ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഏതു ഫോം ഉപയോഗിക്കണം?

0
3267
tax regimes

വ്യക്തികളുടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണെങ്കിലും മുന്‍കാലങ്ങളില്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ സമയം അനുവദിച്ചു തരാറുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചു പേരെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ അലംഭാവം കാണിക്കാറുണ്ട്. രണ്ടര ലക്ഷത്തിനു മുകളില്‍ വരുമാനമുള്ള എല്ലാവരും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷത്തിന് മുകളില്‍ ആകെ വരുമാനം വന്നാല്‍ മാത്രം ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ 5000 രൂപ വരെ പിഴ അടയ്ക്കേണ്ടി വന്നേക്കാം. അതുകൊണ്ട് കൂടുതല്‍ കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ ഫയല്‍ ചെയ്യുകയാണ് വേണ്ടത്.
ആദായനികുതി വകുപ്പ് ഇപ്പോള്‍ റിട്ടേണ്‍ ഫയലിംഗ് കൂടുതല്‍ ലളിതമാക്കിയിട്ടുള്ളത് കൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതാണ.് വരുമാനത്തിന്‍റെ സ്രോതസ്സ് അനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വ്യത്യാസം ഉണ്ട് എന്നുള്ളത് കൊണ്ട് ഏതുതരം ഫോം തിരഞ്ഞെടുത്താണ് ഫയല്‍ ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുകയാണ് ആദ്യപടി. ഏഴുതരം ഫോമുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉണ്ടെങ്കിലും വ്യക്തിഗത വരുമാനം ഫയല്‍ ചെയ്യുന്നതിനായി ഒന്നു മുതല്‍ നാലു വരെയുള്ള ഫോമുകളാണ് ഉപയോഗിക്കേണ്ടത്. ഇതില്‍ ഏത് വേണമെന്ന് വരുമാനത്തിന്‍റെ സ്രോതസ്സ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഐടിആര്‍-1 (SAHAJ)
ഈ ഫോമാണ് ഏറ്റവും ലളിതമായി എളുപ്പത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്നത്. ഭൂരിഭാഗം നികുതി ദായകര്‍ക്കും ഈ ഫോം വഴി റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. ശമ്പളം, പെന്‍ഷന്‍, ഒരു വീടിന്‍റെ വാടക എന്നിവയോടൊപ്പം മറ്റു വരുമാനങ്ങള്‍ ആയ പലിശ, ഫാമിലി പെന്‍ഷന്‍, 5000 രൂപയില്‍ താഴെയുള്ള കാര്‍ഷിക വരുമാനം എന്നിവ ഉള്ളവര്‍ക്ക് ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ചില വ്യക്തികള്‍ക്ക് ഈ ഫോം ഉപയോഗിക്കാന്‍ പാടില്ല എന്നും ആദായ നികുതിവകുപ്പ് പറയുന്നുണ്ട്. അതായത് കമ്പനി ഡയറക്ടര്‍മാര്‍, ലിസ്റ്റഡ് അല്ലാത്ത ഓഹരിയുള്ളവര്‍, ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയോ വരുമാനമോ ഉള്ളവര്‍, മുന്‍ വര്‍ഷങ്ങളിലെ ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള വരുമാനം വരും വര്‍ഷങ്ങളിലേക്ക് നീക്കി വയ്ക്കുന്നവര്‍, 194എ പ്രകാരം നികുതി അടച്ചവര്‍, ഇസോപ്പ് പ്രകാരം നികുതി അടയ്ക്കേണ്ടവര്‍, എന്നീ വ്യക്തികള്‍ക്ക് 171-1 എന്ന ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുകയില്ല.

ഐടിആര്‍-2
ബിസിനസ് വരുമാനം ഇല്ലാത്ത വ്യക്തികള്‍ക്കും ഐടിആര്‍-1 ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കും ഐടിആര്‍ രണ്ട് ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. ഐടിആര്‍-1 വ്യക്തികള്‍ക്ക് മാത്രം ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതായിരുന്നെങ്കില്‍ ഐടിആര്‍-2 ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (ഒഡഎ)ഉപയോഗിക്കാവുന്നതാണ്.

ഐടിആര്‍-3
ബിസിനസ്, പ്രൊഫഷനില്‍ നിന്ന് വരുമാനമുള്ള വ്യക്തികള്‍ക്കും എച്ച്യുഎഫ്കാര്‍ക്കും ഈ ഫോം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.

ഐടിആര്‍-4
50 ലക്ഷത്തില്‍ താഴെ വരുമാനമുള്ള വ്യക്തികള്‍, HUF, പാര്‍ട്ണര്‍ഷിപ്പ് എന്നിവര്‍ക്ക് ഈ ഫോം ഉപയോഗിക്കാവുന്നതാണ.് കൂടാതെ ബിസിനസ,് പ്രൊഫഷണല്‍ വരുമാനം കൂടാതെ ആനുമാനിക അടിസ്ഥാനത്തില്‍ വരുമാനം വെളിപ്പെടുത്താന്‍ ഉള്ളവര്‍ക്ക് ഈ ഫോം ഉപയോഗിക്കാനാകും.
റിട്ടേണ്‍ ഫയല്‍ ചെയ്യും മുമ്പ് എഐഎസ് (ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്‍റ്) എടുത്തു നോക്കിയാല്‍ ഏതെല്ലാം സ്രോതസ്സില്‍ നിന്നുള്ള വരുമാനം ആദായ നികുതി വകുപ്പില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അറിയാന്‍ സാധിക്കും. പലപ്പോഴും സേവിങ്സ് അക്കൗണ്ടിലെയും സ്ഥിരനിക്ഷേപലിശയും ഡിവിഡന്‍റ് ക്യാപിറ്റല്‍ ഗെയിന്‍ എന്നിവ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ എല്ലാം എഐഎസ് എടുത്തു നോക്കിയാല്‍ അറിയാനാകും. കൂടാതെ ടിഡിഎസ് അടച്ചതിന്‍റെ വിവരങ്ങളും ഈ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here