ജീവിതം ഭദ്രമാക്കാൻ സാമ്പത്തിക ശാസ്ത്രം

    0
    14

    സാമ്പത്തികം നന്നായി കൈകാര്യം ചെയ്യുക എന്നത് സവിശേഷമായ ഒരു കഴിവാണ്. ശരിയായ രീതിയില്‍ ലഭിക്കുന്ന വരുമാനത്തെ വിനിയോഗിക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകും. എന്നാല്‍, വരുമാനം എത്ര ഉണ്ടായിട്ടും ശരിയായ രീതിയില്‍ വിനിയോഗിക്കാത്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമൂഹത്തില്‍ കാണാനാകും. സാമ്പത്തിക സ്രോതസ്സ് വിവിധയിനത്തില്‍ ആകാം: ശമ്പളം, ബിസിനസ,് പലിശ, നിക്ഷേപത്തില്‍ നിന്നുള്ള ലാഭം, വാടക എന്നിങ്ങനെ ഏതും. ഇതു മാത്രമല്ല പണം വ്യക്തികളിലേക്ക് എത്തുന്ന വഴികള്‍. ഒരാള്‍ ഒരു വായ്പ എടുക്കുമ്പോള്‍ അല്ലെങ്കില്‍ ലോട്ടറി അടിക്കുമ്പോള്‍ സമ്മാനമായി വലിയ തുകകള്‍ ലഭിക്കുമ്പോള്‍ എല്ലാം പണം എത്തുകയാണ.്


    സ്ഥിര വരുമാനമായും അല്ലാതെയും വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്ന് ഒരു വ്യക്തിയിലേക്ക് എത്തുന്ന തുക കണക്കുകൂട്ടലുകള്‍ ഇല്ലാതെ വിനിയോഗിക്കുമ്പോഴാണ് സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം തട്ടുന്നത്. പണം എവിടെ നിന്ന് ഏത് രീതിയില്‍ വരുന്നു എന്നതിലല്ല, അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. സാമ്പത്തിക കാര്യങ്ങള്‍ എല്ലാ മേഖലയിലും ബാധകമാണ്. അതുകൊണ്ടാണ് സര്‍ക്കാരും വലുതും ചെറുതുമായ കമ്പനികള്‍ വരെ ബഡ്ജറ്റും മറ്റു പദ്ധതികളും തയ്യാറാക്കി സാമ്പത്തിക നില വിശകലനം ചെയ്യുന്നത്. സാമ്പത്തികം കൃത്യമായി കൈകാര്യം ചെയ്യാത്തതുമൂലം മാത്രം തകര്‍ന്നുപോയ കമ്പനികളുടെയും ഗവണ്‍മെന്‍റുകളുടെയും രാജ്യങ്ങളുടെയും കഥകള്‍ പത്ര, ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും അറിയാറുണ്ട്. സമ്പത്ത് ഉണ്ടാക്കുന്നതിലല്ല അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.


    വ്യക്തിഗത സാമ്പത്തിക കാര്യത്തിലെ പ്രധാന ഘടകങ്ങളാണ് വരുമാനം, ചിലവ്, മിച്ചം പിടിക്കല്‍, നിക്ഷേപം പരിരക്ഷ എന്നിവ. ഈ അഞ്ചു ഘടകങ്ങളും പരസ്പരപൂരകങ്ങള്‍ ആയതുകൊണ്ട് ഇവയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എല്ലാ ഘടകങ്ങളെയും ബാധിക്കുകയും സാമ്പത്തിക നിലയില്‍ വലിയ പ്രശ്നങ്ങള്‍ തന്നെ ഉണ്ടാകാന്‍ ഇടയാകുകയും ചെയ്യും.
    മുകളില്‍ പറഞ്ഞതുപോലെ, വരുമാനം എന്നത് ഒരു വ്യക്തിക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന തുകയാണ്. ശമ്പളം, ബേ,ാണസ്, സമ്മാനം, വാടക എന്നിങ്ങനെ വിവിധ രീതിയില്‍ തുക ലഭിക്കും. ഇതില്‍ സ്ഥിരം ലഭിക്കുന്നവ ഉണ്ടാകുംദ, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ലഭിക്കുന്നവ ഉണ്ടാകും, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും വല്ലപ്പോഴെങ്കിലും ലഭിക്കുന്നതും ഉണ്ടാകും. പണം ഏത് രീതിയില്‍ എത്തിയാലും അതിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാന കാര്യം.


    ചിലവാണ് മറ്റൊരു പ്രധാന ഘടകം. ചിലവുകള്‍ എങ്ങനെ നിയന്ത്രിക്കുന്നു എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചിലവുകള്‍ പലവിധം ഉണ്ടാകും. ഒരു വ്യക്തിയുടെ ജീവിതത്തില്‍ വീട്ടു വാടക, ബാധ്യതകളുടെ പലിശ, നികുതി, ദൈനംദിന ചിലവുകള്‍ എന്നിങ്ങനെ. ഈ പറഞ്ഞ ചിലവുകള്‍ സ്ഥിരമായി ഉണ്ടാവാറുള്ളതാണെങ്കില്‍ ജീവിത ലക്ഷ്യങ്ങള്‍ക്കായി ചിലവഴിക്കുന്നത് വലിയ തുകകള്‍ ആയിരിക്കും. ജീവിത ലക്ഷ്യങ്ങള്‍ക്കുള്ള വലിയ തുക ചിലവഴിക്കുമ്പോള്‍ സമ്പാദ്യത്തിന്‍റെ ഏറിയ പങ്കും പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. ഇത് സാമ്പത്തിക നിലയെ തന്നെ ബാധിക്കും. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ബഡ്ജറ്റ് ഒരു പരിധിവരെ സഹായിക്കും. അതുപോലെ ജീവിതലക്ഷ്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് അതിനനുസൃതമായ തുക മുന്‍കൂട്ടി സമാഹരിക്കുകയാണ് എങ്കില്‍ ഈ ലക്ഷ്യങ്ങള്‍ക്കുള്ള തുകയ്ക്കായി ബാധ്യതകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇത് പലിശയിനത്തില്‍ വലിയൊരു തുക ചിലവാകുന്നത് ഒഴിവാക്കാന്‍ സഹായിക്കും.


    വരുമാനത്തില്‍ നിന്ന് ചിലവ് കഴിച്ച് ബാക്കി തുക ഉണ്ടാവുക എന്നതാണ് മിച്ചം പിടിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത.് വരുമാനത്തിനനുസൃതമായി ചിലവ് നിയന്ത്രിച്ചാല്‍ മാത്രമേ ഒരു തുക മിച്ചം പിടിക്കാന്‍ സാധിക്കുകയുള്ളൂ. എത്രമാത്രം തുക മിച്ചം പിടിക്കാന്‍ സാധിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍ന്നുള്ള ജീവിതലക്ഷ്യങ്ങള്‍ക്കും മറ്റും തുകസമാഹാരിക്കാനാകൂ. മിച്ചം പിടിക്കുന്ന തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ മറ്റും സുരക്ഷിതമായി സൂക്ഷിക്കാനാകും.
    മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്ന് നിക്ഷേപത്തിലേക്ക് തുക മാറ്റുക എന്നതാണ് മറ്റൊരു പ്രധാന ഘടകം. നിക്ഷേപത്തിന് തുക മാറ്റുക വഴി ജീവിതലക്ഷ്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ ആകും. ലക്ഷ്യങ്ങള്‍, റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലാവധി എന്നീ വിവിധ കാര്യങ്ങള്‍ക്കനുസരിച്ച് ആയിരിക്കണം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്. നിക്ഷേപങ്ങള്‍ ഓഹരികള്‍, മ്വൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിങ്ങനെ വിവിധതരത്തിലുള്ള പദ്ധതികളില്‍ നിക്ഷേപമായി തിരഞ്ഞെടുക്കാം. നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ ആയിരിക്കണം.

    ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആണെങ്കില്‍ ഓഹരി അധിഷ്ഠിത നിക്ഷേപം തിരഞ്ഞെടുക്കാം. എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് കാലാവധി അനുസരിച്ച് റിക്കറിങ് ഡെപ്പോസിറ്റ്, സ്ഥിരനിക്ഷേപങ്ങള്‍, മറ്റു ഗവണ്‍മെന്‍റ് പദ്ധതികള്‍ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
    നിക്ഷേപിക്കുന്നതോടൊപ്പം പരിരക്ഷ കുടി എടുക്കുക എന്നത് പ്രധാനമാണ്. ജീവിതത്തിന്‍റെ താളം തെറ്റിക്കാന്‍ കെല്പുള്ള സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടല്‍, വരുമാന ദാതാവിന്‍റെ മരണം എന്നിങ്ങനെ എന്തും. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അത് നേരിടാന്‍ ഒരു എമര്‍ജന്‍സി ഫണ്ട് എപ്പോഴും നിലനിര്‍ത്തിപ്പോകണം. ജോലി നഷ്ടം മൂലമോ മറ്റു കാരണങ്ങളാലോ വരുമാനം നിലയ്ക്കുന്ന സന്ദര്‍ഭത്തില്‍ ജീവിത ചിലവുകളും പ്രതിമാസ തിരിച്ചടവുകളും മുടക്കം കൂടാതെ മുന്നോട്ടുകൊണ്ടുപോകാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും. മൂന്ന് മുതല്‍ ആറുമാസക്കാല ചിലവുകള്‍ക്കാവശ്യമായ തുക എമര്‍ജന്‍സി ഫണ്ട് ആയി സൂക്ഷിക്കുക.


    കൂടാതെ, ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ എടുക്കുക. ഒരു വ്യക്തിയുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തില്‍ ആ വ്യക്തിയുടെ അപ്രതീക്ഷിതമായ അഭാവത്തിലും സാമ്പത്തിക ആവശ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ സഹായിക്കും. ആരോഗ്യപരിരക്ഷയാണ് മറ്റൊരു കാര്യം. പലതരം ആവശ്യങ്ങള്‍ക്കായി ചികിത്സ തേടേണ്ടതായിട്ട് വരും. ഇത് പലപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാന്‍ ഇടയാകാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ അത്യാവശ്യമാണ്. ഇക്കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാനായാല്‍ സാമ്പത്തിക കാര്യങ്ങള്‍ ഭദ്രമാക്കാന്‍ സാധിക്കും.

    First published in Mangalam

    LEAVE A REPLY

    Please enter your comment!
    Please enter your name here