ആരോഗ്യ ഇന്ഷുറന്സിലെ ടോപ് അപ്

1
3331

ലൈഫ് ഇന്‍ഷൂറന്‍സ് നമുക്ക് സുപരിചിതമാണ്. പോളിസികള്‍ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അഭിനന്ദനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.  നിശ്ചിത കാലത്തേക്കോ, യുലിപ്, മണി ബാക് എന്നീ പദ്ധതികളിലൂടെയോ ലൈഫ്ഇന്‍ഷുറന്‍സ് സംരംക്ഷണം നേടിയവരെ ധാരാളമായി നമുക്കറിയാം.  എന്നാല്‍ ഈ കോവിഡ് 19 ന്റെ കാലത്ത് നമ്മില്‍ എത്ര പേര്‍ക്ക് ആരോഗ്യ  ഇന്‍ഷുറന്‍സുണ്ട് ?

എന്താണ് ആരോഗ്യ  ഇന്‍ഷുറന്‍സ്

ലളിതമായി പറഞ്ഞാല്‍, അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നങ്ങളോ ആസ്പത്രി വാസമോ നേരിടേണ്ടി വന്നാല്‍ അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചാലോചിച്ച് മനസുപുണ്ണാക്കാതെ ചികിത്സയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണത്. വിവിധ പഠനങ്ങള്‍ പ്രകാരം വളരെക്കുറച്ച് കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളു.

വലിയ വിഭാഗം പാവപ്പെട്ടവര്‍ക്ക് കുറഞ്ഞത്  5 ലക്ഷം  രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരും ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ നമ്മുടെ പോര്‍ട്ട്‌ഫോളിയോയിലെ ഒരവശ്യ ഉല്‍പന്നമായി ആരോഗ്യ ഇന്‍ഷുറന്‍സിനെ കാണേണ്ടിയിരിക്കുന്നു. ഇന്നത്തെ കോവിഡ് 19 സാഹചര്യത്തില്‍ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കയാണ്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കമ്പനികള്‍ ശ്രദ്ധിച്ചുകൊള്ളും. ഏറ്റവും നല്ല ചികിത്സയും മനസമാധാനവും ഇതിലൂടെ നമുക്കു ലഭിക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സിലെ മാറുന്ന പ്രവണതകള്‍

ഇന്നു വലിയ വിഭാഗം ജനങ്ങള്‍ക്ക്  മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ആവശ്യമാണ്. ആധുനിക സൗകര്യങ്ങളും മികച്ച ആസ്പത്രികളും ലഭ്യമായ ഇന്ന്  ചികിത്സ വലിയ തോതില്‍ മാറിയിട്ടുണ്ട്.  ചികിത്സാ ചെലവുകള്‍ വര്‍ധിക്കുകയും അതു നമ്മുടെ നീക്കിയിരിപ്പിനെ ബാധിക്കുകയും ചെയ്യും. സമഗ്രമായ പരിരക്ഷകളോടെ താങ്ങാവുന്ന പ്രീമിയം തുകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  

അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുക പലപ്പോഴും പെട്ടെന്നായിരിക്കും. അവയെ നേരിടാന്‍ ഒരുങ്ങിയിരിക്കുന്നതു തന്നെയാണു നല്ലത്.  നിര്‍ഭാഗ്യവശാല്‍ രോഗം വരുമ്പോള്‍ പോക്കറ്റില്‍ നിന്നു പണമെടുത്തു ചികിത്സക്കു ചെലവഴിക്കാന്‍ പലര്‍ക്കും കഴിയില്ല.  ഈ ഘട്ടത്തില്‍ തുണയ്‌ക്കെത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സിനു സാധിക്കും.

ഇന്ത്യയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കുറയാന്‍ എന്താണു കാരണം ?

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യം നാം പലപ്പോഴും ശ്രദ്ധിക്കാറില്ല.  ബോധവല്‍ക്കരണത്തിന്റെ കുറവുകൊണ്ടോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആത്മ വിശ്വാസം കൊണ്ടോ ഇതു സംഭവിക്കാം.   യഥാര്‍ത്ഥ ഗുണം മനസിലാക്കാതെയാണ് പലപ്പോഴും നാം നികുതിയിളവുകള്‍ക്കതുപയോഗിക്കുന്നത്. കോവിഡ് 19 ന്റെ കാര്യമെടുക്കുക. കാണെക്കാണെ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചു ചിന്തിക്കാന്‍ നാം ഓരോരുത്തരും പ്രേരിതരാകുന്നു. നഷ്ടപരിഹാരം, വ്യക്തിക്കുണ്ടാകുന്ന അപകടം, ഗുരുതര രോഗം എന്നിവയ്്ക്കായുള്ള ചികിത്സാ ചെലവുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരുന്നു. സാധാരണ പരിരക്ഷ മാത്രമുള്ള ഇന്‍ഷുറന്‍സിന് ഇവയില്‍നിന്നെല്ലാം സംരക്ഷണം സാധ്യമാണോ? ഇന്‍ഷുര്‍ ചെയ്ത തുകയേക്കാള്‍ കൂടുതല്‍ ചികിത്സാ ചെലവു വന്നു കൂടെ ?  അപ്പോള്‍ നാം എന്തു ചെയ്യും?  ആരോഗ്യ ഇന്‍ഷുറന്‍സിലെ കൂട്ടിച്ചേര്‍ക്കലുകളെക്കുറിച്ചാണ് (ടോപ് അപ്) ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

കുടുംബത്തിനു മൊത്തം പരിരക്ഷ നല്‍കുന്ന മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സെടുത്ത ഒരാളുടെ കാര്യം ഉദാഹരണമായി പരിശോധിക്കാം. ഇയാളെ ആശ്രയിച്ച്  ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തില്‍ ഇന്‍ഷുര്‍ ചെയ്ത തുക പൂര്‍ണമായോ ഏതാണ്ട് കൂടുതല്‍ ഭാഗമോ ചികിത്സക്കു ചെലവായി.  ബാക്കി വരുന്ന ചെലവുകള്‍ക്ക് ഇയാള്‍ എന്തു ചെയ്യും ?  ഒന്നുകില്‍ കൈയിലുള്ള നീക്കിയിരിപ്പില്‍ നിന്നെടുത്തു ചെലവാക്കണം. വരാനിരിക്കുന്ന മറ്റു ചിലവുകളെ ഇതു ബാധിക്കും. സൂപ്പര്‍ ടോപ് അപ് സാധ്യമായ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങലിലാണ് അനുഭവപ്പെടുക.

സൂപ്പര്‍ ടോപ് അപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏതെല്ലാം ?

നിങ്ങളുടെ നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ തീരുന്നമുറയ്ക്ക്  ഉയര്‍ന്ന മറ്റൊരു തുകയുടെ പരിരക്ഷയിലേക്കു മാറുന്നതിനെയാണ് സൂപ്പര്‍ ടോപ് അപ് ആരോഗ്യ പദ്ധതി എന്നു പറയുന്നത്. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നല്‍കുന്ന പദ്ധതിയാണിത്.

നിങ്ങള്‍ ആസ്പത്രിയിലായിരിക്കുകയോ ആരോഗ്യ ഇന്‍ഷുറന്‍സ് അവസാനിക്കുകയോ ചെയ്താല്‍ ടോപ് അപ് പ്‌ളാന്‍ ഫലത്തില്‍ വരും. സ്വതന്ത്ര മെഡിക്‌ളെയിം പോളിസിയുമായോ കോര്‍പറേറ്റ് ആരോഗ്യ പോളിസിയുമായോ ചേര്‍ക്കുന്നതിന് ഇത്തരമൊരു സൂപ്പര്‍ ടോപ് അപ് ആരോഗ്യ പദ്ധതി വാങ്ങാന്‍ കഴിയും. നിങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഇല്ലെന്നിരിക്കട്ടെ, ആസ്പത്രി ചെലവിന്റെ ആദ്യ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ സാമ്പത്തിക ശേഷിയുണ്ടെങ്കിലും വര്‍ധിക്കുന്ന ചെലവു കണക്കിലെടുത്ത് സൂപ്പര്‍ ടോപ് അപ്  പദ്ധതി വാങ്ങാവുന്നതാണ്.

സൂപ്പര്‍ ടോപ് അപ് പദ്ധതി എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഒരു സൂപ്പര്‍ ടോപ് അപ് പദ്ധതി വാങ്ങുമ്പോള്‍ നിങ്ങള്‍ ആദ്യപോളിസിയുടെ ു പരമാവധി പരിധി നിര്‍ണയിക്കണം. അതിനപ്പുറത്തേക്ക് പദ്ധതിയുടെ കവേറജ് ഉണ്ടായിരിക്കില്ല. തിരിച്ചു പിടിക്കാവുന്നത് എന്നാണ് ഈ പരിധി അറിയപ്പെടുക. സാധാരണ ഗതിയില്‍ നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷാ പരിധിയായിരിക്കും ഇത്. ഇതിനപ്പുറത്തേക്ക്് ആസ്പത്രി ചെലവുകള്‍ കടക്കുമ്പോഴാണ് സൂപ്പര്‍ ടോപ് അപ് പദ്ധതി നിലവില്‍ വരിക. സ്വന്തം സമ്പാദ്യത്തില്‍ സ്പര്‍ശിക്കാതെ ചികിത്സ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ കഴിയും.

സാധാരണ പോളിസിയേക്കാള്‍ കുറഞ്ഞ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പര്‍ ടോപ് അപ് പദ്ധതിയുടെ ചെലവും കുറവാണ്. അതിനാല്‍ നിങ്ങളുടെ ആരോഗ്യ പരിരക്ഷാ പരിധി ഉയര്‍ത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണ് സൂപ്പര്‍ ടോപ് അപ്.

മൂന്നു ലക്ഷം രൂപയുടെ തിരിച്ചുപിടിക്കാവുന്ന പരിധിയും 10 ലക്ഷത്തിന്റെ പരിരക്ഷയുമുള്ള  ടോപ് അപ് പദ്ധതിയുടെ  കാര്യമെടുക്കാം.

സൂപ്പര്‍ ടോപ് അപ് എന്നുവെച്ചാല്‍

ആസ്പത്രിയില്‍കഴിയുന്ന ഒരാളുടെ നഷ്ടപരിഹാര പരിധി 3 ലക്ഷമാണെന്നു വെയ്ക്കുക. രോഗത്തിന്റെ ഗൗരവം കാരണം ചെലവു മൂന്നു ലക്ഷത്തില്‍ നിന്നുയര്‍ന്ന് 5 ലക്ഷത്തോളമെത്തി എന്നും കരുതുക. ബാക്കി വരുന്ന 2 ലക്ഷം സ്വന്തം സമ്പാദ്യത്തില്‍ നിന്നോ മറ്റെന്തെങ്കിലും വഴിയിലൂടെയോ ഉണ്ടാക്കേണ്ടി വരും.  ഇനി നിലവിലുള്ള കവറേജിന്റെ ഒരു ഭാഗം അതായത് 1.5 ലക്ഷം രൂപ നേരത്തേ ചെലവായിപ്പോയെങ്കില്‍, ആസ്പത്രി വാസത്തിനു ചെലവിടാന്‍ 1.5 ലക്ഷം മാത്രമേ കാണൂ.

എന്നാല്‍ നിങ്ങള്‍ക്ക്  ടോപ് അപ് പരിരക്ഷയുണ്ടെങ്കില്‍ പിന്നീടുള്ള ചെലവിന് ബുദ്ധിമുട്ടേണ്ടി വരില്ല. 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള ടോപ് അപ് പദ്ധതിയുടെ തിരിച്ചുപിടിക്കാവുന്ന പരിധി 3 ലക്ഷം ആണെങ്കില്‍ , ആസ്പത്രി ബില്ലിന്റെ ആദ്യ 3 ലക്ഷം ആദ്യ പോളിസിയില്‍ നിന്നും 3 ലക്ഷത്തിനു വെളിയിലുള്ള തുക  ടോപ് അപ് പദ്ധതിയില്‍ നിന്നുമാണ് നല്‍കുക. ഇവിടെ 2 ലക്ഷം രൂപയുടെ അഡീഷണല്‍ തുകയാണ് ടോപ് അപില്‍ നിന്നു ലഭിക്കുക.

ടോപ് അപ് മാത്രമായി പോളിസി എടുക്കാന്‍ കഴിയുമെങ്കിലും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം  ടോപ് അപ് ചെയ്യുന്നതാണ് നല്ലത്.  അടിസ്ഥാന ഇന്‍ഷുറന്‍സ് തൊഴിലുടമയുടേതോ സ്വന്തമോ ആകാം.

സ്വയം സാമ്പത്തിക സ്വാതന്ത്ര്യമാര്‍ജ്ജിക്കുക

അടിയന്തിര ആരോഗ്യ സാഹചര്യം എപ്പോഴാണുണ്ടാവുകയെന്ന്  ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എപ്പോഴും തയാറായിരിക്കുന്നതാണ് ബുദ്ധി. നിലവിലുള്ള  ആരോഗ്യ സുരക്ഷാ പദ്ധതി ടോപ് അപ്പിലൂടെ അപ്‌ഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും.

First published in Mathrubhumi.

1 COMMENT

  1. THIS INFORMATION SHOULD REACH AS MANY AS POSSIBLE AND PREFERABLY SHOULD HAVE AN EXTRA PARAGRAPH, GIVING SIMPLE AND STEP BY STEP ACTION ONE CAN TAKE TO ADD TOP UP FOR HIS/THEIR PRESENT POLICY.

LEAVE A REPLY

Please enter your comment!
Please enter your name here