ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന്യം

0
1507
871315238

ആരോഗ്യ ചികിത്സാ കാര്യങ്ങളില്‍ മുന്‍നിരയിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതുകൊണ്ടുതന്നെ ധാരാളം ഹോസ്പിറ്റലുകളും നൂതന ചികിത്സ രീതികളും നമുക്ക് ഇവിടെ ലഭ്യമാണ്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്രദമാക്കാന്‍ എത്ര ശതമാനം ആളുകള്‍ക്ക് സാധിക്കുന്നു എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ചികിത്സാ ചെലവ് അധികരിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വലിയ ഹോസ്പിറ്റലുകളെയും അവിടുത്തെ ചികിത്സാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെങ്കില്‍ സ്ഥിര വരുമാനം ഉള്ളവര്‍ക്ക് പോലും ബുദ്ധിമുട്ടായിരിക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. നല്ല രീതിയില്‍ പോകുന്ന ഒരു ഇടത്തരം കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ഒരു രോഗാവസ്ഥ കൊണ്ട് സാധിക്കും. . ജീവിതശൈലിയും മറ്റു സാഹചര്യങ്ങളും മൂലം പല പുതിയ രോഗങ്ങളും വന്നുകൊണ്ടിരിക്കുന്ന കാലത്ത് നാളെ എന്തു സംഭവിക്കുന്നു എന്ന് അറിയാത്ത സാഹചര്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ അത്യാവശ്യമാണ്. ഹോസ്പിറ്റലില്‍ എന്തെങ്കിലും രീതിയില്‍ ചികിത്സ തേടേണ്ട സാഹചര്യത്തില്‍ മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ ചികിത്സാ ചിലവുകള്‍ നടത്താന്‍ ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ സഹായിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് എപ്പോള്‍ എടുക്കണം എന്നതാണ് മിക്കവര്‍ക്കും ഉള്ള സംശയം അതോടപ്പം ഹോസ്പിറ്റല്‍ ആവശ്യം വന്നില്ല എങ്കില്‍ അടച്ച് തുക വെറുതെ പോകുമല്ലോ എന്ന ചിന്തയും പലരെയും ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ.് ആരോഗ്യമുള്ള സമയത്ത് തന്നെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതാണ് നല്ലത് ഈ സാഹചര്യത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ ചികിത്സാ ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ഉള്ളില്‍ വരും. ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി കൊണ്ട് ഉണ്ടാകാനിടയുള്ള നേട്ടങ്ങള്‍ മനസ്സിലാക്കിയാല്‍ നമ്മുടെ ജീവിതത്തില്‍ ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിക്കും.

ജീവിതശൈലിയിലും ഇന്നത്തെ ജീവിത സാഹചര്യങ്ങളും മുന്‍കാലത്തേക്കാള്‍ വളരെ വ്യത്യസ്തമായതുകൊണ്ടുതന്നെ യുവജനങ്ങളില്‍ പോലും പലവിധ രോഗങ്ങളും അടിക്കടി ഉണ്ടാകുന്നുണ്ട്. രോഗങ്ങള്‍ക്കുള്ള ചികിത്സ ചിലവുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്നുള്ളതാണ് പ്രഥമമായ കാര്യം. ഇത്തരത്തില്‍ ചികിത്സാ ചിലവ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയായി മാറുന്നത് കൊണ്ട് തന്നെ ഭീമമായ തുക ചികിത്സാ ചിലവിനായി രോഗിയുടെ കൈയില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ നഷ്ടപ്പെടുന്നില്ല എന്നത് കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടാതെ ഇരിക്കാന്‍ സഹായിക്കും. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചികിത്സാ ചെലവിന്‍റെ വലിപ്പം അറിയാത്തതുകൊണ്ട് ഒരു വ്യക്തിക്ക് എടുക്കാന്‍ സാധിക്കുന്ന അത്ര പരിരക്ഷ എടുക്കുക ആണ് ചെയ്യേണ്ടത്. പലപ്പോഴും വലിയ തുക പരിരക്ഷയുടെ ചെറിയ ഭാഗം മാത്രമായിരിക്കും ഉപയോഗിക്കേണ്ടി വരിക. എന്നാല്‍ ഏതെങ്കിലും മാരകരോഗം മൂലം വലിയ ചികിത്സാ ചിലവ് വേണ്ടി വന്നാല്‍ അപ്പോള്‍ പരിരക്ഷ എടുക്കുക എന്നത് പ്രായോഗികം അല്ലാത്തതുകൊണ്ട് സാധിക്കുന്ന പരമാവധി തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്നതാണ് അഭികാമ്യം. പരമാവധി തുക എന്നത് ഒരു വ്യക്തിക്ക് പോളിസി പ്രീമിയം മുടക്കം കൂടാതെ അടയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ വേണം പോളിസി എടുക്കാന്‍. ആദായ നികുതി ബാധ്യത വരുന്നവര്‍ക്ക് നികുതിയിളവിന് വേണ്ടി ഈ പ്രീമിയം വിനിയോഗിക്കാവുന്നതാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുമ്പോള്‍ വിവിധ ഓപ്ഷന്‍സ് ലഭ്യമായതുകൊണ്ട് ഒരു വ്യക്തിക്ക് അനുയോജ്യമായ പോളിസി എടുക്കുകയാണ് വേണ്ടത് അതോടൊപ്പം പല ഇന്‍ഷുറന്‍സ് കമ്പനികള്‍ ധാരാളം ഉള്ളതുകൊണ്ട് നെറ്റ്വര്‍ക്ക് ഹോസ്പിറ്റലുകള്‍ കൂടുതലുള്ള കമ്പനികള്‍ തിരഞ്ഞെടുക്കുന്നതോടൊപ്പം സാധാരണയായി ആ വ്യക്തി പോകുന്ന ഹോസ്പിറ്റലുകള്‍ പ്രസ്തുത ലിസ്റ്റില്‍ ഉണ്ടോ എന്നും പരിശോധിച്ചു പോളിസി എടുക്കാന്‍ ശ്രദ്ധിക്കണം. നെറ്റ്വര്‍ക്ക് ഹോസ്പിറ്റലില്‍ നിന്നും മാത്രമേ ക്യാഷ് ലെസ്സ് ലഭിക്കുകയുള്ളൂ അല്ലാത്ത ഹോസ്പിറ്റലുകളില്‍ ചികിത്സാചിലവ് അടച്ച ശേഷം ഹോസ്പിറ്റല്‍ ബില്ലുകളും ഹോസ്പിറ്റലില്‍ നിന്നുള്ള രേഖകളും ഇന്‍ഷുറന്‍സ് തുക അനുവദിക്കുന്ന തേര്‍ഡ് പാര്‍ട്ടി സര്‍വീസ് നല്‍കുന്ന സ്ഥാപനങ്ങള്‍ അടച്ച് തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

ചെറിയ വരുമാനം ഉള്ളവരാണെങ്കിലും സാധിക്കുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാക്കേണ്ടത് മറ്റ് നിക്ഷേപങ്ങള്‍ നടത്തുന്നത് പോലെ തന്നെ പ്രധാനമാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here