By Dileep K
വിവിധ ആസ്തികളിലുള്ള നിക്ഷേപം വ്യത്യസ്ത വരുമാനം നേടാൻ സഹായിക്കും എന്നതാണ് നിക്ഷേപത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്ന്. നിക്ഷേപത്തിലെ നഷ്ടസാധ്യതയും വരുമാനവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നഷ്ടസാധ്യത തീരെ കുറഞ്ഞതും സ്ഥിരവരുമാന വളർച്ച നൽകുന്നതുമായ ബാങ്കുകളിലെയും പോസ്റ്റ് ഓഫിസുകളിലെയും സ്ഥിരനിക്ഷേപവും കടപ്പത്രങ്ങളിലെ നിക്ഷേപവും എപ്പോഴും നിക്ഷേപ പോർട്ട് ഫോളിയോയിൽ ഉണ്ടാകുന്നത് നല്ലതാണ്. ഒപ്പം പൊതുവേ ഉയർന്ന റിസ്കുള്ള ഓഹരികളിൽ നേരിട്ടോ അല്ലാതെയോ മ്യൂച്വൽ ഫണ്ടുകൾ വഴിയോ നിക്ഷേപിക്കുകയാണെങ്കിൽ പണപ്പെരുപ്പം അപഹരിക്കുന്ന വരുമാന വളർച്ചയെ ഒരു പരിധിവരെ മറികടക്കാനാകും. പുതിയ വർഷത്തിൽ നിക്ഷേപത്തിനൊരുങ്ങുമ്പോൾ ഇക്കാര്യങ്ങൾ കൂടി മനസിലുണ്ടാകുന്നത് നല്ലതാണ്
∙ചെറിയ തോതിലാണെങ്കിൽക്കൂടി സ്ഥിരമായി നിക്ഷേപിക്കുകയും ദീർഘകാലയളവിലേക്കു നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
∙നീണ്ട കാലയളവിലേക്ക് ഏതെങ്കിലും ഒരു സാമ്പത്തിക ലക്ഷ്യം വച്ചുകൊണ്ടാകണം ഓരോ നിക്ഷേപ തീരുമാനവും. അപ്പോഴാണു നിക്ഷേപത്തിനു കൂടുതൽ അർഥവും വ്യാപ്തിയും കൈവരിക.
∙അതിന് അവശ്യം വേണ്ടത് സാമ്പത്തിക അച്ചടക്കമാണ്. പുതിയ വർഷത്തിൽ, ഉള്ളവർ മുറുകെപ്പിടിക്കേണ്ടതും ഇല്ലാത്തവർ സ്വായത്തമാക്കേണ്ടതുമായ ഒന്നാണ് സാമ്പത്തിക അച്ചടക്കം. ഇതുള്ളവർക്കേ പുതിയ ലോകക്രമത്തിന്റെ അപ്രതീക്ഷിതങ്ങളെ മറികടക്കാനാകൂ.
അപ്രതീക്ഷിതവും അസ്വാഭാവികവുമായ തിരിച്ചടികൾ ചില ഘട്ടങ്ങളിൽ ‘മഹാമാരി’കളായി നേരിടേണ്ടി വരുമ്പോൾ പിടിച്ചു നിൽക്കാൻ ഈ അച്ചടക്കം ഒരു പരിധിവരെ സഹായിക്കും.
സാമ്പത്തികഅച്ചടക്കത്തിന് എല്ലാ വരുമാനക്കാർക്കിടയിലും ഒരു പ്രധാന സ്ഥാനമുണ്ട്. ഒരാളുടെ വരുമാനം കൂട്ടുക എന്നത് അയാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. എന്നാൽ, ചെലവ് അയാൾ വിചാരിച്ചാൽ ഒരുപരിധിവരെ കുറയ്ക്കാൻ കഴിയും. ചെലവു കഴിഞ്ഞ് ബാക്കിയുള്ളത് സമ്പാദിക്കാം എന്ന് കരുതന്നതിലും നല്ലത് കുറച്ചെങ്കിലും മാറ്റിവച്ചിട്ട് ശേഷിക്കുന്നതു ചെലവാക്കാം എന്ന തീരുമാനമാണ് സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യപടി. ഓരോ രൂപ അധിക വരുമാനം ലഭിക്കുമ്പോഴും അതിൽനിന്ന് ഒരു പങ്ക് നാളേക്കുവേണ്ടി മാറ്റിവയ്ക്കാൻ തീരുമാനിക്കുന്നതാണു ലളിതമായി പറഞ്ഞാൽ സാമ്പത്തിക അച്ചടക്കം.
First published in Manoramaonline









