ക്രെഡിറ്റ് കാർഡും വ്യക്തികത വായ്പകളും

0
9
credit card use

ഇന്ന് എന്തെങ്കിലും രീതിയിലുള്ള വായ്പകളെ ആശ്രയിക്കാത്തവർ വിരളമായിരിക്കും. വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യാസ വായ്പ, എന്നിങ്ങനെ പലവിധ വായ്പകൾ  ലഭ്യമാണ്. വീട്ടുപകരണങ്ങൾ  തവണ വ്യവസ്ഥയിൽ വാങ്ങുന്നത് പോലും വായ്പയുടെ ഭാഗമാണ്.

വളരെ ലളിതമായി എളുപ്പത്തിൽ കിട്ടാൻ സാധ്യതയുള്ള രണ്ട് വായ്പ പദ്ധതികളാണ് വ്യക്തിഗത വായ്പയും ക്രെഡിറ്റ് കാർഡുകളും. ഈ രണ്ടു സൗകര്യങ്ങളും വളരെ കൃത്യമായി കൈകാര്യം ചെയ്തില്ല എങ്കിൽ വൻ  സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും കാര്യമായ ഈടുകൾ  ഒന്നുമില്ലാതെ ലഭിക്കുന്ന ഇത്തരം വായ്പകൾ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫണ്ടായി പ്രയോജനപ്പെടുത്താവുന്ന വായ്പകളാണ് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ കൃത്യമായ ഒരു ധാരണയോടു കൂടി ഇവയെ സമീപിക്കണം എന്ന് മാത്രം.

ഈ രണ്ടു വായ്പുകളിൽ ഏത് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം എന്ന് പലർക്കും സംശയമുണ്ടാകുന്ന കാര്യമാണ്. രണ്ടു വായ്പകൾക്കും പ്രത്യേക ഈടില്ലാത്തതുകൊണ്ട് തന്നെ ഉയർന്ന പലിശയാണ്  കൊടുക്കേണ്ടി വരുന്നത്. ഈ സമാനതകൾ ഉണ്ടെങ്കിൽ തന്നെയും വ്യക്തിഗതവായ്പയും ക്രെഡിറ്റ് കാർഡുകളുടെ വിനിയോഗത്തിലും പ്രോസസ്സിങ്ങിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ഇവയാണ് ഏതു വായ്പയാണ് ഓരോ വ്യക്തികൾക്കും അനുയോജ്യം എന്ന നിശ്ചയിക്കുന്നത്.

നിങ്ങൾക്ക് ആവശ്യമായ തുക വലുതാണെങ്കിൽ പേഴ്സണൽ ലോൺ ആകും ഉചിതം. ക്രെഡിറ്റ് കാർഡുകളുടെ പരിധി മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പരിധിക്കു മുകളിൽ തുക വിനിയോഗിക്കാനാകില്ല.  ഉയർന്ന തുക ആവശ്യമായ അവസരത്തിൽ വ്യക്തിഗത വായ്പ തന്നെയാവും വിനിയോഗിക്കാനാവുക.

അതുപോലെതന്നെ തുകയുടെ ആവശ്യം എന്തിനാണ് എന്നതും പ്രധാനമാണ്. ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം പിൻവലിക്കുമ്പോൾ  വളരെ കുറഞ്ഞ തുകയെ ലഭിക്കുകയുള്ളൂ, തന്നെയുമല്ല വളരെ ഉയർന്ന പലിശ ഇതിനു  ഈടാക്കും എന്നതിനാൽ ക്രെഡിറ്റ് കാർഡ് ഒരിക്കലും പണം പിൻവലിക്കാൻ ഉപയോഗപ്പെടുത്തരുത്. സാധനങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള പണം അടക്കുന്നതിന് വേണ്ടി മാത്രമേ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാവൂ.  എല്ലാ സാഹചര്യത്തിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാവില്ല. അത്തരം സാഹചര്യത്തിൽ വ്യക്തിഗതവായപയെത്തന്നെ ആശ്രയിക്കേണ്ടതായിട്ട് വരും.

ആവശ്യമായ തുകയില്ലാത്ത അവസരത്തിലാണ് വായ്പയെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ തിരിച്ചടവ് എങ്ങനെയായിരിക്കണം എന്ന ധാരണ ഉണ്ടാവണം. കൃത്യമായ ഇടവേളകളിൽ വളരെ കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തിരിച്ചടയ്ക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ  ക്രെഡിറ്റ് കാർഡ് ആയിരിക്കും ഉചിതം. കാർഡ്  ഉപയോഗിച്ച് നടത്തിയ പേയ്മെന്റിനു  പ്രോസസിംഗ് ചാർജ് ഉണ്ടായിരിക്കുകയില്ല. എന്നാൽ വ്യക്തിഗത വായ്പ എടുക്കുമ്പോൾ എത്ര ചെറിയ തുകയാണെങ്കിലും കുറഞ്ഞ കാലയളവ് ആണെങ്കിലും വിവിധ രേഖകൾ സമർപ്പിക്കുന്നതോടൊപ്പം വിവിധ ചാർജുകളും അടയ്ക്കേണ്ടി വരും. കുറഞ്ഞകാലയളവിൽ കുറഞ്ഞ തുകയാണ് എങ്കിൽ ക്രെഡിറ്റ് കാർഡ് ആകും കൂടുതൽ അനുയോജ്യം. പലവിധ വായ്പകൾ ലഭ്യമാണെങ്കിലും പലിശ നിരക്ക് കുറഞ്ഞതും അനുയോജ്യവുമായ വായ്പകൾ എടുക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ പലിശ നിരക്കും പ്രോസസിങ് ചാർജും വഴി ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here