ബുള്‍മാര്‍ക്കറ്റ് എപ്പോള്‍ തരിച്ചു വരും

0
14
Stock market bull

2020 മാര്‍ച്ചിലെ കോവിഡ് ക്രാഷിന് ശേഷം 2024 സെപ്തംബര്‍ വരെ ഉണ്ടായത് ഇരമ്പിക്കയറിയ ഒരു ബുള്‍മാര്‍ക്കറ്റായിരുന്നു. നിഫ്റ്റി 7511ല്‍ നിന്ന് 26277 ലെവലിലേക്ക് എത്തി; മൂന്നിരട്ടിയിലധികം വളര്‍ച്ച. പല ഓഹരികളും നാലും അഞ്ചും ആറും മടങ്ങ് വര്‍ധിച്ചു. പത്തു മടങ്ങു വരെ വര്‍ധിച്ച ഓഹരികളുമുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും നല്ല റിട്ടേണ്‍സ് ലഭിച്ചു. സ്‌മോള്‍ ക്യാപിലെ ചില ഫണ്ടുകളൊക്കെ നല്‍കിയത് 38 ശതമാനം വാര്‍ഷിക വളര്‍ച്ച(സിഎജിആര്‍)യാണ്. അസാധാരണമായി കുതിച്ചു മുന്നേറിയ അത്തരമൊരു ബുള്‍മാര്‍ക്കറ്റ് അവസാനിച്ചു എന്നു വേണം കരുതാന്‍. മാര്‍ക്കറ്റ് തുടര്‍ച്ചയായും സുസ്ഥിരമായും മുന്നോട്ടു കുതിക്കണമെങ്കില്‍ കോര്‍പറേറ്റ് ഏണിംഗ്‌സിന്റെ പിന്തുണ വേണം. 2021 മുതല്‍ 2024 വരെയുള്ള കാലത്ത് ഇന്ത്യയിലെ കോര്‍പറേറ്റ് ഏണിംഗ് ഗ്രോത്ത് 24 ശതമാനമായിരുന്നു. വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പറേറ്റ് ഏണഇംഗ്‌സലിന്റെ അടിമയാണ് എന്ന് പറയാറുണ്ട്. 24 ശതമാനം സിഎജിആര്‍ ഉണ്ടാകുന്ന സമയത്ത് വിപണി സ്വാഭാവികമായി ബുള്ളിഷ് ആകും. ഫണ്ട് ഫ്‌ളോ തുടര്‍ച്ചയായി ഉണ്ടാകും. അതാണ് ഈ കാലയളവില്‍ കണ്ടത്. പക്ഷെ കഴിഞ്ഞ വര്‍ഷത്തില്‍ അത് പെട്ടെന്ന് മാറി വെറും അഞ്ച് ശതമാനമായി കുറഞ്ഞു. അഞ്ച് ശതമാനം ഏണിംഗ്‌സ് ഗ്രോത്ത് മാത്രമുള്ള സമയത്ത് വാല്വേഷന്‍സ് സ്വാഭാവികമായും കൂടുതലായിരിക്കും. അങ്ങനെ സംഭവിച്ചതോടെ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപകര്‍ വിറ്റത് 1,21,210 കോടി രൂപയുടെ ഓഹരികളാണ്. ഈ വര്‍ഷം വീണ്ടും ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 1,70,940 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്. ഏണിംഗ്‌സ് ഗ്രോത്ത് കൂടുതലും വാല്വ്യുവേഷന്‍ കുറവുമുള്ള ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപകര്‍ പണം കൊണ്ടു പോകുന്നു. ഈ സാഹചര്യം മാറേണ്ടതുണ്ട്. ഏണിംഗ്‌സ് ഗ്രോത്ത് തിരിച്ചു വരണം. അത് ഉണ്ടാകുമെങ്കിലും ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയില്ല. ഈ വര്‍ഷവും (2026 സാമ്പത്തിക വര്‍ഷം) 8 മുതല്‍ 10 ശതമാനം വരെയേ ഏണിംഗ് ഗ്രോത്ത് ഉണ്ടാകുകയുള്ളൂ. പക്ഷെ അടുത്ത സാമ്പത്തിക വര്‍ഷം (2027) 15 ശതമാനത്തിലധികം ഏണിംഗ്‌സ് ഗ്രോത്തുണ്ടാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിന് അനുസരണമായി മാര്‍ക്കറ്റില്‍ ബുള്‍ റാലി ഉണ്ടാകും.

ഇതിന് പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പരിപാടി. പുതിയ ജിഎസ്ടി പരിഷ്‌കാരം ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉത്തേജക പദ്ധതിയുടെ ഭാഗമാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഇന്‍കം ടാക്‌സില്‍ നിന്ന് ഒഴിവാക്കി. ചെലവഴിക്കല്‍ വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണ് അതിന്റെ ലക്ഷ്യം. വിലക്കയറ്റ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 1 ശതമാനം പലിശ നിരക്ക് കുറച്ചു. അതും ഉത്തേജന പരിപാടിയുടെ ഭാഗമാണ്. ക്യാഷ് റിസര്‍വ് റേഷ്യോയും ഘട്ടം ഘട്ടമായി കുറച്ചിട്ട് വിപണിയിലെ പണലഭ്യത വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള നടപടികളും തുടങ്ങി. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ജിഎസ്ടി പരിഷ്‌കരിച്ചിരിക്കുന്നത്. സെപ്തംബര്‍ 22ന് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ വലിയ കുതിച്ചു ചാട്ടം ചില മേഖലകളില്‍ പ്രതീക്ഷിക്കാം. പല കമ്പനികളുടെയും വില്‍പനയില്‍ വലിയ വര്‍ധനവുണ്ടാകും. അവരുടെ ലാഭത്തില്‍ വര്‍ധനവുണ്ടാകും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കിലും വര്‍ധനവുണ്ടാകും.

വലിയ ഡിമാന്‍ഡ് വര്‍ധനയുണ്ടാകാന്‍ പോകുന്നത് ഓട്ടോ മൊബൈല്‍ മേഖലയിലാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ അത് ഇതിനോടകം പ്രതിഫലിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ എഫ്എംസിജി കമ്പനികളുടെയും ഓട്ടോമൊബൈല്‍ കമ്പനികളുടെയും റഫ്രിജറേറ്ററ്റര്‍, വാഷിംഗ് മെഷീന്‍, എയര്‍കണ്ടീഷണര്‍ ടെലിവിഷന്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെയും റിസള്‍ട്ടുകളില്‍ അതിന്റെ മികവ് നമുക്ക് കാണാന്‍ സാധിക്കും. ഓട്ടോ മൊബൈല്‍ മേഖലയില്‍ ഹീറോ മോട്ടോഴ്‌സ്, ടിവിഎസ്, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളൊക്കെ മികച്ച റിസള്‍ട്ട് ഉണ്ടാക്കും. ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്ട് കമ്പനികള്‍ക്കും അതിന്റെ ഗുണമുണ്ടാകും. ഓഹരി വിപണിയില്‍ ഇതിന്റെ അനുകൂല ചലനങ്ങള്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണ്. ഡിമാന്‍ഡ് വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷ വന്നതോടെ പല ഓട്ടോമൊബൈല്‍ കമ്പനികളുടെയും ഓഹരി വില വര്‍ധിച്ചിട്ടുണ്ട്. ട്രംപ് താരിഫ് തുടര്‍ന്നാല്‍ തന്നെയും ഇത് ബാധിക്കാത്ത ടെലികോം, ഹോട്ടല്‍സ്, സിമന്റ് തുടങ്ങിയ ആഭ്യന്തര ഉപഭോഗ മേഖലയിലും ഓഹരികള്‍ മുന്നേറ്റം നടത്തും. വരും ദിവസങ്ങളില്‍ ട്രംപ് താരിഫില്‍ എന്തൊക്കെ മാറ്റം വരുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യക്ക് മേല്‍ ചുമത്തിയ 50 ശതമാനം ചുങ്കത്തില്‍ 25 ശതമാനം പിഴച്ചുങ്കം അമേരിക്ക ഒഴിവാക്കിയേക്കാം. അമേരിക്ക നടത്തിയ സമ്മര്‍ദ തന്ത്രത്തെ റഷ്യയുമായും ചൈനയുമായും കൈകോര്‍ത്തുകൊണ്ട് ഇന്ത്യ തന്ത്രപരമായി മറികടന്നു കഴിഞ്ഞു. കാര്യങ്ങള്‍ കൈവിട്ടു പോയ സ്ഥിതിക്ക് ഒന്ന് പതം വരുത്തിയിട്ട് നികുതി നിരക്കുകളില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയാണ് കാണുന്നത്. അങ്ങനെയാണെങ്കില്‍ വിപണിയില്‍ അത് അനുകൂല ചലനമുണ്ടാക്കും.

ഇത്തരമൊരവസ്ഥയില്‍ ഓരോ നിക്ഷേപകനും ഏതെല്ലാം ആസ്തികളില്‍ എത്രമാത്രം പണം നിക്ഷേപിക്കണം എന്നത് ആ വ്യക്തിയുടെ പ്രായം, റിസ്‌ക് എടുക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.ചെറുപ്പക്കാരുടെയും മധ്യവയസ്‌കരുടെയും പ്രായമായവരുടെയുമെല്ലാം നിക്ഷേപ തന്ത്രങ്ങള്‍ വ്യക്തിഅധിഷ്ഠിതമായി വ്യത്യാസപ്പെട്ടിരിക്കും. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റി ഒഴിവാക്കി സ്ഥിര നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. സ്വര്‍ണവും ഫിക്‌സ്ഡ് ഇന്‍കവും ഇക്വിറ്റിയുമെല്ലാം ചേര്‍ന്ന മള്‍ട്ടി അസെറ്റ് ഇന്‍വെസ്റ്റ്‌മെന്റും അവര്‍ക്ക് തിരഞ്ഞെടുക്കാം. റിസ്‌ക് എടുക്കാന്‍ ശേഷിയുള്ള, പ്രത്യേകിച്ചും ചെറുപ്പക്കാരായ നിക്ഷേപകര്‍ക്ക് പണം ഇക്വിറ്റിയില്‍ തന്നെ നിക്ഷേപിക്കാം. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യം ഇക്വിറ്റി നിക്ഷേപത്തിന് ഗുണകരമാണ്. മൂന്നു വര്‍ഷം കാലയളവ് ഉള്ള ഒരു നിക്ഷേപകനാണെങ്കില്‍ ഇപ്പോള്‍ ഇക്വിറ്റിയില്‍ നിക്ഷേപിക്കാം. ഹൈബ്രിഡ് നിക്ഷേപവും നടത്താം. മ്യൂച്വല്‍ ഫണ്ടുകളിലൂടെയല്ലാതെ നേരിട്ടാണ് ഓഹരി നിക്ഷേപം നടത്തുന്നതെങ്കില്‍ കമ്പനികളുടെ വാല്യുവേഷന്‍സ് പ്രത്യേകം ശ്രദ്ധിക്കുക. സ്‌മോള്‍ ക്യാപ്‌സില്‍ നഷ്ടസാധ്യത കൂടുതലായതിനാല്‍ സുരക്ഷിതമല്ലാത്ത സ്റ്റോക്കുകള്‍ ഒഴിവാക്കി സുരക്ഷിതത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി ലാര്‍ജ് ക്യാപ്പുകളില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുക.

(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് )

First published in Mathrubhumi

LEAVE A REPLY

Please enter your comment!
Please enter your name here