്കുന്നതിനോടും താല്‍പ്പര്യം കാണിക്കുന്നവരാണ്. വാടക എന്ന വരുമാനം പോലും ശാശ്വതമല്ലെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു. റിയല്‍ എസ്റ്റേറ്റിനോടുള്ള അമിതമായ കമ്പം കുറച്ച് നമ്മുടെ നിക്ഷേപങ്ങള്‍ കൂടുതല്‍ സാമ്പത്തിക നിക്ഷേപങ്ങളില്‍ വിന്യസിച്ചാല്‍ നമ്മുടെ ആവശ്യത്തിന് പണം എപ്പോഴും കണ്ടെത്താനാകും.

മുന്‍പേ പോയവര്‍ കട്ടിളയില്‍ തട്ടിയത് കണ്ട് നമ്മളും അങ്ങനെ ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് യോജിക്കാത്ത ഒരു തീരുമാനവും നിങ്ങള്‍ എടുക്കേണ്ടതില്ല. ഓരോ നിക്ഷേപ തീരുമാനവും അതിന്‍റെ ഏറ്റവും നല്ലതും ഏറ്റവും മോശവുമായ വശങ്ങള്‍ മനസ്സിലാക്കി വേണം എടുക്കാന്‍. ചില അടിസ്ഥാന ചോദ്യങ്ങളും കണക്കുകൂട്ടലുകളും നടത്തിയാല്‍ മിക്ക തെറ്റായ തീരുമാനങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാം.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here