
ഓഹരി വിപണിയിലെ സമീപകാലത്തെ തിരിച്ചടികൾ നിക്ഷേപകരെ വിപണിയിൽ നിന്ന് അകറ്റുകയും നിക്ഷേപങ്ങളിൽ ഇടിവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങളായി വിപണി വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ ഇക്കാലയളവിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് വലിയ രീതിയിലുള്ള ഇടിവ് ആദ്യമായി ആവും അനുഭവപ്പെട്ടിട്ടുണ്ടാവുക. വിപണി ഓരോ തിരുത്തലുകൾക്കുശേഷവും മികച്ച രീതിയിൽ മുന്നോട്ടു പോകാറുള്ളത് കൊണ്ട് തന്നെ ദീർഘകാലയളവിൽ മികച്ച നേട്ടം നിക്ഷേപങ്ങൾക്കുണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാൽ എല്ലായിപ്പോഴും വിപണിയുടെ തിരിച്ചുവരവ് ഉടനെ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ചില സന്ദർഭങ്ങളിൽ വളരെ സാവകാശത്തിലാവും വിപണിയുടെ തിരിച്ചുവരവും നമ്മുടെ നിക്ഷേപങ്ങൾ ലാഭത്തിൽ ആവുന്നതും. ഇക്കാലയളവിൽ പണത്തിന് ആവശ്യം വന്നാൽ നഷ്ടത്തിൽ തന്നെ വിൽക്കുക എന്നതാവും ഒരു പോംവഴി.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വേണ്ടിയാണ് പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ ആവശ്യമായി വരുന്നത്. പലവിധത്തിൽ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം നടത്താം. പലതരം നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഇതിനായി ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ, നഷ്ടസാധ്യത കുറവുള്ള ബോണ്ട്, സ്ഥിരനിക്ഷേപങ്ങൾ, സ്വർണം എന്നിങ്ങനെ വിവിധ നിക്ഷേപങ്ങൾ തിരഞ്ഞെടുത്തു പോർട്ട്ഫോളിയോ ഡൈവേഴ്സിഫൈ ചെയ്യാം. ഇവ കൂടാതെ റിസ്കിന്റെ അടിസ്ഥാനത്തിലും നിക്ഷേപിക്കുന്ന കമ്പനിയുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലും അതാത് കമ്പനിയുടെ വിപണിമൂല്യത്തിന് അനുസരിച്ച് ലാർജ്, മിഡ്, സ്മാൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലും പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം കൊണ്ടുവരാം. അതുപോലെതന്നെ വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളിൽ നിക്ഷേപിക്കുന്നതും റിസ്ക് കുറയ്ക്കാൻ സഹായിക്കും. ഓഹരി വിപണി നഷ്ടം നേരിടുമ്പോൾ എല്ലാ വിഭാഗം കമ്പനികളുടെ ഓഹരികളെയും ഒരേ രീതിയിൽ ആവില്ല ബാധിക്കുക. അതുകൊണ്ട് ഫിനാൻസ്, ടെക്നോളജി, ബാങ്കിംഗ്, ഫാർമ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
മ്യൂച്ചൽ ഫണ്ട് മാനേജർമാരും സാമ്പത്തിക വിദഗ്ധരും ഇത്തരത്തിലാണ് നിക്ഷേപിക്കുക. പോർട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ നടത്തിയാൽ ഒരിക്കലും നഷ്ടം ഉണ്ടാവില്ല എന്നല്ല അർത്ഥമാക്കുന്നത്. വിപണിയിൽ ഉണ്ടാകുന്ന ഇടിവിന്റെ ആഘാതം നമ്മുടെ നിക്ഷേപത്തിൽ കുറയ്ക്കാനാവും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക വഴി സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ നഷ്ടത്തിലുള്ള നിക്ഷേപം തുടർന്ന് കൊണ്ട് പോകുന്നതോടൊപ്പം നേട്ടത്തിലുള്ള നിക്ഷേപം വിൽപ്പന നടത്തി സാമ്പത്തിക ആവശ്യം യഥാസമയം നിറവേറ്റാൻ സാധിക്കുകയും ചെയ്യും എന്നതാണ് ഇതിൻറെ പ്രധാന നേട്ടമായി കാണുന്നത്.
First published in Mangalam