ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണി ഉയര്‍ച്ചയുടെ പാതയിലാണെന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്. വിപണിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന മൊത്തം ആസ്തികളുടെ മൂല്യം 2014ല്‍ 10 ലക്ഷം കോടി രൂപ ആയിരുന്നുവെങ്കില്‍ 2020ല്‍ അത് 30 ലക്ഷം കോടി രൂപയായും ഏറ്റവുമൊടുവില്‍ 2025 അവസാനിക്കുമ്പോള്‍ ആസ്തി 80 ലക്ഷം കോടി രൂപയിലേക്കും കുതിച്ചുയര്‍ന്നിരിക്കുന്നു.
2025 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 13 ലക്ഷം കോടി രൂപയിലധികമാണ് ആസ്തിയിലുണ്ടായ വര്‍ധന. 2024 ഡിസംബര്‍ അവസാനിക്കുമ്പോള്‍ എസ്ഐപികളിലേക്ക് മാത്രം പ്രതിമാസം 26,459 കോടി രൂപയാണ് ഒഴുകിയെത്തിയിരുന്നതെങ്കില്‍ ഈ ജനകീയ നിക്ഷേപ മാര്‍ഗം 2025 ഡിസംബറോട് കൂടി 3000 കോടി രൂപയോളം വര്‍ധിച്ച് പ്രതിമാസം 29,500 കോടി രൂപയോളമെത്തിയിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ പോയ വര്‍ഷം മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ നിന്നും നിക്ഷേപകര്‍ എന്തു നേടി എന്ന ചോദ്യവും പ്രസക്തമായി നിലനില്‍ക്കുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ പ്രധാന ഉപവിഭാഗങ്ങള്‍ പോയ വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയ ശരാശരി റിട്ടേണ്‍ എത്രയായിരുന്നുവെന്നത് താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു.
വിവിധി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങള്‍ 2025 കലണ്ടര്‍ വര്‍ഷം നല്‍കിയ ശരാശരി റിട്ടേണ്‍-സിഎജിആര്‍ അടിസ്ഥാനമാക്കി.

മുന്‍വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ നിറം മങ്ങിയ പ്രകടനമാണ് 2025ല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കാഴ്ചവച്ചത് എന്ന് പട്ടികയില്‍ വ്യക്തമാണ്. സ്വര്‍ണം, വെള്ളി മുതലായ കമ്മോഡിറ്റികളില്‍ അധിഷ്ഠിതമായ നിക്ഷേപ ആസ്തികള്‍ മിന്നിച്ച വര്‍ഷമായിരുന്നു കടന്നു പോയതെന്നും വിലയിരുത്തുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവയുടെ പോപ്പുലാരിറ്റിയോടു ചേര്‍ന്ന് നില്‍ക്കുന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കിയില്ല എന്നതാണ് വാസ്തവം. ഒരു പക്ഷെ ഇതു തന്നെയാണ് ഇക്വിറ്റി എന്ന അസറ്റ് വിഭാഗത്തിന്‍റെ സവിശേഷത. തനതായ റിസ്ക് എല്ലായ്പോഴും കൂടെ വഹിച്ചു പോരുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് ഇക്വിറ്റി. അതുകൊണ്ടു തന്നെ റിസ്ക് എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചാണ് ഓരോ നിക്ഷേപകനും ചിന്തിക്കേണ്ടത്. കമ്പനി ഓഹരികളില്‍ നേരിട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സ്വാഭാവികമായും റിസ്ക് കൂടുതലാണെന്ന കാരണത്താലാണ് ഡൈവേഴ്സിഫിക്കേഷനും വിദഗ്ധരായ ഫണ്ട് മാനേജര്‍മാരുടെ സാന്നിധ്യവും ഉറപ്പു വരുത്തുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സ്വീകാര്യത ഏറി വരുന്നത്. അതേ മ്വൂച്വല്‍ ഫണ്ടുകളില്‍ റിസ്ക് വീണ്ടും പരിമിതപ്പെടുത്തുവാന്‍ മാര്‍ഗം ഒന്നേയുള്ളൂ. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നിലനിര്‍ത്തുക എന്നത് മാത്രം.
മുകളില്‍ നല്‍കിയ പട്ടികയില്‍ പരാമര്‍ശിച്ചതും കഴിഞ്ഞ വര്‍ഷം മോശം പ്രകടനം നടത്തിയതുമായ കാറ്റഗറികള്‍ നീണ്ട കാലയളവുകളില്‍ നല്‍കി വരുന്ന റിട്ടേണ്‍ എത്രയാണെന്ന് പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. പട്ടിക കാണുക.
വിവിധ വിഭാഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കിയ ശരാശരി റിട്ടേണ്‍

നിക്ഷേപകര്‍ ഓര്‍ക്കേണ്ടത്: പണപ്പെരുപ്പത്തെ വലിയ മാര്‍ജിനില്‍ തോല്‍പിച്ച് നിക്ഷേപകര്‍ക്ക് എല്ലാ കാലത്തും മികച്ച ആദായം നല്‍കി വരുന്ന നിക്ഷേപ ആസ്തികളാണ് ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് മുകളിലെ പട്ടികയില്‍ കാണിച്ചിരിക്കുന്ന കണക്കുകള്‍. ഇടയ്ക്ക് കാണപ്പെടുന്ന അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടങ്ങളുമെല്ലാം തന്നെ ഇക്വിറ്റി എന്ന ആസ്തി വിഭാഗത്തിന്‍റെ തനതായ സ്വഭാവ സവിശേഷതകളാണ്. ബാഹ്യമായി കാണുന്ന ബഹളങ്ങള്‍ക്കൊന്നും കൂടുതലായി ചെവി കൊടുക്കാതെ ദീര്‍ഘകാലത്തേക്കായി നീക്കി വെച്ച പണമാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചതെന്ന ബോധ്യത്തോടെ നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക; ഉദ്ദേശിച്ച സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതു വരെ…
First published in Malayala Manorama






