റുപ്പി കോസ്റ്റ് ആവറേജിംഗ്

0
19

നിക്ഷേപം തുടങ്ങാനുള്ള ആവേശം പലരും അത്  തുടർന്ന് കൊണ്ടുപോകാൻ കാണിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. പ്രത്യേകിച്ച് ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ. ഒരു ആവേശത്തിന്റെ പുറത്ത് ചെയ്യേണ്ട നിക്ഷേപമല്ല അത്, മറിച്ച്  ചിന്തിച്ച് അവശ്യസമയത്ത് വേണ്ട മാറ്റങ്ങൾ വരുത്തി നിക്ഷേപം തുടർന്ന് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണി ചാഞ്ചാട്ടങ്ങൾക്ക്  വിധേയമാണ് എന്നത്  അറിവുള്ള കാര്യമാണ്. ഇത് എങ്ങനെ നേട്ടമായി എടുക്കാം എന്നാണ് പരിശോധിക്കേണ്ടത്.

ഓഹരിയുമായി ബന്ധപ്പെട്ട  നിക്ഷേപങ്ങൾ ഒന്ന്  നേരിട്ട് ഓഹരികൾ വാങ്ങുന്നതും രണ്ടാമത്തേത് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതുമാണ്. നിക്ഷേപം രണ്ടു രീതിയിലാണ് നടക്കുന്നത് എങ്കിലും അടിസ്ഥാനപരമായ നിക്ഷേപം ഓഹരി  ആയതുകൊണ്ട് വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രണ്ടുതരം നിക്ഷേപത്തെയും ബാധിക്കും എന്നത്തിൽ തർക്കമില്ല. ആഘാതം എത്രമാത്രം ഉണ്ടാകും എന്നതിലാണ് വ്യത്യാസം. നേരിട്ടുള്ള ഓഹരി നിക്ഷേപം എന്ന് പറയുമ്പോൾ ഇതിലുള്ള ഓഹരികളിലെ എണ്ണത്തിൽ പരിമിതികൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മ്യൂച്ചൽ ഫണ്ടിൽ ഒരു സ്കീം തിരഞ്ഞെടുക്കുമ്പോൾ തന്നെ 30 സ്റ്റോക്കുകൾക്ക് മുകളിൽ ഉണ്ടാകും എന്നത് ഉറപ്പാണ്. അതായത് നിക്ഷേപ തുക എത്ര ചെറുതാണെങ്കിലും അത് ആ സ്കീമിലെ മുഴുവൻ ഓഹരികളിലും ഇടുന്നതിന് തുല്യമാണ്.

ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുമ്പോൾ നിക്ഷേപിച്ച ഓഹരികൾ നേട്ടം തരുക മാത്രമല്ല നഷ്ടം നൽകാനും സാധ്യതയുണ്ട്. എന്നാൽ ആ ഓഹരി വിൽക്കുമ്പോൾ മാത്രമാണ് യഥാർത്ഥത്തിൽ നഷ്ടമായി കണക്കാക്കാൻ പാടുള്ളു. നഷ്ടം നേരിട്ട ഓഹരി വാങ്ങിയ വിലയേക്കാൾ കുറഞ്ഞ തുകയിൽ നിൽക്കുന്ന ഓഹരി വിൽക്കുന്നില്ല എങ്കിൽ പിന്നീട് ഓഹരി വിപണി മെച്ചപ്പെടുന്ന സമയത്ത് ഈ ഓഹരികളുടെ വിലയും ഉയർന്നു വരുന്ന സാഹചര്യമുണ്ടാവുകയും, ലാഭത്തിലേക്ക് എത്താനുള്ള സാഹചര്യം ഉണ്ടാകാൻ ഇടയാവുകയും ചെയ്യും.

എന്നാൽ ഒരു മികച്ച നിക്ഷേപകൻ എന്ന നിലയിൽ വിലയിടിവ് നേരിട്ട  ഓഹരി നിക്ഷേപത്തെ നോക്കി നെടുവീർപ്പിടുകയല്ല വേണ്ടത്. അതൊരു നിക്ഷേപാനുയോജ്യ സമയമായി കണക്കാക്കി കൂടുതൽ തുക ഈ ഓഹരിയിൽ  നിക്ഷേപിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ വില കുറയുന്നതിനനുസരിച്ച് ഓഹരികൾ വാങ്ങുമ്പോൾ ശരാശരി വില കുറയുകയും പിന്നീട് ഓഹരികൾ പഴയ വിലയിലേക്ക് തിരിച്ചു വരുമ്പോൾ മികച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാം. ഓഹരി വിപണിയിൽ 100 രൂപ വിലയുള്ള ഒരു കമ്പനിയുടെ ഓഹരി ഒരെണ്ണം വാങ്ങി എന്നു കരുതുക. ഈ ഓഹരിയുടെ മൂല്യം പിന്നീട് കുറഞ്ഞ 50 രൂപയായി എന്ന് കരുതുക. ആ സമയത്ത് ഉണ്ടായ 50 രൂപയുടെ നഷ്ടം കാര്യമായി എടുക്കാതെ ഒരു ഓഹരി കൂടി വാങ്ങുകയാണെങ്കിൽ ആകെയുള്ള രണ്ട് ഓഹരിക്കും കൂടിയുള്ള ശരാശരി വില എന്നത് 75 രൂപ ആയിരിക്കും. പിന്നീട് ഈ ഓഹരി അതിന്റെ പഴയ വില എത്തുമ്പോൾ 25 രൂപ ലാഭം ഉണ്ടാകും.

ഇത്തരത്തിലാണ് റുപ്പി കോസ്റ്റ് ആവറേജിംഗ്  നടക്കുന്നത്. അതേസമയം ഒരു കാര്യവും ചെയ്യാതെ നിക്ഷേപിച്ചു ഇരുന്നെങ്കിൽ 100 രൂപ എത്തുമ്പോൾ നഷ്ടം മാറുക മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എല്ലാ ഓഹരികളിലും ഇക്കാര്യം നടന്നു എന്ന് വരില്ല. അതുകൊണ്ട് ഇത്തരത്തിൽ ഓഹരികൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം തന്നെ ഒരു ഓഹരി എന്തുകൊണ്ടാണ് വില കുറഞ്ഞുപോയത് എന്ന് മനസ്സിലാക്കുക. അടിസ്ഥാനപരമായി ഈ കമ്പനി മികച്ചതാണ് എന്ന് ഉറപ്പുവരുത്തിയിട്ട് വേണം കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ. ഏതെങ്കിലും നിലവാരമില്ലാത്ത കമ്പനികളുടെ ഓഹരികൾ വില കുറയുന്നതിനനുസരിച്ച് വാങ്ങിയാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ തന്നെ മികച്ച കമ്പനികളുടെ ഓഹരികൾ തന്നെ വാങ്ങാൻ ശ്രമിക്കുക. ഒരിക്കൽ ആവറേജിങ് ചെയ്ത ഓഹരികൾ തിരിച്ചു വരവ് തുടങ്ങുകയാണ് എങ്കിൽ ആവശ്യമെങ്കിൽ വീണ്ടും പലഘട്ടങ്ങളിൽ ആയി വാങ്ങുന്നതും നല്ലതാണ്. എന്നാൽ മുഴുവൻ നിക്ഷേപവും ഒരു ഓഹരിയിൽ മാത്രം ഒതുങ്ങി പോകാതിരിക്കാൻ ഉള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മ്യൂച്ചൽ ഫണ്ടിൽ  നിക്ഷേപിക്കുമ്പോൾ ഈ റുപീകോസ്റ്റ് ആവറേജിങ് പ്രധാനമാണ്. അതിനു സഹായിക്കുന്ന നിക്ഷേപരീതിയാണ് എസ്ഐപി. ഈ രീതിയിൽ നിക്ഷേപിക്കുമ്പോൾ ഓഹരി വിപണിയിലെ ഉയർച്ച താഴ്ചകളെ പരിഗണിക്കാതെ നിശ്ചിത ഇടവേളകളിൽ തുടർച്ചയായി നിക്ഷേപം നടത്തുന്നു. ഇതിൻറെ ഫലം ഒരു ശരാശരി വില നിക്ഷേപത്തിന് ലഭിക്കുന്നു. വിപണിയിൽ ഉയർച്ച മാത്രമല്ല താഴ്ചയും  ഉണ്ടാകുന്നത് കൊണ്ട് തന്നെ ശരാശരി വില കുറഞ്ഞു നിൽക്കുകയും നിക്ഷേപത്തിന് കൂടുതൽ മെച്ചം കിട്ടാൻ സഹായിക്കുക ചെയ്യും. ഇത് വിപണിയിലെ ചാഞ്ചാട്ടം കൊണ്ട് നിക്ഷേപത്തിൽ ഉണ്ടാകാൻ ഇടയുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കും. ദീർഘകാല ജീവിത ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കുമ്പോൾ എസ്ഐപി പോലുള്ള നിക്ഷേപങ്ങൾ മികച്ച നേട്ടം നൽകാൻ സാധ്യതയുണ്ട് എന്ന് പറയുന്നത് ഈ റുപ്പി കോസ്റ്റ് ആവറേജിങ്  എന്ന കാര്യത്തിന്റെ പിൻബലത്തിലാണ്.

വിപണിയെ കുറിച്ച് അറിവുള്ളവർക്കും തുടക്കക്കാർക്കും ഈ രീതി ഉപയോഗിക്കുക വഴി അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുന്നതോടൊപ്പം വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും  സാമ്പത്തിക സമാഹരണം നടത്താൻ സഹായിക്കും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here