തിരിച്ചടിക്കാലത്തെ ആശയക്കുഴപ്പങ്ങൾ

0
21

ഓഹരി വിപണിയില്‍ അടുത്തകാലത്ത് ഉണ്ടായ ഇടിവ് നിക്ഷേപകരെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളില്‍ നിക്ഷേപിച്ചു തുടങ്ങിയവര്‍ക്ക്. ഇപ്പോഴുള്ള ഇടിവ് കനത്ത തിരിച്ചടി പോലെ അനുഭവപ്പെടുന്നുണ്ടാവാം. ഓഹരി വിപണി കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ രീതിയില്‍ ഉള്ള ഒരു തിരുത്തല്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ ഉണ്ടായിട്ടും വിപണിയിലെ നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിച്ചതു മൂലവും മറ്റുപല കാരണങ്ങളാലും വലിയ ഇടിവുകള്‍ ഇല്ലാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ ഇലക്ഷന് ശേഷം ഉണ്ടായ നയതന്ത്രപരമായ പല തീരുമാനങ്ങളും വിപണിയെ സ്വാധീനിച്ചതോടൊപ്പം നിക്ഷേപകര്‍ ലാഭം എടുത്ത് വിപണിയില്‍ നിന്ന് പിന്‍വാങ്ങുക കൂടി ചെയ്യാന്‍ തുടങ്ങിയതോടെ വിപണിയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ഈ സാഹചര്യത്തിലാണ് ഏത് നിക്ഷേപമാണ് മെച്ചം എന്ന ചിന്ത വീണ്ടും ഉടലെടുത്തു തുടങ്ങിയത്.സ്ഥിരനിക്ഷേപത്തിന്‍റെ പലിശ നിരക്ക് കുറഞ്ഞതോടെ വലിയൊരു വിഭാഗം നിക്ഷേപകര്‍ ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളെ ആശ്രയിക്കുകയും കാര്യമായ നേട്ടം പലര്‍ക്കും ലഭിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വന്ന മാറ്റവും വിപണിയിലെ ഇപ്പോഴുള്ള ഇടിവും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ഓഹരി വിപണിയിലെ നിക്ഷേപം ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാണ് എന്നറിയാമെങ്കിലും വിപണിയില്‍ ഇടിവ് നേരിടുമ്പോള്‍ നിക്ഷേപിക്കാതെ മാറി നില്‍ക്കുകയും ഉയര്‍ന്ന സമയത്ത് നിക്ഷേപിക്കുകയും ചെയ്യുന്ന രീതിയാണ് പലപ്പോഴും കണ്ടുവരുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ ചിന്തിച്ചാല്‍ ഒരു സാധനത്തിന്‍റെ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ വാങ്ങി അവയുടെ വില കൂടുമ്പോള്‍ വില്‍ക്കുകയല്ലേ ചെയ്യാറ്. ഇതേ രീതിയില്‍ തന്നെയാണ് ഓഹരി വിപണികളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിപണിയുടെ തിരിച്ചുവരവ് എപ്പോഴായിരിക്കും എന്നത് പ്രവചനാതീതമായതുകൊണ്ട് തന്നെ കുറഞ്ഞത് നാലോ അഞ്ചോ വര്‍ഷം മുമ്പില്‍ കണ്ടുവേണം നിക്ഷേപിക്കാന്‍. അങ്ങനെ ആയാല്‍ ഈ കാലയളവിനുള്ളില്‍ ഉദ്ദേശിച്ച വളര്‍ച്ച ലഭിക്കുമ്പോള്‍ ലാഭം എടുക്കാന്‍ ആകും. കഴിഞ്ഞ 12 വര്‍ഷത്തെ ഓഹരി വിപണിയിലെ ശരാശരി വളര്‍ച്ച 14 15 ശതമാനത്തിന് ഇടയിലാണ്. വിവിധ കാലഘട്ടങ്ങളില്‍ ഉണ്ടായിട്ടുള്ള വന്‍ തകര്‍ച്ചകള്‍ കൂടി പരിഗണിച്ചുള്ള വളര്‍ച്ചയാണിത്. അതുപോലെ കഴിഞ്ഞ 30 വര്‍ഷത്തില്‍ 13 ശതമാനത്തിന് മുകളില്‍ ഓഹരി വിപണി ലാഭം നല്‍കിയിട്ടുണ്ട്.

സ്ഥിരനിക്ഷേപങ്ങളുടെ കഴിഞ്ഞ 12 വര്‍ഷത്തെ ശരാശരി വളര്‍ച്ച 6% മുതല്‍ 8% വരെയാണെങ്കില്‍ പിപിഎഫ് പോലുള്ള ഗവണ്‍മെന്‍റ് സ്കീമുകളുടെ വളര്‍ച്ച 7% മുതല്‍ 8 ശതമാനം വരെയാണ്. അതായത് നഷ്ടസാധ്യത തീരെ ഇല്ലാത്ത നിക്ഷേപങ്ങള്‍ എട്ടു ശതമാനം വരെ വളര്‍ച്ച നല്‍കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് ഓഹരി വിപണി നല്‍കുന്നത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താനും റിസ്ക് എടുക്കാന്‍ കഴിയുന്നവര്‍ക്കും ഓഹരി അധിഷ്ഠിത നിക്ഷേപം ഒരു പ്രധാന നിക്ഷേപ സമാഹരണ മാര്‍ഗമായി പരിഗണിക്കാവുന്നതാണ് എന്ന് സാരം.

LEAVE A REPLY

Please enter your comment!
Please enter your name here